നടിയുടെ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.. മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം

ആക്രമിച്ചതിന്റെ ദൃശ്യം ചോർന്നതിനെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട് ഇരയായ നടി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതിയത് ദിവസങ്ങൾക്ക് മുൻപായിരുന്നു കത്തിന്റെ പകർപ്പ്‌ മുഖ്യമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര വിജിലൻസ് കമീഷണർമാർ, സംസ്ഥാന പൊലീസ്‌ മേധാവി, കേന്ദ്ര––സംസ്ഥാന വനിതാ കമീഷൻ തുടങ്ങിയവർക്കും നൽകിയിട്ടുണ്ട്.

എന്നാൽ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന പരാതി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പീഡന ദൃശ്യം കോടതിയില്‍ നിന്നും ചോര്‍ന്ന സംഭവത്തില്‍ അതിജീവിത സുപ്രീംകോടതിയെ ഉള്‍പ്പെടെ സമീപിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പ്രതികരണം.

ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോര്‍ന്ന സംഭവത്തില്‍ നടിയുടെ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. പരാതി ഉണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

നടി പരാതിയായി കത്തയക്കുന്ന വേളയില്‍ മുഖ്യമന്ത്രി കേരളത്തിലുണ്ടാിയിരുന്നില്ല. അദ്ദേഹം വിദേശ പര്യടനത്തിന്റെ ഭാഗമായി യുഎഇയില്‍ ആയിരുന്നു. വ്യവസായികളുമായി കൂടിക്കാഴ്ച നടത്താനും കേരളത്തിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനുമുള്ള ഉദ്യമത്തിലായിരുന്നു അദ്ദേഹം. നാട്ടില്‍ തിരിച്ചെത്തിയ ശേഷം ആദ്യമായിട്ടാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്.

കേസുമായി ബന്ധപ്പെട്ട പ്രോസിക്യൂട്ടരെ നിയമിക്കുന്നതില്‍ കാലതാമസം ഇല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രോസിക്യൂട്ടര്‍ നിയമനം ഏകപക്ഷീയമല്ല, കക്ഷികള്‍ കൂടി അഭിപ്രായപ്പെടുന്നവരെയാണ് നിയമിക്കുന്നത്. കാലതാമസം വരുന്നെങ്കില്‍ അതാണ് കാരണം. സ്പെഷല്‍ പ്രോസിക്യൂട്ടറെ വയ്ക്കുന്നതില്‍ സര്‍ക്കാരിന് കാലതാമസം ഇല്ല, തടസവുമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

എറണാകുളം സെഷന്‍സ് കോടതിയില്‍ നിന്നാണ് നടി ആക്രമിക്കപ്പെട്ട വീഡിയോ ചോര്‍ന്നത് എന്നാണ് അടുത്തിടെ വാര്‍ത്ത വന്നത്. അനുമിതിയില്ലാതെ ചിലര്‍ കണ്ടു എന്നായിരുന്നു പുറത്തുവന്ന വിവരം. സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് അതിജീവിത ദൃശ്യം അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് കത്തില്‍ പറയുന്നത്. ദൃശ്യം ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടെന്നും അതിജീവിത പറഞ്ഞു.

2019 ഡിസംബര്‍ 20നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതായി വിചാരണ കോടതിയില്‍ സ്ഥിരീകരിച്ചത്. സംസ്ഥാന ഫോറന്‍സിക് വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. അന്വേഷണ സംഘം സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങള്‍ എങ്ങനെയാണ് അനുമതിയില്ലാതെ മറ്റൊരാള്‍ കണ്ടതെന്ന സംശയമാണ് ഈ ഘട്ടത്തില്‍ ഉയരുന്നത്.

Noora T Noora T :