കോടതി രേഖകൾ ദിലീപിന്റെ ഫോണിലേക്ക് എത്തിയത് ഇങ്ങനെ! സംഭവിച്ചത് ഇതാണ്..ദിലീപിന്റെ സുഹൃത്തിനെ ഉദ്ധരിച്ച് സജി നന്ത്യാട്ട് പറയുന്നു

നടിയെ ആക്രമിച്ച കേസിൽ നിർണായക വിവരങ്ങളാണ് പുറത്ത് വരുന്നത്. കേസ് അടിമുടി മാറിമറിയുകയാണ്. കേസിലെ കോടതി രേഖകള്‍ പ്രതി ദിലീപിന്റെ കൈവശമെത്തിയത് എങ്ങനെ വിശദീകരിച്ചിരിക്കുകയാണ് നിർമ്മാതാവ് സജി നന്ത്യാട്ട്. ഗൗരവസ്വഭാവമില്ലാത്ത രേഖകള്‍ പ്രതിക്കോ പ്രതിയുടെ വക്കീലിനോ അയച്ചുകൊടുക്കുന്ന പതിവ് കോടതിക്കുണ്ടെന്നും ദിലീപിന് ലഭിച്ച രേഖകള്‍ രഹസ്യസ്വഭാവമില്ലാത്തതാണെന്നാണ് താന്‍ മനസിലാക്കിയതെന്ന് സജി നന്ത്യാട്ട് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു.

സജി നന്ത്യാട്ട് പറഞ്ഞത്:

”കോടതി രേഖകള്‍ പ്രതിക്കോ പ്രതിയുടെ വക്കീലിനോ അയച്ചുകൊടുക്കാറുണ്ട്. അത് കൊടുക്കാവുന്ന പല രേഖകളാണ്. രഹസ്യസ്വഭാവമുള്ള രേഖകള്‍ കോടതി കൊടുക്കാറില്ല. പക്ഷെ ഞാന്‍ മനസിലാക്കുന്നത് അത് ദിലീപിന്റെ പേരില്‍ കോടതിയിലെ ഉദ്യോഗസ്ഥന്‍, ആ വാട്‌സ്ആപ്പ് നമ്പറൊക്കെ ഉണ്ടല്ലോ, ആ ഉദ്യോഗസ്ഥര്‍ വക്കീലിന്റെ ഫോണ്‍ ഓഫായപ്പോള്‍ അയച്ചുകൊടുത്തതാണ്. അതില്‍ നിയമപരമായ കാര്യം മാത്രമേയുള്ളൂയെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ദിലീപിന്റെ അടുത്ത സുഹൃത്താണ് ഇക്കാര്യം പറഞ്ഞത്. സുഹൃത്തിന്റെ പേര് പറയില്ല. സാധാരണ അയച്ചു നല്‍കുന്ന രേഖകളാണ് നല്‍കിയത്. അതില്‍ ഗൗരവമായ ഒന്നുമില്ല. രഹസ്യസ്വഭാവമുള്ള രേഖകള്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. ”

അതേസമയം നടിയെ ആക്രമിച്ച കേസിലെ കോടതി രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വിചാരണ കോടതി. കോടതി രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് എന്ത് അധികാരമാണ് ഉള്ളതെന്ന് വിചാരണ കോടതി ചോദിച്ചു. ദിലീപിന്റെ മൊബൈലില്‍ നിന്നും ലഭിച്ച തെളിവുകള്‍ ഹാജരാക്കണം എന്നും വിചാരണ കോടതി ഉത്തരവിട്ടു. കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി കഴിഞ്ഞ ദിവസമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലും കേസിലെ വിചാരണ നടക്കുന്ന സി ബി ഐ സ്പെഷ്യല്‍ കോടതിയിലും അന്വേഷണ സംഘം ഹര്‍ജി നല്‍കിയത്.

ശിരസ്തദാര്‍, തൊണ്ടി ക്ലാര്‍ക്ക് ഉള്‍പ്പെടെ ഉള്ള കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം അനുമതി തേടിയത്. ആവശ്യമെങ്കില്‍ കൂടുതല്‍ ജീവനക്കാരെ ചോദ്യം ചെയ്യാനും അനുമതി നല്‍കണമെന്ന് അന്വേഷണ സംഘം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2018 ഡിസംബര്‍ 13 ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നും നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടക്കമുള്ള രേഖകള്‍ ചോര്‍ന്നതായാണ് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നത്. വിചാരണ കോടതിയിലെ പ്രധാന രേഖകള്‍ ദിലീപിന്റെ ഫോണില്‍ നിന്നും കണ്ടെത്തിയതും ഫോറന്‍സിക് പരിശോധനയില്‍ തന്നെ ആണ്.

കൈപ്പടയിലെഴുതിയ രേഖകളും പകര്‍പ്പ് എടുക്കാന്‍ അനുവാദമില്ലാത്ത രേഖകളുമാണ് നടന്‍ ദിലീപിന്റെ ഫോണില്‍ നിന്നും കണ്ടെത്തിയത്. ഈ രേഖകള്‍ ദിലീപ് ആര്‍ക്കൊക്കെ കൈമാറി എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കേസിലെ പ്രധാന രേഖകള്‍ പ്രതിക്ക് ചോര്‍ത്തി നല്‍കിയത് ആരാണ് എന്ന് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

Noora T Noora T :