എഫ്‌ഐആര്‍ സൂപ്പര്‍ഹിറ്റിലേക്ക്… ഹിന്ദി ചിത്രത്തില്‍ അഭിനയിക്കാന്‍ മാല പാര്‍വ്വതിക്ക് ക്ഷണം

നടി രേവതി സംവിധാനം ചെയ്യുന്ന സലാം വെങ്കി എന്ന ഹിന്ദി ചിത്രത്തില്‍ അഭിനയിക്കാന്‍ മാല പാര്‍വ്വതിക്ക് ക്ഷണം. കജോളാണ് ഈ ചിത്രത്തിലെ നായിക. ചാരുകേശ് ശേഖര്‍ സംവിധാനം ചെയ്യുന്ന അമുദ എന്ന തെലുങ്ക് ചിത്രത്തിലും പാര്‍വ്വതിക്ക് നല്ല വേഷമുണ്ട് ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ഐശ്വര്യയുടെ അമ്മ വേഷമാണ് പാര്‍വ്വതി അവതരിപ്പിക്കുന്നത്. മലയാളത്തില്‍ അമല്‍ നീരദിന്റെ ഭീക്ഷ്മപര്‍വ്വത്തിലും പാര്‍വ്വതിക്കു വേഷമുണ്ട്.

അതേസമയം മാല പാര്‍വ്വതിയുടെ പുതിയ തമിഴ് ചിത്രം എഫ്.ഐ.ആര്‍ സൂപ്പര്‍ഹിറ്റായിയിരിക്കുകയാണ്. കേരളത്തിലും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. മലയാളിയായ മനു ആനന്ദ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ വിഷ്ണു വിശാലാണ് നായകന്‍. പാര്‍വ്വതിയുടെ അഭിനയത്തിന് നല്ല പ്രശംസയാണ് ലഭിക്കുന്നത്.

നായകന്റെ അമ്മ പര്‍വീണ ബീഗം എന്ന മുഴുനീള കഥാപാത്രത്തെയാണ് എഫ്.ഐ.ആറില്‍ പാര്‍വ്വതി അവതരിപ്പിച്ചത്. റേബ മോണിക്ക ജോണ്‍, മഞ്ജിമ മോഹന്‍,റേസ വില്‍സണ്‍ എന്നിവര്‍ക്കൊപ്പം ഗൗതം വാസുദേവ മേനോനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശിപ്പിക്കുന്ന ടക്ക് ജഗദീഷ്, ഹീറോ നാനി, എന്നീ തെലുങ്ക് ചിത്രങ്ങളിലും നെറ്റ് ഫ്‌ളിക്‌സില്‍ പ്രദര്‍ശിപ്പിക്കുന്ന നിമിര്‍, ഗെയിം ഓവര്‍ എന്നീ തമിഴ് ചിത്രങ്ങളിലും പാര്‍വ്വതി അഭിനയിച്ചിരുന്നു. ഗെയിം ഓവര്‍ തെലുങ്കിലും റിലീസ് ചെയ്തു.മാധവന്‍ നായകനായ മാരയായിരുന്നു പാര്‍വ്വതിയുടെ മറ്റൊരു തമിഴ് ചിത്രം.

Noora T Noora T :