ഒരു സാധാരണ നിലയിലുള്ള വ്യക്തി ഇത്തരത്തിൽ പ്രതികരിക്കില്ല; തനിക്കൊപ്പമുണ്ടായിരുന്നവർ പറയുന്നത് ലഹരി പോലെ എന്തോ അദ്ദേഹം ഉപയോഗിച്ചിരുന്നുവെന്നാണ്, പരാതിക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

സ്ത്രീത്വത്തെ അപമാനിച്ചെന്ന കാരണത്താൽ നടൻ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ് അഭിമുഖത്തിനിടെ അസഭ്യം പറഞ്ഞ് അപമാനിച്ചുവെന്ന ഓൺലൈൻ മാധ്യമപ്രവർത്തകയുടെ പരാതിയിലാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. കൊച്ചിയിൽ ചട്ടമ്പി എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് സംഭവമുണ്ടായതെന്നും പരാതിക്കാരി മൊഴിയിൽ പറഞ്ഞു

ശ്രീനാഥ് ഭാസിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മാധ്യമപ്രവർത്തക. മോശമായി പെരുമാറിയ ശ്രീനാഥ് ഭാസ് മാപ്പ് പറയുമെന്നാണ് പ്രതീക്ഷിച്ചതെന്നും അതിന് തയ്യാറാകാത്തതിനാലാണ് കേസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു. ഒരു ന്യൂസ് ചാനലിനോടായിരുന്നു പരാതിക്കാരിയുടെ പ്രതികരണം.

ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖ പരിപാടിക്കിടെയായിരുന്നു ശ്രീനാഥ് ഭാസിയിൽ നിന്നും മോശം സമീപനം പരാതിക്കാരിക്ക് നേരിടേണ്ടി വന്നത്. ബുധനാഴ്ചയാണ് അഭിമുഖം ഉണ്ടായത്. ചോദ്യങ്ങൾ ചോദിക്കുന്നതിനിടെ പെട്ടെന്ന് തന്നെ ശ്രീനാഥ് ഭാസി പ്രകോപിതനാവുകയായിരുന്നു.അദ്ദേഹം മദ്യപിക്കുകയോ ലഹരി ഉപയോഗിക്കുകയോ ചെയ്തെന്ന് സംശയമുണ്ടെന്നും പരാതിക്കാരി പറഞ്ഞു.

തനിക്കൊപ്പമുണ്ടായിരുന്നവർ പറയുന്നത് ലഹരി പോലെ എന്തോ അദ്ദേഹം ഉപയോഗിച്ചിരുന്നുവെന്നാണ്. കാരണം ഒരു സാധാരണ നിലയിലുള്ള വ്യക്തി ഇത്തരത്തിൽ പ്രതികരിക്കില്ല. ഇതാദ്യമല്ല ശ്രീനാഥ് ഭാസി ഇങ്ങനെ പെരുമാറുന്നത്. ഇങ്ങനെ മുൻപും ഇയാൾ പെരുമാറിയിട്ടുണ്ട്. ഇനി ഒരിക്കലും ശ്രീനാഥ് ഇത്തരത്തിൽ ആളുകളോട് പെരുമാറാൻ പാടില്ല’,പരാതിക്കാരി പറയുന്നു. ചോദ്യങ്ങൾ ഇഷ്ടമായില്ലെങ്കിൽ അയാൾക്ക് എഴുന്നേറ്റ് പോകാമായിരുന്നു. അതിനുള്ള സ്വാതന്ത്ര്യം അയാൾക്ക് ഉണ്ട്. പക്ഷേ തെറിവിളിക്കാനുള്ള യാതൊരു സ്വാതന്ത്ര്യവും ഇല്ല. തന്നോട് പരാതിയുമായി മുന്നോട്ട് പോകരുതെന്ന് ചട്ടമ്പി സിനിമയുടെ അണിയറ പ്രവർത്തകർ തന്നോട് ആവശ്യപ്പെട്ടിരുന്നു’, പരാതിക്കാരി വ്യക്തമാക്കി.

പരാതി നൽകിയ പിന്നാലെ അഭിമുഖം എടുത്ത സ്ഥലം കാണിച്ച് നൽകാൻ പോയപ്പോൾ അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമാണ് ഉണ്ടായതെന്ന് പരാതിക്കാരി പറഞ്ഞു. നിങ്ങൾ ക്ലിക്ക് ബൈറ്റുകൾക്ക് വേണ്ടി എന്ത് തോന്നിയവാസവും കാണിക്കുന്നവരല്ലെ എന്നതായിരുന്നു ആക്ഷേപമെന്നും പരാതിക്കാരി പറയുന്നു.

സംഭവത്തിൽ മരട് പോലീസാണ് ശ്രീനാഥ് ഭാസിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഉടൻ തന്നെ പോലീസ് നടനെ ചോദ്യം ചെയ്തേക്കും.

അതേസമയം കേസെടുത്തത് സംബന്ധിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് സിനിമയെ കുറിച്ച് ചോദിക്കൂവെന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ പ്രതികരണം.’ എന്റെ സിനിമ മാത്രം കണ്ടാൽ മതി. ആവശ്യത്തിന് ചർച്ചകൾ ഇതിനെ കുറിച്ച് ഇപ്പോൾ നടക്കുന്നുണ്ട്. എന്റെ വ്യക്തി ജീവിതത്തെ കുറിച്ച് അധികം ചർച്ച ചെയ്യേണ്ടതില്ല.എന്റെ ഭാഗത്ത് നിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ല. എന്നെ അപമാനിച്ചതിന്റെ പേരിൽ സാധാരണ മനുഷ്യനെന്ന നിലക്ക് മറുപടി കൊടുത്തിട്ടേയുള്ളൂ.ആരേയും തെറിവിളിച്ചിട്ടില്ല, ആരോടും മോശമായി പെരുമാറിയിട്ടുമില്ല’, ശ്രീനാഥ് ഭാസി പറഞ്ഞു.

Noora T Noora T :