നമുക്കൊപ്പം കോടതി പോലും നിൽക്കില്ല… എന്തെല്ലാം കൊണ്ട് കൊടുത്താലും കോടതിയ്ക്ക് വിശപ്പ് മാറുന്നില്ല, പണമുള്ളവർ മാത്രം കോടതിയിലേക്ക് വന്നാൽ മതിയെന്ന് ഒരു ബോർഡ് വെക്കുന്നത് നന്നായിരിക്കും; ഭാഗ്യലക്ഷ്മിയുടെ പ്രതികരണം

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം അവസാനിപ്പിച്ചതിൽ അത്ഭുതമില്ലെന്ന് ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി. സഹായിക്കേണ്ട പ്രധാന ഭാ​ഗങ്ങളിൽ നിന്നൊന്നും തന്നെ അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് സഹായം കിട്ടുന്നില്ല. അത് കിട്ടാത്തിടത്തോളം എങ്ങനെയാണ് അവർ അന്വേഷണവുമായി മുന്നോട്ട് പോവേണ്ടതെന്ന് ഭാ​ഗ്യലക്ഷ്മി ഒരു പ്രമുഖ ചാനലിനോട് പ്രതികരിക്കവെ പറഞ്ഞു

‘എനിക്ക് ഇതിൽ അത്ഭുതം തോന്നുന്നില്ല. കാരണം സഹായിക്കേണ്ട പ്രധാന ഭാ​ഗങ്ങളിൽ നിന്നൊന്നും തന്നെ അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് സഹായം കിട്ടുന്നില്ല. അത് കിട്ടാത്തിടത്തോളം എങ്ങനെയാണ് അവർ അന്വേഷണവുമായി മുന്നോട്ട് പോവേണ്ടത്. കോടതിയാണെങ്കിൽ എന്തെല്ലാം കൊണ്ട് കൊടുത്താലും വിശപ്പ് മാറുന്നില്ല. അടുത്തത് കൊണ്ട് വാ എന്ന് പറയുന്നു. അന്വേഷണ ഉദ്യോ​ഗസ്ഥരെ സഹായിക്കാൻ ആരും ഇല്ല. നിഴലിനോട് യുദ്ധം ചെയ്യുന്നത് പോലെ അവരെത്ര കാലമാണ് ഇത് ചെയ്യുന്നത്. സമൂഹം മനസ്സിലാക്കേണ്ട കാര്യമാണിത്. നമുക്കൊരു പ്രതിസന്ധി വരുമ്പോൾ നമുക്കൊപ്പം കോടതി പോലും നിൽക്കില്ല. പണമുള്ളവർ മാത്രം കോടതിയിലേക്ക് വന്നാൽ മതിയെന്ന് ഒരു ബോർഡ് വെക്കുന്നത് നന്നായിരിക്കും,’ ഭാ​ഗ്യലക്ഷ്മി പറഞ്ഞു.

പ്രതിപക്ഷം ഇതുവരെ ഇതിനെക്കുറിച്ച് ഒരക്ഷരം അവർ മിണ്ടിയിട്ടില്ല. കേസ് തളർന്നിരിക്കുന്ന ഘട്ടത്തിലാണ് ബാലചന്ദ്രകുമാറും സായ്ശങ്കറുമുൾപ്പെടെയുള്ളവർ അതി ശക്തമായ തെളിവുകളുമായെത്തിയത്. അതൊന്നും പോരാ എന്ന് കോടതി പറയുന്നതിനിടയ്ക്കാണ് അന്വേഷണ ഉദ്യോ​ഗസ്ഥനെ മാറ്റിയത്. നിങ്ങൾ ധൈര്യമായി അന്വേഷണം മുന്നോട്ട് കൊണ്ട് പോവൂ എന്ന് പറയാൻ ആരും തന്നെ ഇല്ല. ഭരണപക്ഷമോ പ്രതിപക്ഷമോ കോടതിയോ ആരും അന്വേഷണ സംഘത്തോടൊപ്പം നിൽക്കുന്നില്ലെന്നും ഭാ​ഗ്യലക്ഷ്മി ആരോപിച്ചു.

കേസിൽ കാവ്യാ മാധവൻ പ്രതിയാകില്ല. ഗൂഢാലോചന നടത്തിയതായി തെളിവില്ലാത്തതിനാലാണ് കാവ്യയെ പ്രതിപട്ടികയിൽ ചേർക്കാത്തത്. അതിനാൽ കാവ്യ സാക്ഷിയായി തന്നെ തുടരും. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കവും ക്രൈംബ്രാഞ്ച് ഉപേക്ഷിച്ചതായാണ് റിപ്പോർട്ടുകൾ. കേസ് അട്ടിമറിക്കാൻ അഭിഭാഷകർ ഇടപെട്ടതായി അന്വേഷണസംഘം ആരോപിച്ചിരുന്നു. അവരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയിലും ആവശ്യപ്പെട്ടിരുന്നു.

എന്നാൽ തുടരന്വേഷണത്തിന് ശേഷം സമർപ്പിക്കുന്ന റിപ്പോർട്ടിൽ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്ത് മാത്രമാകും പ്രതിയാകുക. ശരത്തിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. ദിലീപിന്റെ ഫോണിലുണ്ടായിരുന്നു ദൃശ്യങ്ങൾ നശിപ്പിച്ചതിനാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്.

Noora T Noora T :