യുവ നടിമാര്‍ക്കെതിരെ ലൈംഗിക അതിക്രമം; പൊലീസ് അന്വേഷണം തുടങ്ങി, സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ യുവ നടിമാര്‍ക്കെതിരെ ലൈംഗിക അതിക്രമം നടന്നതിന് പിന്നാലെ പൊലീസ് അന്വേഷണം തുടങ്ങി. നിർമാതാക്കളിൽ നിന്ന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അതിക്രമം നടന്ന ഹൈലൈറ്റ് മാളിൽ പൊലീസ് സംഘമെത്തി. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും.

ഇതിനിടെ അക്രമത്തിന് ഇരയായ, യുവ നടിമാരുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ് നീക്കം തുടങ്ങി. ഇതിനായി വനിതാ പൊലീസുകാർ ഉൾപ്പെട്ട സംഘം കണ്ണൂരിലേക്കും എറണാകുളത്തേക്കും പോയിട്ടുണ്ട്. ഇവരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാകും കേസ് രജിസ്റ്റർ ചെയ്യുക. ഫറോക്ക് എസിപിയാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.

കോഴിക്കോട് സ്വകാര്യ മാളിൽ യുവ നടിമാർക്ക് എതിരെ നടന്ന അതിക്രമം അപലപനീയവും വളരെ ആശങ്ക ഉണ്ടാക്കുന്നതുമാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ. സംഭവത്തിൽ പൊലീസ് ഇടപെട്ട് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി ആവശ്യപ്പെട്ടു.

ഇന്നലെ പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ മാളിൽ എത്തിയപ്പോഴാണ് യുവനടിമാർക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. അക്രമം നേരിട്ട നടിമാരിൽ ഒരാൾ ഫേസ്ബുക്കിൽ കുറിപ്പിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തനിക്കൊപ്പം പ്രമോഷൻ പരിപാടിക്കെത്തിയ മറ്റൊരു സഹപ്രവർത്തകയ്ക്കും സമാന അനുഭവം ഉണ്ടായെന്നും നടി ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

Noora T Noora T :