നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അവസാനിക്കാൻ ഇരിക്കെവെയാണ് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ കടന്നുവരവ്. അദ്ദേഹത്തിന്റെ വെളിപ്പെടുത്തലോടെയാണ് കേസിന്റെ ഗതി തന്നെ മാറിമറിഞ്ഞത്. അതിന് പിന്നാലെ ദിലീപിനെ വീണ്ടും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്ന സ്ഥിതിവരെ എത്തി
നടി ആക്രമിക്കപ്പെട്ട സംഭവം മുതല്‍ അറസ്റ്റിലാവുന്നത് വരെ ദിലീപിന്റെ കൂടെ സജീവമായി ഉണ്ടായിരുന്നവരില്‍ ഒരാളായിരുന്നു താനെന്ന് ബാലചന്ദ്ര കുമാർ തുറന്ന് പറയുന്നു. അതുകൊണ്ട് തന്നെ പല കാര്യങ്ങളും അറിയാന്‍ കഴിയുമെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ യൂട്യൂബ് ചാനലില്‍ സംസാരിക്കവേ ബാലചന്ദ്രകുമാർ തുറന്ന് പറഞ്ഞു.
പള്‍സർ സുനിയെ ടിവിയില്‍ കണ്ട അന്ന് തന്നെ ഞാന്‍ ദിലീപിനെ വിളിച്ച് കാര്യം അന്വേഷിച്ചു. അതിന് മുമ്പ് പള്‍സർ സുനിയെ ദിലീപിന്റെ വീട്ടില്‍ വെച്ച് കണ്ടിരുന്നു. അങ്ങനെ ഈ അറസ്റ്റിലായ പയ്യനല്ലേ ഈ പയ്യന്‍ എന്ന് ചോദിക്കാനാണ് ദിലീപിനെ ഫോണ്‍ ചെയ്യുന്നത്. എന്നാല്‍ പുള്ളി ഒരു കാരണവശാലും അത് സമ്മതിച്ചില്ല. പല കാര്യങ്ങളും പറഞ്ഞ് അദ്ദേഹം എന്നെ ഒഴിവാക്കി. ഇങ്ങനെയൊരു ക്രിമിനലുമായി തനിക്കുള്ള ബന്ധം പുറത്തറിയുമ്പോഴുള്ള ഒരു അഭിമാന പ്രശ്നമായിരിക്കുമെന്നാണ് അന്ന് ഞാന്‍ മനസ്സിലാക്കിയതെന്നും ബാലചന്ദ്ര കുമാർ പറയുന്നു.
അത് കഴിഞ്ഞ് ഒന്നര മാസം കഴിഞ്ഞാണ് ദിലീപ് ഡിങ്കന്‍ എന്ന പടത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വരുന്നത്. രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയുടെ വിളക്ക് കൊളുത്തിയത് അന്നത്തെ ഡി ജി പിയായിരുന്നു ലോക്നാഥ് ബെഹ്റയായിരുന്നു. ദിലീപുമായി സംസാരിക്കാന്‍ വേണ്ടി കിട്ടുന്ന സമയങ്ങളിലൊക്കെ കാരവാനില്‍ കയറുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം ദിലീപ് നിഷേധിക്കുയാണെന്നും ബാലചന്ദ്ര കുമാർ പറയുന്നു.
ഡിങ്കന്റെ ഷൂട്ട് തുടങ്ങുന്നതിന്റെ തലേ ദിവസം പതിനഞ്ച് മിനുട്ട് ദിലീപ് എന്റെ ലാന്‍ഡ് ഫോണില്‍ സംസാരിച്ചിട്ടുണ്ട്. നമ്മുടെ സിനിമയെ കുറിച്ചുള്ള ചർച്ചകളാണ് അന്ന് നടക്കുന്നത്. നേരത്തെ തീരുമാനിച്ച തിരക്കഥാകൃത്ത് അപ്പോഴേക്കും മാറിയിരുന്നു. പുതിയ ആളെ അന്വേഷിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. അടുത്ത രണ്ട് ദിവസത്തിനുള്ള ദിലീപ് കാനഡയ്ക്കോ മറ്റോ പോവാനിരുന്നതാണ്. ആ സമയത്തിനുള്ള തിരക്കഥാകൃത്തിനെ തീരുമാനിച്ചാല്‍ എനിക്ക് എന്റെ ജോലി തുടങ്ങാമല്ലോ. അതുകൊണ്ടാണ് വേഗത്തിലുള്ള ചർച്ചകള്‍ നടക്കുന്നത്.
കാരവാനില്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് നടി ആക്രമിക്കപ്പെട്ട സംഭവം ഞാന്‍ വീണ്ടും എടുത്തിടുന്നു. അപ്പോഴൊന്നും പുള്ളി പ്രതിയല്ല. പേരൊന്നും പുറത്ത് വന്നിട്ടില്ല. പള്‍സർ സുനിയുടെ വിഷയം വീണ്ടും പറഞ്ഞപ്പോള്‍ പുള്ളിക്ക് ടെന്‍ഷനായി. ഞാന്‍ കണ്ട കാര്യം ഉറപ്പിക്കണമെന്നായിരുന്നു എന്റെ മനസ്സില്‍. ആദ്യമൊന്നും സമ്മതിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ കണ്ടൂ അല്ലേ എന്ന ഒരു ഉറപ്പില്‍ പുള്ളിക്കാരന്‍ എന്നെയൊന്ന് സൂക്ഷിച്ചു നോക്കി. അതേ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എന്നാല്‍ പിന്നെ അവന്‍ തന്നെയാണെന്ന് ദിലീപ് പറഞ്ഞതായും ബാലചന്ദ്രകുമാർ ബൈജു കൊട്ടാരക്കരയോട് പറയുന്നു.
തുടർന്നാണ് പുള്ളി പലർക്കും ഉപകാരിയാണ് മുകേഷേട്ടന്‍റെ സുഹൃത്താണ് എന്നൊക്കെ ദിലീപ് പറയുന്നത്. വീണ്ടും ഞാന്‍ ഈ സംഭവത്തെക്കുറിച്ച് പറയുമ്പോഴാണ് അന്ന് നടിയുടെ ആ വണ്ടിയില്‍ എന്താണ് നടന്നതെന്ന് ദിലീപ് വളരെ വിശദമായി തന്നെ എന്നോട് പറയുന്നത്. ഒന്നും മറക്കാതെയായിരുന്നു അദ്ദേഹം പറഞ്ഞത്. ഏതായാലും പള്‍സർ സുനിയെ കണ്ട കാര്യം ഞാന്‍ ചോദിച്ചതോടെ പുള്ളി വീണ്ടും ഒന്ന് അലർട്ടായി ഇരുന്നു.
അവിടെ നിന്നാണ് സച്ചിയെ തിരക്കഥാകൃത്തായി തീരുമാനിക്കുന്നു. ലൊക്കേഷനിലേക്ക് ഭാര്യയും മക്കളും വന്നിരുന്നു. ദിലീപിന്റെ കൂടെ നിന്ന് തിരിച്ച് പോരുമ്പോള്‍ ദിലീപ് വിശദീകരിച്ച കാര്യങ്ങള്‍ ഞാന്‍ ഭാര്യയോടും പറഞ്ഞു. അപ്പോള്‍ ഭാര്യയാണ് എന്നോട് ചോദിക്കുന്നത് അക്കാര്യങ്ങള്‍ ദിലീപിന് എങ്ങനെ അറിയാമെന്ന്. ഒന്നുകില്‍ ദിലീപ് സംഭവ സ്ഥലത്ത് ഉണ്ടായിരിക്കണം. അതുണ്ടായിട്ടില്ല, അപ്പോള്‍ ആരെങ്കിലും പറഞ്ഞ് കൊടുത്തിരിക്കണം. അങ്ങനെ അവളാണ് ആദ്യമായി ഒരു സംശയം പ്രകടിപ്പിച്ചത്.
അന്ന് വിദേശത്ത് പോയ ദീലീപ് ഒരുമാസത്തിന് ശേഷമാണ് തിരിച്ച് വരുന്നത്. അദ്ദേഹം തിരിച്ച് വരുമ്പോഴേക്കും കേസുമായി ബന്ധപ്പെടുത്തി ദിലീപിന്റെ പേരില്‍ ചില അഭ്യുഹങ്ങള്‍ ഓണ്‍ലൈനുകളില്‍ വാർത്തയായി വന്നിരുന്നു. തിരിച്ച് വന്ന് കമ്മാരസംഭവത്തിന്റെ ഷൂട്ടിങ്ങിനായി തേനിയില്‍ പോയപ്പോഴാണ് അദ്ദേഹത്തെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്. അത് കഴിഞ്ഞ് നാല് ദിവസം കഴിഞ്ഞപ്പോള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എന്നെ വിളിച്ച് ഞാനും ദിലീപും തമ്മിലുള്ള ബന്ധം ചോദിക്കുന്നു. അപ്പോള്‍ എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ഞാന് പറഞ്ഞു. അവിടുന്ന് മൂന്ന് നാല് ദിവസങ്ങള്‍ കഴിഞ്ഞാണ് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നതും ജയിലിലാവുന്നതും.
ദിലീപിനെ കാണാന്‍ ജയിലില്‍ പോയിരുന്നു. 2017 സെപ്തംബർ 13 നാണ് ഞാന്‍ ദിലീപിനെ കാണാന്‍ പോയത്. അനുപ് വിളിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു ആ സന്ദർശം. ചേട്ടന് എന്നെ കാണണമെന്ന് പറഞ്ഞുവെന്ന് അനൂപ് അറിയിക്കുകയായിരുന്നു. അതിന് മുമ്പ് കാവ്യയും സുരാജുമൊക്കെ സംസാരിച്ചിരുന്നു. എന്നാലും അനൂപായിരുന്നു എന്നെ നിർബന്ധിച്ചത്. ആ സമയത്ത് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയരുന്നതായി വാർത്തയുണ്ടായിരുന്ന. മാത്രമല്ല ദിലീപിനെ കണ്ട് ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നവരെ പൊലീസ് ചോദ്യം ചെയ്യുന്നുവെന്ന അഭ്യൂഹവും ഉണ്ടായിരുന്നു. അതുകൊണ്ട് പോയി കഴിഞ്ഞാല്‍ നമ്മളേയും പിടിച്ച് ചോദ്യം ചെയ്യുമെന്ന ഒരു പേടി ഉള്ളതുകൊണ്ട് പോവാന്‍ ഞാന്‍ ആദ്യം മടി കാണിച്ചു.
എന്നാല്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് അനൂപ് വ്യക്തമാക്കിയതിനെ തുടർന്നാണ് ദിലീപിനെ കാണാന്‍ പോയത്. ജയില്‍ സൂപ്രണ്ടിനെ വെളിയില്‍ വെച്ച് തന്നെ ഞാന്‍ വിളിച്ചിട്ടുണ്ട്. ഇവർ എനിക്ക് നേരത്തെ തന്നെ അദ്ദേഹത്തിന്റെ നമ്പർ തന്നിരുന്നു. ആ ഒരു പ്രാവശ്യം മാത്രമേ ദിലീപിനെ കാണാന്‍ ജയിയില് പോയിട്ടുള്ളു. എന്നേയും കാത്ത് സുപ്രണ്ടിന്റെ മുറിയുടെ ഭാഗത്തായിരുന്നു അദ്ദേഹം ഇരുന്നത്. ഒരു കാവി വസ്ത്രവും ധരിച്ച് വളരെ സന്തോഷവാനായിട്ടായിരുന്നു ദിലീപ് അന്നുണ്ടായിരുന്നത്. സ്വന്തം വീട്ടില്‍ നില്‍ക്കുന്ന ഒരു പ്രതീതിയായിരുന്നുവെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കുന്നു.