കാന്‍ ചലച്ചിത്രോത്സവത്തില്‍ പലസ്തീന് ഐക്യദാര്‍ഢ്യവുമായി കനി കുസൃതി; ശ്രദ്ധ നേടി ‘തണ്ണിമത്തന്‍’ ബാഗ്

കാന്‍ ചലച്ചിത്രോത്സവത്തില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ‘തണ്ണിമത്തന്‍’ ബാഗുമായി കനി കുസൃതി. പായല്‍ കപാഡിയ സംവിധാനം ചെയ്ത ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ചാണ് കനി കുസൃതിയും ദിവ്യ പ്രഭയും കാന്‍ വേദിയിലെത്തിയത്.

സിനിമയുടെ നിറഞ്ഞ തിയേറ്ററിലെ പ്രദര്‍ശനത്തിന് ശേഷം ചിത്രത്തിലെ താരങ്ങള്‍ റെഡ് കാര്‍പറ്റില്‍ അണിനിരന്നു. ഐവറി നിറത്തിലുള്ള ഗൗണായിരുന്നു കനി കുസൃതിയുടെ ഔട്ട്ഫിറ്റ്. ഇതിനൊപ്പം ഹാങിങ് കമ്മലും വെള്ള നിറത്തിലുള്ള ഷൂവും കനി ധരിച്ചിരുന്നു.

അതിലുപരി കനി കൈയില്‍ പിടിച്ച ബാഗാണ് ലേകത്തിന്റെ ശ്രദ്ധ കവര്‍ന്നത്. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തന്റെ ഡിസൈനാണ് ഈ ബാഗിന് നല്‍കിയിരിക്കുന്നത്. കനി ഈ ബാഗും പിടിച്ച് നില്‍ക്കുന്ന ചിത്രം നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇസ്രയേല്‍ യുദ്ധത്തില്‍ പലസ്തീനോടുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനുള്ള പ്രതീകമായാണ് തണ്ണിമത്തനെ ലോകം നോക്കിക്കാണുന്നത്.

പലസ്തീനിലെ ഇസ്രയേല്‍ അധിനിവേശത്തിനെതിരെയുള്ള പ്രതിഷേധ സൂചകമായിരുന്നു തണ്ണി മത്തന്‍. ലോക വ്യാപകമായി പലസ്തീന്‍ അനുകൂല റാലികളിലെല്ലാം തണ്ണിമത്തന്റെ ചിത്രങ്ങളോട് കൂടി കൊടികളും ഫഌ്‌സുകളും ഇമോജികളും പ്രചരിച്ചിരുന്നു. തണ്ണിമത്തന്റെ നിറങ്ങളായ ചുവപ്പ്, വെളുപ്പ്, കറുപ്പ്, പച്ച എന്നിവയാണ് പലസ്തീന്‍ പതാകയിലുള്ള നിറങ്ങള്‍.

1967 ലെ യുദ്ധത്തിന് ശേഷം വെസ്റ്റ് ബാങ്കിന്റെയും ഗാസയുടെയും കിഴക്കന്‍ ജറുസലേമിന്റെയും നിയന്ത്രണം ഇസ്രയേല്‍ പിടിച്ചെടുത്തപ്പോള്‍, അധിനിവേശ പ്രദേശങ്ങളില്‍ പലസ്തീന്‍ പതാക പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത് കുറ്റകരമാക്കിയിരുന്നു. ഇതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് ഫലസ്തീനികള്‍ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി തണ്ണിമത്തന്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്.

Vijayasree Vijayasree :