പരാതിയിലെ വീട്ടിലേക്ക് ഇരച്ചെത്തി പോലീസ് പരിശോധനയിൽ നിർണ്ണായക വിവരം ലഭിച്ചു…. കഥ മാറിമറിയുന്നു.. കുരുക്ക് മുറുകുമോ?

നടന്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരായ കേസില്‍ പോലീസ് അന്വേഷണം തുടങ്ങി. കേസിന്റെ ആദ്യ പടിയെന്നോണം അന്വേഷണത്തിന്റെ ഭാഗമായി പുതുക്കലവട്ടത്തെ ഗാനരചയിതാവിന്റെ വീടിന്റെ മുകൾനില പൊലീസിന്റെ ഹൈടെക്ക് സെൽ തുറന്ന് പരിശോധിച്ചു. സെല്ലിന്റെ ചുമതലയുള്ള തിരുവനന്തപുരം റൂറൽ അഡിഷണൽ എസ്.പി എസ്.ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പീഡനം നടന്നതായി പരാതിയിൽ പറയുന്ന വീട് പരിശോധിച്ചത്.

വീട്ടുടമയിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിയലും മഹസർ രേഖപ്പെടുത്തലുമാണ് നടന്നത്. നടപടിയെക്കുറിച്ച് പ്രതികരിക്കാൻ പ്രത്യേക സംഘം തയ്യാറായില്ല. അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബാലചന്ദ്ര കുമാറിനെ വിളിപ്പിക്കുമെന്നാണ് വിവരം. പരാതിക്കാരി പറയുന്ന കാലയളവില്‍ ബാലചന്ദ്ര കുമാര്‍ വാടകയ്ക്ക് ഈ വീട്ടില്‍ താമസിച്ചിരുന്നു എന്ന നിര്‍ണായക വിവരം പോലീസിന് ലഭിച്ചു. എന്നാല്‍ പീഡനം നടന്നോ എന്നതിന് തെളിവ് ലഭിച്ചിട്ടില്ല. അന്വേഷണ ഘട്ടത്തിലാണെന്നും ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

ബാലചന്ദ്ര കുമാര്‍ പീഡിപ്പിച്ചുവെന്ന് കാണിച്ച് പരാതി നല്‍കിയ കണ്ണൂര്‍ സ്വദേശിനിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് വൈദ്യ പരിശോധനയും രഹസ്യമൊഴിയെടുക്കലും പൂര്‍ത്തിയാക്കിയിരുന്നു. പിന്നീട് വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. രഹസ്യമൊഴി എറണാകുളം മജിസ്ട്രേട്ട് കോടതി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് യുവതിയുടെ മൊഴിയിലെ വസ്തുതകള്‍ തേടി അന്വേഷണം തുടങ്ങി.

കണ്ണൂര്‍ സ്വദേശിയായ 40കാരിയാണ് ബാലചന്ദ്ര കുമാറിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ എളമക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എളമക്കര സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ വച്ചാണ് പീഡിപ്പിച്ചത് എന്ന ആരോപണത്തെ തുടര്‍ന്നാണ് ഇവിടെ കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം ഹൈടെക് സെല്ലിന് കൈമാറി.

പത്ത് വര്‍ഷം മുമ്പ് ബാലചന്ദ്ര കുമാര്‍ പീഡിപ്പിച്ചു എന്നാണ് കണ്ണൂര്‍ സ്വദേശിനിയുടെ പരാതി. യുവതി ഇപ്പോള്‍ ഹോം നഴ്‌സായി ജോലി ചെയ്യുകയാണ്. തൃശൂരിലെ ഒരു സുഹൃത്തില്‍ നിന്നാണ് ബാലചന്ദ്ര കുമാറിന്റെ ഫോണ്‍ നമ്പര്‍ ലഭിച്ചത്. തുടര്‍ന്ന് ജോലി തേടി വിളിച്ചപ്പോള്‍ സിനിമയില്‍ അവസരം നല്‍കാമെന്നും കൊച്ചിയിലേക്ക് വരണമെന്നും പറഞ്ഞു വിളിപ്പിച്ചു എന്നാണ് പരാതിയിലെ ആരോപണം.

എളമക്കരയിലെ പുതുക്കലവട്ടത്തെ ഗാനരചയിതാതിന്റെ വീട്ടില്‍ വച്ചാണ് പീഡിപ്പിച്ചത് എന്നാണ് ആരോപണം. പുറത്തുപറയുമെന്ന് പറഞ്ഞപ്പോള്‍ വീഡിയോ എടുത്തിട്ടുണ്ടെന്നും ഇത് പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി എന്നും പരാതിക്കാരി പറയുന്നു. ഇത്രയും കാലം പുറത്തുപറയാതിരുന്നത് ഭയന്നിട്ടാണ്. ദിലീപ് കേസില്‍ സ്ത്രീകളെ പറ്റി ബാലചന്ദ്ര കുമാര്‍ പറയുന്നത് കേട്ടപ്പോഴാണ് പരാതിപ്പെടണമെന്ന് തോന്നിയതെന്നും യുവതി പറയുന്നു.

ഹൈടെക് സെല്‍ ഓഫീസര്‍ എസിപി ബിജുമോന്‍ ആണ് കേസ് അന്വേഷിക്കുന്നത്. പത്ത് വര്‍ഷം മുമ്പുള്ള കേസായതിനാല്‍ തെളിവ് ശേഖരണം പ്രയാസമായേക്കും. പീഡന ദൃശ്യം ബാലചന്ദ്ര കുമാര്‍ മൊബൈലില്‍ പകര്‍ത്തി എന്നാണ് ആരോപണം. അങ്ങനെയെങ്കില്‍ ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമാകും.

ആരോപണം ഉന്നയിച്ച സ്ത്രീയെ അറിയില്ല എന്നാണ് ബാലചന്ദ്ര കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ബാലചന്ദ്ര കുമാര്‍ പറയുന്നു. തിരുവനന്തപുരത്ത് യുട്യൂബ് നടത്തുന്ന സ്ത്രീയും ദിലീപ് അനുകൂലികളായ ചിലരും ചേര്‍ന്നാണ് തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. നിയമപരമായി നീങ്ങുമെന്നും ബാലചന്ദ്ര കുമാര്‍ പ്രതികരിച്ചു.

അഡ്വ. വിമല ബിനുവാണ് പരാതിക്കാരിക്ക് വേണ്ടി കോടതിയില്‍ ഹാജരാകുക. ഇത്രയും കാലം പരാതിപ്പെട്ടില്ല എന്നത് കൊണ്ട് പീഡന കേസ് നിലനില്‍ക്കില്ല എന്ന അഭിപ്രായം ചില കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ വാദത്തില്‍ കഴമ്പില്ലെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. തെളിവാണ് കോടതി പരിഗണിക്കുക.

അതേസമയം, ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ എടുത്ത കേസില്‍ ദിലീപ് ആലുവ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. അറസ്റ്റ് ഒഴിവാക്കാന്‍ വേണ്ടിയാണ് ദിലീപ് കോടതിയില്‍ നേരിട്ട് ഹാജരായത്.

Noora T Noora T :