നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് തുറന്ന ആ കള്ളൻ, ഫോൺ കോൾ പരിശോധനയിൽ കണ്ടത്!അന്വേഷണം നീളുന്നന്നത് 10 പേരിലേക്ക്, എല്ലാം മാറിമറിയുന്നു

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതോടെ ഉണ്ടായ പുകിലൊന്നും ചെറുതല്ല. നടിയെ ആക്രമിച്ച് പകർത്തിയ മെമ്മറി കാർ‍‍‍ഡിലെ ദൃശ്യങ്ങൾ വിചാരണ കോടതിയുടെ അടക്കം മൂന്നു കോടതികളുടെ പരിഗണനയിലിരിക്കെ ആരോ തുറന്നു പരിശോധിച്ചെന്നാണ് ഫൊറൻസിക് റിപ്പോർട്ട് . നടിയെ അക്രമിച്ച കേസിൽ തുടരന്വേഷണറിപ്പോർട്ട് ഹാജരാക്കേണ്ട അവസാന തിയതി കഴിഞ്ഞ ദിവസമായിരുന്നു. അതുകൊണ്ട് തന്നെ ഇനിയുള്ള ദിവസങ്ങൾ ദിലീപിനെ സംബന്ധിച്ചും അതിജീവിതയെ സംബന്ധിച്ചും നിർണായകമാണ്. തുടരന്വേഷണ റിപോര്‍ട്ട് സമർപ്പിക്കാന്‍ സമയം വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അനധികൃതമായി കണ്ടതാര്. ഈ ചോദ്യമാണ് ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട് പ്രധാനമായും ഉയരുന്നത്. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വിവോ ഫോണിലിട്ടു തുറന്നയാളെ കണ്ടെത്താനുള്ള അന്വേഷണം 10 പേരിലേക്ക് നീളുകളാണ്. മെമ്മറി കാർഡ് വിചാരണക്കോടതിയിൽ കൊണ്ടുവന്ന 2021 ജൂലൈ 19ന് ഉച്ചയ്ക്കു 12.19 മുതൽ 12.54 വരെ ജിയോ സിം കാർഡുള്ള വിവോ ഫോൺ ഉപയോഗിച്ചിരിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള 10 പേരാണു നിരീക്ഷണത്തിലുള്ളത്. ഈ ദിവസത്തെ ഇവരുടെ ഫോൺ വിളി രേഖകൾ (സിഡിആർ) അന്വേഷണസംഘം പരിശോധിച്ചു തുടങ്ങി.

വിവോ ഫോണിൽ മെമ്മറി കാർഡിട്ട് 35 മിനിറ്റ് സമയം പരിശോധിച്ചിട്ടുണ്ട്. ഇത് അബദ്ധത്തിൽ സംഭവിച്ചതല്ല. പെൻഡ്രൈവിലേക്കു പകർത്തിയിട്ടുള്ള ദൃശ്യങ്ങളാണു പ്രതിഭാഗത്തെ കാണിക്കാറുള്ളത്. ഇതിലില്ലാത്ത എന്തെങ്കിലും ദൃശ്യങ്ങൾ മെമ്മറി കാർഡിലുണ്ടോയെന്നറിയാനുള്ള ആകാംക്ഷയാവാം കുറ്റകൃത്യത്തിനു വഴിയൊരുക്കിയതെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

മെമ്മറി കാർഡ് പരിശോധിക്കാനുള്ള സ്വാതന്ത്ര്യം വിചാരണക്കോടതിയിൽ ലഭിച്ചിരിക്കാൻ സാധ്യതയുള്ള കോടതി ഉദ്യോഗസ്ഥർ, അന്വേഷണ സംഘത്തിലെ അംഗങ്ങൾ, അഭിഭാഷകർ, പ്രോസിക്യൂഷൻ ടീം അംഗങ്ങൾ എന്നിവരിൽ സംഭവ ദിവസം കോടതിയിലെത്തിയ 10 പേരാണ് അന്വേഷണ പരിധിയിലുള്ളത്. സിഡിആറിനൊപ്പം കോടതിയിലും പരിസരത്തുമുള്ള നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും.

മുൻവിധിയില്ലാതെ അന്വേഷണം നടക്കുന്നതിനാലാണ് അന്വേഷണ സംഘത്തിലെ അംഗങ്ങളുടെ സിഡിആറും പരിശോധിക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ഫോൺ രേഖകളുടെ പരിശോധന കഴിഞ്ഞ ശേഷം മാത്രമേ നേരിട്ടുള്ള ചോദ്യംചെയ്യലുണ്ടാവൂ.

അതേസമയം ഒന്നാം പ്രതിയുടെ അഭിഭാഷകനു ദൃശ്യങ്ങൾ പരിശോധിക്കാൻ അനുവാദം ലഭിച്ച ദിവസം, മെമ്മറി കാർഡും പെൻഡ്രൈവും അടങ്ങിയ തൊണ്ടിമുതൽ പാക്കറ്റ് ട്രഷറിയിൽനിന്നു കോടതിയിലെത്തിച്ച ഘട്ടത്തിൽ സംഭവിച്ച സുരക്ഷാ വീഴ്ചയാണു മെമ്മറി കാർഡ് മൊബൈൽ ഫോണിലിട്ടു പരിശോധിക്കാൻ ആർക്കോ അവസരം ഒരുക്കിയത്. ഇതാരാണെന്നു കണ്ടെത്തണമെന്നു വിചാരണക്കോടതി ജഡ്ജി ഹണി എം.വർഗീസ് നിർദേശം നൽകിയിട്ടുണ്ട്.

സ്വകാര്യതയെ ഹനിക്കുന്ന തരത്തിൽ കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ വിചാരണക്കോടതിയിൽ നിന്നു ചോർന്നതായുള്ള ഗുരുതരമായ ആരോപണം കേസിലെ അതിജീവിത നേരത്തേ ഉന്നയിച്ചിരുന്നു. പെൻഡ്രൈവിൽ സൂക്ഷിച്ച ദൃശ്യങ്ങളാണു പ്രതിഭാഗത്തെ കാണിച്ചിരുന്നത്. സംഭവദിവസം വിചാരണക്കോടതിയിലേക്കു പെൻഡ്രൈവ് മാത്രം കൊണ്ടുവരേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളു. പ്രതിഭാഗത്തിനു ദൃശ്യങ്ങൾ പരിശോധിക്കാൻ ആവശ്യമില്ലാത്ത മെമ്മറി കാർഡ് കൊണ്ടുവന്നതാണു പ്രശ്നങ്ങൾക്കു വഴിയൊരുക്കിയത്.

Noora T Noora T :