സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തി; രൺവീർ സിങിന്റെ ന​ഗ്ന ചിത്രങ്ങൾ പണി കൊടുത്തു കേസെടുക്കണമെന്ന് പരാതി

കഴിഞ്ഞ ദിവസമായിരുന്നു പേപ്പര്‍ മാഗസിന് വേണ്ടി ആരാധകരെയും ബോളിവുഡിനെയും ഞെട്ടിച്ചു കൊണ്ട് രണ്‍വീര്‍ സിംഗ് നഗ്നന ഫോട്ടോഷൂട്ട് നടത്തിയത്. ഇപ്പോഴിതാ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് രൺവീറിനെതിരെ മുംബൈ പൊലീസിൽ പരാതി ലഭിച്ചിരിക്കുകയാണ്.

താരത്തിന്റെ ന​ഗ്ന ചിത്രങ്ങൾ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി രണ്ടു പരാതികൾ ലഭിച്ചെന്ന് ഒരു ഉദ്യോ​ഗസ്ഥൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. രൺവീറിന്റെ ഫോട്ടോഷൂട്ട് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. കിഴക്കൻ മുംബൈയിൽ നിന്നുളള ഒരു സർക്കാരിതര സംഘടനയുടെ ഭാരവാഹിയും, ഒരു ഒരു വനിതാ അഭിഭാഷകയുമാണ് രൺവീർ സിങിനെതിരെ മുംബൈയിലെ ചെംമ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തന്റെ ഫോട്ടോകളിലൂടെ നടൻ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുകയും അവരുടെ എളിമയെ അപമാനിക്കുകയും ചെയ്തുവെന്ന് എൻ‌ജി‌ഒ ഭാരവാഹി പരാതിയിൽ പറഞ്ഞു.നടനെതിരെ ഐടി നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്യണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.

രൺവീർ സിങിനെതിരെ സ്ത്രീകളുടെ മാന്യതയെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശത്തിൽ കേസെടുക്കണമെന്ന് വനിത അഭിഭാഷക പരാതിയിൽ ആവശ്യപ്പെട്ടു. ‘ഈ വിഷയത്തിൽ തിങ്കളാഴ്ച ഒരു എൻ‌ജി‌ഒയുമായി ബന്ധപ്പെട്ട വ്യക്തിയിൽ നിന്നും ഒരു വനിതാ അഭിഭാഷകയിൽ നിന്നും ഞങ്ങൾക്ക് പരാതി ലഭിച്ചു. ഇതുവരെ എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്തിട്ടില്ല. ഞങ്ങൾ അന്വേഷിക്കുകയാണ്,’ എന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

രൺവീറിന്റെ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവന്നപ്പോൾ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയിരുന്നത്. ഒരു സ്ത്രീയാണ് ഇത്തരത്തില്‍ ഫോട്ടോഷൂട്ട് നടത്തിയതെങ്കില്‍ നിങ്ങളുടെ മനോഭാവം ഇങ്ങനെയായിരിക്കുമോ എന്ന് ചോദിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ബംഗാളി നടിയുമായ മിമി ചക്രവർത്തിയും രം​ഗത്തെത്തിയിരുന്നു.

Noora T Noora T :