നടന്‍ സുശാന്തിന് സഹോദരി വ്യാജ മരുന്നു കുറിപ്പടി നല്‍കി; പരാതിയുമായി റിയ ചക്രവര്‍ത്തി

സുശാന്തിന്റെ സഹോദരി പ്രിയങ്കയ്‌ക്കെതിരെ വ്യാജരേഖ ചമച്ചതിന് ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ കാമുകി റിയ ചക്രവര്‍ത്തി പരാതി കൊടുത്തു. വ്യാജ മരുന്നു കുറിപ്പടി തയാറാക്കിയെന്നാണ് പ്രിയങ്ക സിങ്ങിനെതിരെ ആരോപണം.

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ വിവിധ അന്വേഷണങ്ങള്‍ നേരിടുകയാണ് കാമുകി റിയ ചക്രവര്‍ത്തി. വ്യാജ കുറിപ്പടിയായിരുന്നുവെന്നും നിയമവിരുദ്ധമായ ഈ കുറിപ്പടി ലഭിച്ചതിനു അഞ്ച് ദിവസങ്ങള്‍ക്കു ശേഷം സുശാന്ത് മരിച്ചുവെന്നും റിയ പരാതിയില്‍ പറയുന്നു. റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഡോ. തരുണ്‍ കുമാറിനെതിരെയും പരാതി നല്‍കിയിട്ടുണ്ട്.ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഒപി വിഭാഗത്തിലെ രോഗിയാണ് സുശാന്തെന്ന് ജൂണ്‍ എട്ടിനുള്ള മരുന്നു കുറിപ്പടിയില്‍ വ്യക്തമാകുന്നതായും അന്നേ ദിവസം സുശാന്ത് മുംബൈയില്‍ ഉണ്ടായിരുന്നതായും പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. സുശാന്തും പ്രിയങ്കയും തമ്മില്‍ നടത്തിയ വാട്‌സാപ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്തു വന്നിരുന്നു.

Noora T Noora T :