ദേഹത്ത് അന്വേഷണ സംഘം കൈവെച്ചിട്ടില്ല….ഞെട്ടിച്ച് ദിലീപ്! ആ വാദത്തില്‍ ഉറച്ച് നിന്ന് ദിലീപ്; കോടതിയിൽ നാടകീയ രംഗങ്ങൾ

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുകയാണ്. ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ദിലീപ്. ബാലചന്ദ്രകുമാറിന്റെ ഭാഗം മാത്രം വിശ്വസിച്ച് മുന്നോട്ട് പോകരുതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. തനിക്കെതിരെ ഗൂഢാലോചന നടത്തിയ ആളാണ് ബാലചന്ദ്രകുമാര്‍. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ദിലീപ് പറഞ്ഞു.

തനിക്കെതിരായ എഫ്.ഐ.ആറില്‍ ഏറെ വൈരുദ്ധ്യമുണ്ട്. ബാലചന്ദ്ര കുമാറിന്റെ മൊഴി വിശ്വസിക്കരുത്. തന്റെ കക്ഷിയുടെ ദേഹത്ത് അന്വേഷണ സംഘം കൈവെച്ചിട്ടില്ല. പിന്നെ എന്തിനാണ് വൈരാഗ്യം തീര്‍ക്കുന്നത്. ഇത്തരമൊരു കേസ് തന്നെയില്ല. എഫ്.ഐ.ആര്‍ നിലനില്‍ക്കില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍പിള്ള പറഞ്ഞു.

എഫ്.ഐ.ആര്‍ ഇടാനായി അന്വേഷണ സംഘം ദിലീപിന്റെ പുതിയ മൊഴി എടുക്കുകയായിരുന്നെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. തനിക്കെതിരെ എങ്ങനെയെങ്കിലും ഒരു കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് പൊലീസ് എത്തിയത്. വധഗൂഢാലോചനയാക്കി പൊലീസ് മാറ്റുകയായിരുന്നു. ഈ കേസ് നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് കോടതി ദിലീപിന്റെ അഭിഭാഷകനോട് ചോദിച്ചു.

പ്രതികള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ വേണമെന്നും നേരത്തെ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

അതേസമയം കേസില്‍ നിര്‍ണായകമായ ഫോണുകള്‍ തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബില്‍ തന്നെ പരിശോധിക്കും. ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തിന് ആലുവ മജിസ്ട്രേറ്റ് കോടതി അനുവാദം നല്‍കുകയായിരുന്നു.

Noora T Noora T :