നടൻ ഫഹദ് ഫാസിലിന്റെ മൊഴിയെടുത്ത് ആദായ നികുതി വകുപ്പ്

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നടന്‍ മോഹൻലാലിൻറെ മൊഴി എടുത്തതിന് പിന്നാലെ
ഫഹദ് ഫാസിലിന്റെ മൊഴിയും രേഖപ്പെടുത്തി. ഫഹദ് ഫാസില്‍ ഉള്‍പ്പെട്ട സിനിമ നിര്‍മ്മാണ സ്ഥാപനത്തില്‍ നേരത്തെ പരിശോധന നടത്തിയിരുന്നു. ഈ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താനാണ് ഫഹദ് ഫാസിലിനെ ആദായ നികുതി വകുപ്പ് വിളിച്ചു വരുത്തിയത്.

സിനിമയ്ക്കായി വാങ്ങിയ അഡ്വാന്‍സ് തുകകളുമായി ബന്ധപ്പെട്ടും മറ്റു ഇതര ഭാഷാ, ഒ.ടി.ടി. സിനിമകള്‍ക്കു ലഭിച്ച പ്രതിഫലവുമായി ബന്ധപ്പെട്ടുമുള്ള വ്യക്തത ലഭിക്കാനാണ് ഐ.ടി. വകുപ്പ് ഫഹദിനെ വിളിച്ചുവരുത്തിയത്. കണക്കുകളില്‍ വ്യക്തത വരുത്താനാണ് വിളിപ്പിച്ചതെന്ന് ഫഹദ് ഫാസില്‍ ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.

സിനിമയുമായി ബന്ധപ്പെട്ട് പല വിഭാഗങ്ങളില്‍നിന്നുമായി ഫഹദ് വലിയ തുക അഡ്വാന്‍സ് വാങ്ങിയിരുന്നു. എന്നാല്‍ തിരക്കുകാരണം പല സിനിമകളിലും ഫഹദിന് അഭിനയിക്കാനായില്ല. കോടിക്കണക്കിനു രൂപ വരുന്ന അഡ്വാന്‍സ് തുക വരുമാനത്തില്‍ ചേര്‍ത്തിട്ടില്ല എന്നതാണ് ആദായ നികുതി വകുപ്പ് ഫഹദിനെതിരേ ചുമത്തിയിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് ഫഹദ് കൊച്ചിയിലെ ഐ.ടി. വകുപ്പ് ഓഫീസിലെത്തിയത്.

മലയാള സിനിമാ മേഖലയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 225 കോടിയുടെ കള്ളപ്പണ ഇടപാടുകളാണ്. നികുതിയായി നല്‍കേണ്ട 72 കോടി രൂപ മറച്ചുവെച്ചുവെന്നാണ് കണ്ടെത്തല്‍. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവരുടെ നിര്‍മ്മാണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
പ്രമുഖ താരങ്ങള്‍ അടക്കമുള്ളവര്‍ വിദേശത്ത് സ്വത്തുക്കള്‍ വാങ്ങിയതിലും ക്രമക്കേട് കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. ഡിസംബര്‍ മുതല്‍ മലയാള സിനിമാ നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട താരങ്ങളുടെയും നിര്‍മ്മാതാക്കളുടെയും വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിവരികയായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

നടന്‍ മോഹന്‍ലാലിന്റെ മൊഴി ആദായ നികുതി വകുപ്പ് ദിവസങ്ങള്‍ക്ക് മുമ്പ് രേഖപ്പെടുത്തിയിരുന്നു. മോഹന്‍ലാലും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള സാമ്പത്തിക ഇടപാടിലായിരുന്നു അന്വേഷണം. മോഹന്‍ലാലിന്റെ കുണ്ടന്നൂരിലെ ഫഌറ്റിലെത്തിയാണ് മൊഴിയെടുത്തത്.

Noora T Noora T :