നിങ്ങളുടെ അടുത്ത തലമുറകളും മൂകാംബിക ദേവിയുടെ വിശ്വാസികള്‍ ആവണമെങ്കില്‍ ദ കേരള സ്റ്റോറി കാണൂ; കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രപരിസരത്ത് ‘ദ കേരള സ്റ്റോറി’ യുടെ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ്

വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയിലായിരുന്നു ‘ദ കേരള സ്റ്റോറി’ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. കേരളത്തിലും തമിഴ്‌നാട്ടിലും വലിയ രീതിയില്‍ ചിത്രത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിനിടെ ഇപ്പോഴിതാ ‘ദ കേരള സ്റ്റോറി’ കാണണമെന്ന ആഹ്വാനവുമായി കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രപരിസരത്ത് കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ്. ക്ഷേത്രത്തിന്റെ പിന്‍വശത്തെ ഗേറ്റിന് സമീപമാണ് ഫ്ളക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.

”മലയാളി വിശ്വാസികള്‍ക്ക് മൂകാംബിക ക്ഷേത്രത്തിലേക്ക് സ്വാഗതം. നിങ്ങളുടെ അടുത്ത തലമുറകളും മൂകാംബിക ദേവിയുടെ വിശ്വാസികള്‍ ആവണമെങ്കില്‍ ദ കേരള സ്റ്റോറി കാണൂ” എന്നാണ് ഫ്‌ളക്‌സിലുള്ളത്.

ഒരു സംഘടനയുടെയോ വ്യക്തിയുടേയോ പേര് പരാമര്‍ശിക്കാതെ ഫ്ളക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ക്ഷേത്രത്തിന് പുറത്താണ് ബോര്‍ഡെന്നും ആരാണ് സ്ഥാപിച്ചതെന്ന് അറിയില്ലെന്നും ക്ഷേത്രം മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖര്‍ ഷെട്ടി പറഞ്ഞു.

കേരളത്തില്‍ നിന്നും 32,000 സ്ത്രീകളെ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട് എന്ന പ്രമേയമാണ് പ്രതിഷേധത്തിന് കാരണമായത്. കേരളത്തില്‍ വിരലിലെണ്ണാവുന്ന തിയേറ്ററുകളില്‍ മാത്രമേ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നുള്ളു. തമിഴ്‌നാട്ടിലും ബംഗാളിലും ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Noora T Noora T :