മത്സരാർത്ഥിക്ക് നേരെ ജാതി അധിക്ഷേപം; ഹിന്ദി ബിഗ്ബോസ് സീസണ്‍ 16നെതിരെ പട്ടിക ജാതി കമ്മീഷന്‍ നടപടി

ബിഗ് ബോസ് 16-ാം സീസണിൽ മത്സരാർഥിയെ ജാതീയമായി അധിക്ഷേപം നടത്തിയതിന് പിന്നാലെ നടപടിയെടുക്കാനൊരുങ്ങി ദേശീയ പട്ടിക ജാതി കമ്മീഷന്‍ (എന്‍സിഎസ്സി). ബുധനാഴ്ച ടെലിക്കാസ്റ്റ് ചെയ്ത എപ്പിസോഡിലാണ് സംഭവം. വികാസ് മണക്തല എന്ന മത്സരാര്‍ത്ഥിക്കെതിരെ സഹമത്സരാര്‍ത്ഥിയായ അര്‍ച്ചന ഗൗതമാണ് ജാതി അധിക്ഷേപം നടത്തിയത്. വിഷയത്തില്‍ എന്‍സിഎസ്സി മഹാരാഷ്ട്ര സര്‍ക്കാര്‍, സംസ്ഥാന പൊലീസ്, പ്രക്ഷേപണ മന്ത്രാലയം, ഷോ പ്രൊഡ്യൂസര്‍മാരായ എന്‍റമോള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, വയകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, കളേര്‍സ് ടിവി എന്നിവര്‍ക്ക് ദേശീയ പട്ടിക ജാതി കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

എന്‍ സി എസ് സി നോട്ടീസ് പ്രകാരം അർച്ചനയുടെ പരാമര്‍ശം ഇന്ത്യന്‍ ശിക്ഷനിയമം അനുസരിച്ചും എസ് സി, എസ് ടി നിയമപ്രകാരവും ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 338 പ്രകാരം കമ്മീഷന്‍റെ അധികാരം ഉപയോഗിച്ച് ഇതില്‍ അന്വേഷണം നടത്താം. വിഷയത്തില്‍ ഏഴ് ദിവസത്തിനുള്ളില്‍ എന്ത് നടപടി എടുത്തുവെന്ന് അറിയിക്കാന്‍ നോട്ടീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെട്ട മാത്സരാർഥിയാണ് അര്‍ച്ചന ഗൗതം. അടുക്കളയില്‍ പാചകവുമായി ബന്ധപ്പെട്ട നടന്ന തര്‍ക്കമാണ് വഴക്കിലെത്തിയത്. താൻ പാചകം ചെയ്യുന്നത് തടസപ്പെടുത്തിയതിന് അർച്ചന വികാസിനോട് ദേഷ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ജാതി പരാമര്‍ശം വികാസ് നടത്തിയത്.

Noora T Noora T :