അന്നൊരു പതിമൂവായിരം രൂപയും മരുന്ന് മേടിക്കാനൊരു അയ്യായിരം രൂപയും തന്നു, പിന്നീട് പതിനായിരത്തിന്റെ ചെക്കാണ് പുള്ളി തന്നത്, എല്ലാം ശരിയാക്കാമെന്ന് പറയുകയും ചെയ്തു; സത്യാവസ്ഥ വെളിപ്പെടുത്തി മോളി കണ്ണമാലി

നടി മോളി കണ്ണമാലിയ്ക്ക് ബാല നൽകിയ സഹായം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ആശുപത്രിയിൽ പ്രവേശിക്കുന്നതിന് തൊട്ടുമുൻപായാണ് വീട്ടിൽ തന്നെ കാണാനെത്തിയ മോളിക്ക് താരം സഹായമായി പണം നൽകിയത്. പത്ത് ലക്ഷം രൂപയാണ് ബാല നൽകിയതെന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇപ്പോൾ അതിൽ പ്രതികരണവുമായി മോളി കണ്ണമാലി തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്.

ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മോളി കണ്ണമാലിയും മകനും സത്യാവസ്ഥ തുറന്ന് പറയുകയാണ്

നല്ലവരായ ജനങ്ങളുടെ സഹായത്തിന് എനിക്ക് നന്ദിയുണ്ട്. കൂടുതല്‍ നന്ദിയുള്ളത് ഫിറോസിനോടാണ്. ആരും ചെയ്യാത്തതാണ് പുള്ളി ചെയ്തത്. രണ്ട് മക്കളും മത്സ്യത്തൊഴിലാളികളാണ്. ഇത് ജപ്തി ചെയ്യാന്‍ പോവുകയാണെന്ന് എനിക്കറിയില്ലായിരുന്നുവെന്നാണ് മോളി പറയുന്നത്. പിന്നാലെ ജപ്തിയിലേക്ക് എത്താനുള്ള കാരണം മകന്‍ വ്യക്തമാക്കുകയാണ്.

അമ്മച്ചിയ്ക്ക് മുമ്പ് അറ്റാക്ക് വന്നിരുന്നു. അന്ന് ആശുപത്രിയില്‍ കൊടുക്കാന്‍ പണം കടം വാങ്ങിയിരുന്നു. ബാങ്കില്‍ വീട് പണയം വെക്കുകയും ചെയ്തിരുന്നു. കൃത്യമായി അടച്ച് വരികയായിരുന്നു. ആ സമയത്താണ് കൊറോണ വന്നത്. പിന്നെ ഹോസ്പിറ്റല്‍ കേസുമൊക്കെയായി. അങ്ങനെ അടക്കാനാകാതെ വന്നു. അത് പലിശയും കൂട്ടു പലിശയുമായി. അദാലത്തുണ്ടെന്ന് പറഞ്ഞു വിളിച്ചു. ഞാനും ഭാര്യയും കൂടെയാണ് പോയത്.

അവസാന തിയ്യതി പറഞ്ഞിരിക്കുന്നത് ഈ പതിമൂന്നാം തിയ്യതിയാണ്. അപ്പോഴേക്കും പകുതി അടക്കണം. 20 ന് മൊത്തം അടക്കണം. അല്ലെങ്കില്‍ ജപ്തിയാണെന്നാണ് ബാങ്കില്‍ നിന്നും അറിയിച്ചിരിക്കുന്നത്. അമ്മച്ചിയെ ശരിയായി വരുന്നേയുള്ളൂ. അമ്മച്ചിയേയും കൂട്ടി പുറത്തേക്ക് ഇറങ്ങാനാകില്ല. അതൊക്കെ പറഞ്ഞുവെങ്കിലും അവര്‍ സമ്മതിച്ചില്ല. മുകളില്‍ നിന്നുമുള്ള ഉത്തരവാണെന്നാണ് പറയുന്നത്.

അങ്ങനെയാണ് സിനിമാ നടന്‍ ബാല സാറിനെ കാണാന്‍ പോകുന്നത്. നേരത്തെ അമ്മച്ചി ആശുപത്രിയിലായിരുന്നപ്പോള്‍ ഞങ്ങളെ ഒന്ന് സഹായിച്ചതാണ്. അന്നൊരു പതിമൂവായിരം രൂപയും പിന്നെ മരുന്ന് മേടിക്കാനൊരു അയ്യായിരം രൂപയും തന്നതാണ്. അതിനാല്‍ അദ്ദേഹത്തെ കാണാനായി പോയി. അമ്മച്ചിയെ ഡോക്ടറെ കാണിച്ച് വരുന്ന വഴിയാണ് കണ്ടത്. രാത്രിയാണ്. കുറേ കാത്തു നിന്നാണ് അദ്ദേഹത്തെ കണ്ടത്.

അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്തു. അമ്മച്ചിയുടെ കൂടെ വീഡിയോ എടുക്കണമെന്ന് പറഞ്ഞതിനാല്‍ വീഡിയോ എടുത്തു. കാര്യങ്ങളൊക്കെ നമുക്ക് ചെയ്യാമെന്ന് പറഞ്ഞിരുന്നു. ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇട്ടിട്ടുണ്ട്. പതിനായിരത്തിന്റെ ചെക്കാണ് പുള്ളി തന്നത്. എല്ലാം ശരിയാക്കാമെന്ന് പറയുകയും ചെയ്തു. ബാങ്കില്‍ നിന്നും വിളിച്ചപ്പോള്‍ ബാല സാര്‍ വിളിച്ചിരുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ ആരും വിളിച്ചിട്ടില്ല ഞങ്ങള്‍ മുന്നോട്ട് പോവുകയാണെന്നാണ് പറഞ്ഞത്.

ഫെയ്‌സ്ബുക്കില്‍ ബാല സാര്‍ ഇട്ടപ്പോഴേക്കും മുഴുവന്‍ പൈസയും തന്നുവെന്നൊക്കെ വ്യാജ വാര്‍ത്ത വരുന്നുണ്ടെന്നും മകന്‍ പറയുന്നു. ”ഞാന്‍ കൈകൂപ്പി ബാലയോട് പറഞ്ഞത് ഒരു കാര്യം മാത്രമാണ്. എന്റെ പൊന്നുമോന്‍ ദൈവത്തെ ഓര്‍ത്ത് എന്നെയൊന്ന് രക്ഷപ്പെടുത്തീ താ എന്നാണ് പറഞ്ഞത്” എന്നാണ് മോളി കണ്ണമാലി പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്ത വന്നതോടെ എല്ലാവരും കരുതിയത് ബാല എല്ലാം ശരിയാക്കിയെന്നാണ്. എന്നാല്‍ ബാങ്കിലേക്ക് ആരും വിളിച്ചിട്ടില്ല. ജപ്തി ഉറപ്പിച്ചിരിക്കുകയാണെന്നാണ് ബാങ്കില്‍ നിന്നും പറയുന്നത്. താനും മക്കളും എന്താണ് ചെയ്യുക എന്നാണ് മോളി കണ്ണമാലി ചോദിക്കുന്നത്. താരങ്ങളൊന്നും സഹായിക്കാനില്ലെന്നും മകന്‍ പറയുന്നുണ്ട്. അഞ്ചര ലക്ഷം രൂപയാണ് ബാങ്കില്‍ അടക്കാനുള്ളതെന്നും മകന്‍ പറയുന്നു.

Noora T Noora T :