ദിലീപിന് ഇനി രക്ഷയില്ല, റെയ്‌ഡിൽ ക്രൈം ബ്രാഞ്ചിനെ ഞെട്ടിച്ച ആ ‘9 ഉപകരണങ്ങൾ’! ആ തെളിവിൽ പിടിവീണു

നടിയെ ആക്രമിച്ച കേസിലും, ഈ കേസിലെ തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും നടൻ ദിലീപിനെതിരെ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം. അതിന്റെ ഭാഗമായി നടന്റെ വീട്ടിലും സ്ഥാപങ്ങളിലും റെയിഡ് നടത്തിയിരുന്നു

ദിലീപിന്റെ വീട്ടിൽനിന്ന് ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത ഒമ്പത് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. കോടതി വഴിയാണ് ഫോറൻസിക് പരിശോധനയ്ക്ക് കൈമാറുക. നിർണായകമായേക്കാവുന്ന ഡിജിറ്റൽ തെളിവുകളാണ് ലഭ്യമായതെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. . പരിശോധനയിൽ ഉപകരണങ്ങളിൽനിന്ന് കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം. ദിലീപിന്റെ പേഴ്സണൽ ഫോണടക്കം നാല് മൊബൈൽ ഫോണുകൾ, രണ്ട് ഐപാഡ്, രണ്ട് പെൻഡ്രൈവ്, ഹാ‌ർഡ് ഡിസ്ക് എന്നിവയാണ് പിടിച്ചെടുത്തത്. നടന്റെ സിനിമാ നിർമ്മാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷന്റെ എറണാകുളം ചിറ്റൂർ റോഡിലുള്ള ഓഫീസിലെ കമ്പ്യൂട്ടറിന്റേതാണ് ഹാ‌ർഡ് ഡിസ്ക്.

വധഗൂഢാലോചനക്കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾ സ്ഥിരീകരിക്കാൻ ശാസ്ത്രീയ തെളിവുകൾ അനിവാര്യമാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ നടൻ ദിലീപ് കണ്ടെന്നും ,തന്നെ കാണാൻ ക്ഷണിച്ചെന്നുമാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. പൾസർ സുനി പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡ് ഗ്രാൻഡ് പ്രൊഡക്ഷൻസിൽ എപ്പോഴെങ്കിലും എത്തിയോയെന്ന് പരിശോധിക്കാനാണ് കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് പരിശോധിക്കുന്നത്.

പത്മസരോവരം വീട്ടിലെ ഹാളിലിരുന്ന് ഗൂഢാലോചന നടത്തുമ്പോൾ ദിലീപിന്റെ കൈവശം തോക്ക് ഉണ്ടായിരുന്നുവെന്നാണ് ബലചന്ദ്രകുമാറിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു കഴിഞ്ഞ ദിവസത്തെ മിന്നൽപരിശോധന. തോക്കിനേയും ദൃശ്യങ്ങളേയും കുറിച്ച് ദിലീപിനോടും സഹോദരൻ അനൂപിനോടും അന്വേഷണസംഘം ചോദിച്ചറിഞ്ഞിരുന്നു. ദിലീപിന്റെ അടുത്ത ബന്ധുക്കളിൽനിന്നും വിവരം ശേഖരിച്ചിട്ടുണ്ട്. തോക്ക് ആരോപണം ദിലീപ് നിഷേധിച്ചു. തോക്ക് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു.

അതേസമയം നടിയെ ആക്രമിച്ച് അശ്ലീലദൃശ്യം പകർത്തിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുള്ള ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് വിചാരണക്കോടതിയിൽ ഹർജി നൽകിയതും ശ്രദ്ധേയമാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് കൈവശമുള്ള ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യാനും, കോടതിയിലല്ലാതെ മറ്റാരുടെയെങ്കിലും കൈവശം ദൃശ്യങ്ങളുണ്ടെങ്കിൽ അത് പുറത്തുവരാനും ഇടയുണ്ടെന്ന് ഹർജിയിൽ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥനോട് വിശദീകരണം തേടിയ വിചാരണക്കോടതി ഹർജി ജനുവരി 20ന് പരിഗണിക്കാൻ മാറ്റി.

നടിയെ ആക്രമിച്ച പ്രതികൾ പകർത്തിയ അശ്ലീലദൃശ്യങ്ങൾ ദിലീപിന്റെ കൈവശം എത്തിയതായി നേരത്തെ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദിലീപിന്റെയും സഹോദരന്റെയും വീടുകളിൽ കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്കും പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ് കോടതിയെ സമീപിച്ചത്.

Noora T Noora T :