പുറത്തുള്ളവരെ കുറ്റപ്പെടുത്തി കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം, മുൻ ഡിജിപി ഇടപെട്ടു എന്ന് അറിഞ്ഞിട്ടും സർക്കാർ ഒന്നും ചെയ്തില്ല; തിരുവഞ്ചൂർ രാധാകൃഷ്ണൻ

നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാൻ മുൻ ഡിജിപി ഇടപെട്ടു എന്ന് അറിഞ്ഞിട്ടും സർക്കാർ ഒന്നും ചെയ്തില്ലെന്ന് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ. പുറത്തുള്ളവരെ കുറ്റപ്പെടുത്തി കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. കേസിൽ ഉത്തരവാദിത്ത്വതോടെ ഇടപെടേണ്ട സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി.

‘നടിയെ ആക്രമിച്ച കേസ് ഒതുക്കാനുളള ശ്രമം നടന്നു എന്നറിഞ്ഞിട്ടും സർക്കാർ ഒന്നും ചെയ്തില്ല. ഇതിൽ ഉത്തരം പറയേണ്ടത് സർക്കാരാണ്. കേസിലെ പ്രോസിക്യൂഷൻ സർക്കാരാണ്. സ്വഭാവികമായും ഉത്തരവാദിത്ത്വം സർക്കാരിനാണ്. എന്നാൽ ഒന്നും ചെയ്യുന്നില്ല. പുറത്തുള്ളവരെ കുറ്റപ്പെടുത്തി കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ചില കേസുകളിൽ പൊലീസിന് അമിതതാല്പര്യമുണ്ട്. എന്നാൽ മറ്റ് ചില കേസുകളിൽ പൊലീസ് ഒന്നും ചെയ്യുന്നില്ല. അടിസ്ഥാന പ്രശ്‌നം ലോ ആൻഡ് ഓർഡർ ആണ്’, എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

അതേസമയം മുല്ലപ്പള്ളിയും പ്രതികരണവുമായി എത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച സംഭവം നടന്ന് അഞ്ച് വർഷം കഴിഞ്ഞിട്ടും അതിജീവിതയ്ക്ക് നീതി ലഭിക്കാത്തത് പൊതുബോധത്തിന് നേരെ ഉയരുന്ന അസ്ത്രം പോലെയുള്ള ചോദ്യമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കുറ്റകൃത്യത്തിന് കാരണക്കാർ ആരായാലും അവരെ സഹായിക്കുന്നവർ എത്ര ഉന്നതരാണെങ്കിലും മുഖംമൂടികൾ വലിച്ചു കീറി അതിജീവിതക്ക് നീതി ഉറപ്പാക്കിയേ മതിയാവൂയെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഇരയോടൊപ്പമാണ് വേട്ടക്കാരുടെ കൂടെയല്ല നിൽക്കേണ്ടതെന്നും നന്മയുള്ള മനുഷ്യർ അതിജീവിതയുടെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Noora T Noora T :