ആരോപണത്തില്‍ യാതൊരു കഴമ്പുമില്ല…. അരുണിനെതിരെ കൊടുത്ത പരാതി ഇപ്പോഴും കോടതിയുടെ പരിഗണനയിൽ; പ്രതികരണവുമായി ബാബുരാജ്

40 ലക്ഷം രൂപ തട്ടിയെടുക്കുകയും തിരിച്ച് ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ആരോപിച്ച് കോതമംഗലം സ്വദേശി അരുൺ നല്‍കിയ പരാതിയിൽ നടൻ ബാബുരാജിന് എതിരെ പോലീസ് കേസെടുത്തിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ പ്രതികരണവുമായി ബാബുരാജ് രംഗത്ത്.

തട്ടിപ്പ് നടത്തിയെന്ന കോതമംഗലം തലക്കോട് സ്വദേശി അരുണിന്റെ ആരോപണത്തില്‍ യാതൊരു കഴമ്പുമില്ല. അരുണിനെ ഏല്‍പിച്ച റിസോര്‍ട്ടിനു 11 മാസത്തോളം വാടക ലഭിക്കാതായതോടെ കോടതിയെ സമീപിച്ചിരുന്നു. കോടതി ഇടപെട്ട് അയാളെ റിസോര്‍ട്ട് നടത്തിപ്പില്‍ നിന്ന് വിലക്കി ഉത്തരവിട്ടിരുന്നു. അരുണിനെതിരെ കൊടുത്ത പരാതി ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നും ബാബുരാജ് വ്യക്തമാക്കി.

സ്റ്റാഫുകള്‍ക്ക് താനാണ് ശമ്പളം നല്‍കിയത്. തന്റെ സ്ഥലം കിടന്ന് നശിക്കുന്നത് കണ്ട് വീണ്ടും പൈസ മുടക്കി അറ്റകുറ്റപ്പണികള്‍ ചെയ്ത് റിസോട്ട് നന്നാക്കിയെടുത്തു. 67 ലക്ഷം രൂപയാണ് മുടക്കിയത്. റിസോര്‍ട്ട് വീണ്ടും ഉപയോഗപ്രദമായതോടെ അയാള്‍ വീണ്ടും വന്നു. അയാള്‍ മുടക്കിയ പണം തിരികെ കൊടുത്തില്ലെങ്കില്‍ തനിക്കെതിരെ നീങ്ങുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തിയതായും ബാബുരാജ് പറഞ്ഞു.

നടന്‍ ബാബുരാജിന്റെ ഉടമസ്ഥതയില്‍ മൂന്നാര്‍ കമ്പ് ലൈനിലുള്ള ‘വൈറ്റ് മിസ്റ്റ്’ റിസോര്‍ട്ടുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. 2020ലെ ലോക്ക്ഡൗണിന് തൊട്ടുമുമ്പ്, ബാബുരാജ് ഈ റിസോര്‍ട്ട് അരുണിന് പാട്ടത്തിന് നല്‍കി 40 ലക്ഷം രൂപ കരുതല്‍ ധനമായി വാങ്ങിക്കുകയായിരുന്നു. എന്നാല്‍, കോവിഡ് പ്രതിസന്ധി കാരണം ഒറ്റ ദിവസം പോലും റിസോര്‍ട്ട് തുറന്ന് പ്രവര്‍ത്തിക്കാനായില്ല.

അതേസമയം, റിസോര്‍ട്ടിന് മൂന്ന് ലക്ഷം രൂപ വീതം 11 മാസത്തെ വാടകയും ജോലിക്കാരുടെ ശമ്പളവും കണക്കാക്കുമ്പോള്‍ നാല്‍പത് ലക്ഷം തിരിച്ചുകൊടുക്കേണ്ടതില്ലെന്ന് ബാബുരാജ് പറയുന്നു. എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും നടന്‍ വ്യക്തമാക്കി. എന്നാല്‍, കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോഴും ബാബുരാജ് എത്തിയില്ലെന്ന് അടിമാലി പൊലീസ് അറിയിച്ചിരുന്നു.

Noora T Noora T :