വധഭീഷണി; തോക്ക് ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ച് നടൻ സല്‍മാന്‍ ഖാന്‍

വധഭീഷണി ഉയര്‍ന്ന സാഹചര്യത്തിൽ തോക്ക് ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ച് നടൻ സല്‍മാന്‍ ഖാന്‍. തോക്ക് ലൈസന്‍സ് നേടുന്നതിന്റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് ആസ്ഥാനത്തെത്തിയ സല്‍മാന്‍, ഉന്നതപൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഫന്‍സാല്‍ക്കറുമായി കൂടിക്കാഴ്ച നടത്തി.സ്വന്തം സുരക്ഷയും കുടുംബാംഗങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനാണ് സല്‍മാന്‍, തോക്ക് ലൈസന്‍സിന് അപേക്ഷിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫിസിക്കല്‍ വേരിഫിക്കേഷന്‍ നടപടികളുടെ ഭാഗമായാണ് അദ്ദേഹം പോലീസ് ആസ്ഥാനത്തെത്തിയത്. ഗുണ്ടാ തലവൻ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം, ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ധു മുസേവാലയെ കൊലപ്പെടുത്തി ദിവസങ്ങള്‍ക്കുള്ളിലാണ് ​സൽമാനും പിതാവിനും വധഭീഷണി കത്ത് ലഭിച്ചത്.

ജൂണിലാണ് സൽമാനും പിതാവിനുമെതിരെ വധ ഭീഷണി ഉണ്ടായത്. ബാന്ദ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും കത്ത് മുഖാന്തരമാണ് താരത്തിനെതിരെ ഭീഷണി ഉണ്ടായത്. ‘മൂസെവാലയുടെ അവസ്ഥ തന്നെയാകും’ എന്നായിരുന്നു കത്തിൽ കുറിച്ചിരുന്നത്. സലിം ഖാന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ എന്നും നടക്കാന്‍ പോകുന്ന പതിവുണ്ട്. അദ്ദേഹം നടത്തത്തിന് ശേഷം പതിവായി വിശ്രമിക്കാറുള്ള സ്ഥലത്ത് നിന്നും സുരക്ഷാ ഉദ്യോഗസ്ഥരാണ് കത്ത് കണ്ടെത്തിയത്. സംഭവത്തിൽ ഇരുവരുടെയും മൊഴിയും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Noora T Noora T :