ഭക്ഷണം നൽകുന്നതിനിടെ സീരിയൽ നടിയ്ക്ക് തെരുവ് നായയുടെ കടിയേറ്റു

സംസ്ഥാനത്ത് തെരുവുനായ ആക്രണം രൂക്ഷമാവുകയാണ്. തെരുവിൽ അലഞ്ഞ നടക്കുന്ന നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനിടെആകാശവാണി ആർട്ടിസ്റ്റും സീരിയൽ നടിയുമായ ഭരതന്നൂർ ശാന്തയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.

വലതു കൈപ്പത്തിക്കും വിരലുകൾക്കും സാരമായി പരുക്കേറ്റതിനെ തുടർന്ന് നടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവിൽ അലഞ്ഞ് നടക്കുന്ന നായ്ക്കൾക്കായി ശാന്ത ഭക്ഷണം പാകം ചെയ്ത് കൊടുക്കുന്നത് പതിവാണ്. ഭരതന്നൂർ മാർക്കറ്റും ജംക്‌ഷനും കേന്ദ്രീകരിച്ച് ചുറ്റിത്തിരിയുന്ന 50 ലധികം തെരുവുനായ്ക്കൾക്കായി 5 വർഷമായി ശാന്ത ഭക്ഷണം നൽകാറുണ്ട്.

അതേസമയം, സംസ്ഥാനത്തെ തെരുവുനായ പ്രശ്നം ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. മൃ​ഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് തെരുവുനായ പ്രശ്നവും ഹൈക്കോടതി പരി​ഗണിക്കുന്നത്. ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, ​ഗോപിനാഥ് പി എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്. പ്രശ്നപരിഹാരത്തിന് ഇതുവരെ സ്വീകരിച്ച നടപടികൾ സംസ്ഥാന സർക്കാർ കോടതിയെ അറിയിക്കും

തെരുവുനായകളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കാം. എന്നാൽ ജനങ്ങൾ നിയമം കൈയിലെടുക്കുന്നത് തടയുന്നതിനുള്ള നിർദേശങ്ങൾ പുറത്തിറക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. പ്രശ്നപരിഹാരത്തിന് സ്വീകരിച്ച നടപടികൾ സർക്കാർ ഇന്ന് കോടതിയെ അറിയിക്കും.

Noora T Noora T :