ജാമ്യം തന്നില്ലെങ്കിൽ കമ്പനിയില്‍ ജോലി ചെയ്യുന്ന 250 പേര്‍ തെരുവിലിറങ്ങുമെന്ന് സഞ്ജനയുടെ ഭീഷണി

ബെംഗളൂരു പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍നിന്നു വിഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയില്‍ ഹാജരായ സഞ്ജന, തന്റെ രക്തസമ്മര്‍ദത്തില്‍ ഇടയ്ക്കിടെ വ്യതിയാനം ഉണ്ടാകുന്നുണ്ടെന്നും അതിനാല്‍ ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ലഹരി റാക്കറ്റ് കേസില്‍ അറസ്റ്റിലായ നടി സഞ്ജനയുടെയും ഐടി ജീവനക്കാരന്‍ പ്രതീക് ഷെട്ടിയുടെയും ജുഡീഷ്യല്‍ കസ്റ്റഡി 30 വരെ നീട്ടി. നടിക്കെതിരായ കുറ്റമെന്തെന്നു സിസിബി വ്യക്തമാക്കിയിട്ടില്ലെന്നു സഞ്ജനയുടെ അഭിഭാഷകന്‍ വാദിച്ചു.

തന്റെ കമ്പനിയില്‍ ജോലി ചെയ്യുന്ന 250 പേര്‍ തനിക്കായി തെരുവിലിറങ്ങുമെന്ന് നടി ഭീഷണി മുഴക്കിയെങ്കിലും എസിഎംഎം കോടതി റിമാന്‍ഡ് നീട്ടുകയായിരുന്നു. ലഹരി കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാനെത്തിയ കര്‍ണാടക കോണ്‍ഗ്രസ് മുന്‍ എംഎല്‍എ ആര്‍.വി. ദേവരാജിന്റെ മകനും ബെംഗളൂരു നഗരസഭ കോര്‍പറേറ്ററുമായ യുവരാജ്, നടന്‍മാരായ അകുല്‍ ബാലാജി, ആര്യന്‍ സന്തോഷ് എന്നിവര്‍ തങ്ങള്‍ നിരപരാധികളാണെന്ന് അവകാശപ്പെട്ടു.

പ്രതികളില്‍ ഒരാളായ വൈഭവ് ജെയ്‌നുമായുള്ള ബന്ധം അറിയാനാകും തന്നെ വിളിപ്പിച്ചതെന്നു ആര്യന്‍ സന്തോഷ് പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പു ബെംഗളൂരുവിലെത്തിയപ്പോള്‍ വീട് വാടകയ്‌ക്കെടുക്കാന്‍ വൈഭവ് സഹായിച്ചിരുന്നു. തെറ്റൊന്നും ചെയ്യാത്തതിനാല്‍ ഭയമില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബാലാജി പറഞ്ഞു.

Noora T Noora T :