ബാലയുടെ ആരോഗ്യസ്ഥിതി ഇപ്പോൾ സ്റ്റേബിൾ ആണ്, മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് തോന്നുന്നത്.. ലിവർ മാറ്റി വെയ്‌ക്കേണ്ടി വരും; ഡോക്ടർ പറയുന്നു

നടൻ ബാല ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ ആണ്. നിലവിൽ ഐസിയുവിൽ കഴിയുന്ന ബാല ഗുരുതരമായ അവസ്ഥ തരണം ചെയ്തു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തികളാഴ്ച രാത്രിയാണ് ബാലയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നത്. സംസാരിക്കുന്നതിനോ മറ്റും പ്രശ്നങ്ങൾ ഇല്ലെന്നും പേടിക്കേണ്ട സാഹചര്യം ഇല്ലെന്നും ബാലയെ ആശുപത്രിയിൽ സന്ദർശിച്ച ഉണ്ണി മുകുന്ദൻ അടക്കമുള്ള സുഹൃത്തുക്കൾ പറഞ്ഞിരുന്നു. രോഗത്തെ അതിജീവിച്ച് ബാല ശക്തമായി തിരിച്ചെത്തുമെന്ന പ്രതീക്ഷ തന്നെയാണ് എല്ലാവരും പങ്കുവയ്ക്കുന്നതും.

ഇപ്പോഴിതാ ബാലയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കുവച്ചിരിക്കുകയാണ് ബാലയെ ചികിത്സിക്കുന്ന കരൾ രോഗ വിദഗ്‌ധനായ ഡോക്ടർ സുധീദ്രൻ. രണ്ടു ദിവസമായി ആരാധകരിൽ നിന്ന് ഉയരുന്ന നിർണായക ചോദ്യങ്ങൾക്കെല്ലാമുള്ള മറുപടി അദേഹത്തിന്റെ വാക്കുകളിലുണ്ട്. കരൾ മാറ്റിവയ്ക്കൽ മാത്രമാണോ ഇനിയുള്ള വഴിയെന്നതടക്കം അദ്ദേഹം സംസാരിക്കുന്നുണ്ട്.

ആശുപതിയിൽ എത്തിക്കുന്ന സമയത്ത് ബാലയുടെ അവസ്ഥ അൽപം മോശം ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിറോസിസ് ബാധിച്ച കരൾ മാറ്റിവയ്ക്കുന്നതാണ് ഏറ്റവും നല്ലത്. വർഷങ്ങളോളം ഉള്ള ഡാമേജ് ആയതുകൊണ്ട് മരുന്നിലൂടെ മാറ്റുക എന്നത് പ്രയാസമാണ്. അതിന് എഫക്ടീവ് ആയ മരുന്ന് ഇല്ല. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ തന്നെയാണ് നല്ലതെന്ന് അദ്ദേഹം വ്യക്തമാക്കി.

ബാലയുടെ ആരോഗ്യസ്ഥിതി ഇപ്പോൾ സ്റ്റേബിൾ ആണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് തോന്നുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോൾ ബോധമുണ്ടായിരുന്നു, പക്ഷേ നോർമൽ അല്ലായിരുന്നു. നടന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ലിവർ മാറ്റി വെയ്‌ക്കേണ്ടി വരുമെന്ന് തന്നെയാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലിവർ ട്രാൻസ്പ്ലാന്റേഷൻ എന്നത് ഒരു മേജർ ഓപറേഷനാണ്. രോഗിയുടെ കരൾ ശരീരത്തിൽ നിന്നും മാറ്റിയതിനു ശേഷമാണ് പുതിയ അവയവം വെയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കരൾ രോഗം ആദ്യമേ കണ്ടു പിടിച്ച് അതിന് ഇടയാക്കുന്ന കാര്യങ്ങൾ ഒഴിവാക്കിയാൽ തനിയെ അത് സ്റ്റേബിളായി മാറും. ലിവറിന്റെ പകുതുയിലധികവും ഡാമേജ് ആയിരിക്കുന്ന ആളുകൾക്ക് അത് മാറ്റിവയ്ക്കാതെ എത്രനാൾ മുന്നോട്ട് പോവാനാകുമെന്ന് അങ്ങനെ പറയാൻ സാധിക്കാത്ത കാര്യമാണ്. കാരണം അത്തരത്തിൽ ഉള്ള ആളുകൾക്ക് രോഗപ്രതിരോധ ശേഷി കുറയാൻ സാധ്യതയുണ്ട്. അങ്ങനെയാകുമ്പോൾ ഇൻഫെക്ഷനുകൾക്കുള്ള സാധ്യത കൂടും.

അതുപോലെ ബ്ലീഡിങ്ങിനുള്ള സാധ്യതകളും ഉണ്ട്. ശരീരത്തിലെ ബ്ലഡിനെ ക്ളോട്ട് ചെയ്യാനുള്ള കാര്യങ്ങൾ ഏറെയും ഉല്പാദിപ്പിക്കുന്നത് ലിവർ ആണ്. അതില്ലാതാകുമ്പോൾ ബ്ലീഡിങ് കൂടും. അങ്ങനെ ഇൻഫെക്ഷനോ ബ്ലീഡിങ്ങോ വന്നാൽ അതും രോഗിയെ ബാധിക്കും. ആ ഒരു അവസ്ഥ നാളെയാണോ അതോ ഒരു വർഷം കഴിഞ്ഞാണോ വരികയെന്നൊന്നും പറയാൻ സാധിക്കുന്നതല്ലെന്നും ഡോക്ടർ പറഞ്ഞു.

Noora T Noora T :