അസാധാരണമായ നേട്ടം, വരും വർഷങ്ങളിൽ മനസ്സിൽ തങ്ങിനിൽക്കുന്ന ഗാനമായിരിക്കും ഇത്; പ്രധാനമന്ത്രി മോദി

95-ാമത് ഓസ്‌കാർ പുരസ്‌കാര വേദിയിൽ ചരിത്ര നേട്ടവുമായി ഇന്ത്യ. മികച്ച ഡോക്യൂമെന്ററി ഹ്രസ്വചിത്രം, മികച്ച ഒർജിനൽ സോങ്ങ് എന്നീ വിഭാഗങ്ങളിലാണ് രാജ്യം തിളങ്ങിയത്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനം ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ്. നേരത്തെ ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവും ലഭിച്ചിരുന്നു.റിഹാന, ലേഡി ഗാഗ തുടങ്ങിയ പാശ്ചാത്യ സംഗീതത്തിലെ ഇതിഹാസ താരങ്ങളെ പിന്തള്ളിയാണ് പുരസ്‌കാരം സ്വന്തമാക്കിയത്.

വിജയികളെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി വിജയികളെ അഭിനന്ദിച്ചത്.

ആര്‍.ആര്‍.ആര്‍ സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനം ഓസ്കാര്‍ നേടിയതില്‍ അണിയറക്കാരെ മോദി അഭിനന്ദിച്ചു. അസാധാരണമായ നേട്ടമാണ് ഇത്. ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന്‍റെ ജനപ്രീതി ഇന്ന് ആഗോളതലത്തിലാണ്. വരും വർഷങ്ങളിൽ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു ഗാനമായിരിക്കും അത്. ഇതിന്‍റെ വിജയത്തില്‍ അണിയറക്കാര്‍ക്ക് അഭിനന്ദനം അറിയിക്കുന്നുവെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഓസ്കാറിന്‍റെ ഔദ്യോഗിക ട്വീറ്റ് റീട്വീറ്റ് ചെയ്താണ് മോദിയുടെ അഭിനന്ദനം.

അതേ സമയം തന്നെ ഓസ്കര്‍ വേദിയില്‍ ഇന്ത്യക്ക് അഭിമാനമായിരിക്കുകയാണ് എലിഫന്‍റ് വിസ്പേറേഴ്സ്. കാര്‍ത്തിനി ഗോണ്‍സാല്‍വെസ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം ബെസ്റ്റ് ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിമിനുള്ള ഓസ്കറാണ് നേടിയിട്ടുള്ളത്.

ഇതിന്‍റെ നേട്ടത്തിലും പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. ‘ദി എലിഫന്റ് വിസ്‌പറേഴ്‌സ്’ മുഴുവൻ ടീമിനും അഭിനന്ദനം അറിയിക്കുന്നു. സുസ്ഥിര വികസനത്തിന്റെയും പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിന്റെയും പ്രാധാന്യം അവരുടെ ഡോക്യുമെന്‍ററി മനോഹരമായി ഉയര്‍ത്തി കാട്ടുന്നുണ്ട് എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

Noora T Noora T :