സഹോദരനും ഭര്‍ത്താവും അതിജീവിതയുമാണ് മുഖ്യമന്ത്രിയെ കണ്ടത്, അദ്ദേഹത്തിന്റെ മറുപടിയില്‍ പൂര്‍ണ തൃപ്തയെന്ന് ഭാഗ്യലക്ഷ്മി, നടി പുറത്തിറങ്ങി യതോടെ മുഖ്യന്റെ അഡാർ നീക്കം

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്. ഭാഗ്യലക്ഷ്മിക്കൊപ്പം സെക്രട്ടേറിയറ്റിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.അതിജീവിതയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ മുഖ്യമന്ത്രിയുടെ മറുപടിയില്‍ പൂര്‍ണ തൃപ്തയെന്ന് ഭാഗ്യലക്ഷ്മി പറയുകയാണ്. അതിജീവിത പുറത്തിറങ്ങിയപ്പോള്‍ തന്നെ മുഖ്യമന്ത്രി ഡിജിപിയേയും എഡിജിപിയേയും വിളിച്ചുവരുത്തിയിട്ടുണ്ട്. കാര്യങ്ങള്‍ ഗൗരവത്തോടെ മുഖ്യമന്ത്രി എടുത്തിട്ടുണ്ടെന്നാണ് ഇതിലൂടെ മനസിലാവുന്നതെന്നും ഭാഗ്യ ലക്ഷ്മി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

അതിജീവിതയും കുടുംബവുമാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചത്. അവരുടെ സ്വകാര്യത മാനിച്ച് കൂടികാഴ്ച്ചയില്‍ നിന്നും താന്‍ സ്വമേധയാ മാറി നില്‍ക്കുകയായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. എല്ലാവരും സര്‍ക്കാരിനെതിരെ പറയുമ്പോള്‍ താന്‍ ചെയ്തത് തെറ്റാണോയെന്ന ഭയം അവള്‍ക്കുണ്ടായിരിക്കാം. രാഷ്ട്രീയം എന്താണെന്ന് അറിയാത്ത ആള്‍ക്ക് ഭയം ഉണ്ടാവുമെന്നും ഭാഗ്യലക്ഷ്മി കൂട്ടിചേര്‍ത്തു.

ഇതിന് മുമ്പ് ഒരു നിവേദനം കൊടുത്തിട്ടുണ്ട്. പറയാനുള്ളതെല്ലാം അതിലുണ്ട്. ഒന്നുകൊണ്ടും ആശങ്കപ്പെടേണ്ട. അവിടുന്നും ഇവിടുന്നും വരുന്ന വാര്‍ത്തകളൊന്നും വിശ്വസിക്കുകയോ കേള്‍ക്കുകയോ വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതിജീവിതക്കെതിരായി സര്‍ക്കാര്‍ ഒരു കാര്യവും ചെയ്യില്ലെന്ന് ഉറപ്പ് മുഖ്യമന്ത്രി നല്‍കിയിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഹര്‍ജിയില്‍ സര്‍ക്കാരിനെതിരായ പരാമര്‍ശത്തെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും പറഞ്ഞിട്ടില്ല. അതിനെകുറിച്ച് സംസാരിക്കേണ്ടി വന്നില്ല.

അതിനെ അതിന്റേതായ രീതിയില്‍ തന്നെയാണ് മുഖ്യമന്ത്രി എടുത്തിട്ടുള്ളതെന്നാണ് സംസാരത്തില്‍ നിന്നും മനസ്സിലാക്കുന്നത്. കോടതിയിലെ കാര്യങ്ങളിലൊന്നും പരാമര്‍ശമുണ്ടായിട്ടില്ല. ആരുമില്ലേ എന്റെ കൂടെ എന്ന ഭയം അവള്‍ക്കുണ്ടായിരിക്കാം. ശ്രീജിത്ത് ഐപിഎസിന്റെ കാര്യങ്ങളും നിവേദനത്തിലുണ്ട്. അതിന് തീര്‍ച്ചയായിട്ടും മറുപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്വേഷണം നിര്‍ത്തിവെക്കരുത്. തുടരന്വേഷണം വേണമെന്ന് നിവേദനത്തിലൂടെ അറിയിച്ചിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് കാര്യങ്ങള്‍ കൂടുതല്‍ അന്വേഷിക്കണം. ഇന്നത്തെ കൂടികാഴ്ച്ചയില്‍ മുഖ്യമന്ത്രിയുടെ മറുപടിയില്‍ പൂര്‍ണ തൃപ്തയാണ്. മുഖ്യമന്ത്രിയും ഒരു പെണ്‍കുട്ടിയുടെ അച്ഛനാണ്. അദ്ദേഹത്തിന് അവളുടെ വേദന മനസിലാക്കാന്‍ കഴിയണം. സഹോദരനും ഭര്‍ത്താവും അതിജീവിതയുമാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും ഭാഗ്യലക്ഷ്മി വിശദീകരിച്ചു.

Noora T Noora T :