സംവിധായിക നയന സൂര്യയുടെ മരണം; അന്വേഷണത്തിനായി മെഡിക്കൽ ബോര്‍ഡ് രൂപീകരിക്കും

സംവിധായിക നയന സൂര്യന്റെ മരണത്തിൽ അന്വേഷണത്തിനായി മെഡിക്കൽ ബോര്‍ഡ് രൂപീകരിക്കും. ആത്മഹത്യാ സാധ്യത ഫൊറൻസിക് സർജൻ ഡോ. ശശികല തള്ളിക്കളയാത്ത സാഹചര്യത്തിലാണു ക്രൈംബ്രാഞ്ചിന്റെ നടപടി.

നയനയുടെ കഴുത്തിലുണ്ടായിരുന്ന മുറിവുകൾ കുരുക്കിട്ടപ്പോൾ സംഭവിച്ചതാകാമെന്നാണു ഡോക്‌ടറുടെ മൊഴി. റിപ്പോർട്ടുകളുടെ വ്യക്തതയ്ക്കു വേണ്ടിയാണു മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നത്.

2019 ഫെബ്രുവരി 24നാണു യുവ സംവിധായിക നയന സൂര്യനെ തിരുവനന്തപുരം ആല്‍ത്തറയിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കേസ് ആദ്യം അന്വേഷിച്ചത് മ്യൂസിയം പൊലീസായിരുന്നു.

നയനയുടേതു കൊലപാതകമല്ലെന്നും നയനയ്ക്കു സ്വയം പരുക്കേൽപ്പിച്ച് ആനന്ദം കണ്ടെത്തുന്ന പ്രത്യേകതരം മാനസിക അസ്വാസ്ഥ്യമുണ്ടെന്നുമായിരുന്നു മ്യൂസിയം പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ, മരണം കൊലപാതകമാകാമെന്ന സംശയം ബലപ്പെടുത്തുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണു തുടരന്വേഷണ സാധ്യത പരിശോധിച്ചത്.

ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്. ജനുവരി അഞ്ചിനാണു കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നായിരുന്നു ഡിസിആർബി അസി.കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ട്.

നയന സ്വയം പരുക്കേൽപ്പിച്ചുവെന്നു ഫൊറൻസിക് റിപ്പോർട്ട് സ്ഥിരീകരിക്കുന്നില്ലെന്നും മുൻവാതിൽ അടച്ചിരുന്നുവെങ്കിലും ബാൽക്കണി വാതിൽ വഴി ഒരാൾക്കു രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

Noora T Noora T :