നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഒടുവിൽ കോടതി പരിഗണിച്ചിരിക്കുകയാണ്. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേയ്ക്കാണ് മാറ്റിവെച്ചത്. അതുവരെ അറസ്റ്റു ചെയ്യാൻ അനുമതിയില്ല. അറസ്റ്റ് വിഷയത്തിൽ സർക്കാരിന്റെ വിശദീകരണം കേട്ടശേഷമായിരിക്കും വിധി പറയുക. ബാലചന്ദ്രകുമാറിന്റെ മൊഴി കാണണമെന്നും കോടതി ആവശ്യപ്പെട്ടു.
അതിനിടെ നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ കോടതിക്കു കൈമാറണമെന്ന ആവശ്യവുമായി ദിലീപ് എത്തിയിരിക്കുകയാണ്. ദൃശ്യങ്ങൾ ഡിവൈഎസ്പി ബിജു പൗലോസിന്റെ പക്കലുണ്ടെന്ന് ദിലീപ്. ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബൈജു പൗലോസ്. ഇന്നലെ ദിലീപിന്റെ ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്ന നിർമാണക്കമ്പനിയിൽ ഈ ദൃശ്യങ്ങൾ എത്തിയോ എന്ന് പരിശോധിക്കാൻ എത്തിയതും ഡിവൈഎസ്പി ബൈജു പൗലോസാണ്. ഈ ദൃശ്യങ്ങൾ ദുരുപയോഗപ്പെടുത്താനും മറ്റുള്ളവരുടെ കൈകളിൽ എത്താനും സാധ്യതയുണ്ടെന്നും, അതിനാൽ ഉടൻ ഇത് കോടതിക്ക് കൈമാറാൻ ഡിവൈഎസ്പി ബൈജു പൗലോസിനോട് നിർദേശിക്കണമെന്നുമാണ് അസാധാരണമായ ഹർജിയിൽ ദിലീപ് ആവശ്യപ്പെടുന്നത്.
വിചാരണക്കോടതിയിലാണ് ദിലീപ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന് തന്നോടുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നത് എന്നാണ് ദിലീപിന്റെ വാദം. അപായപ്പെടുത്താൻ ഗൂഢാലോചനയെന്ന കേസ് പൊലീസിന്റെ കള്ളക്കഥ ആണെന്നും മുൻകൂർ ജാമ്യം തേടിയുള്ള ഹർജിയിൽ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ ദുർബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായതെന്നാണ് ദിലീപിന്റെ ഹർജിയിലെ പ്രധാന ആരോപണം.
നേരത്തെ തിങ്കളാഴ്ച പരിഗണിച്ച ഹര്‍ജി ദിലീപിന്റെ അഭിഭാഷകന് കൊവിഡ് മൂലം എത്താനാവാത്തതിനെ തുടര്‍ന്നാണ് ദിലീപിന്റെ ജാമ്യ ഹർജി ഇന്നത്തേക്ക് മാറ്റിയത്. ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി മുഴക്കിയതിന് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തതിനെ തുടര്‍ന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷ സമർപ്പിച്ചത്. ദിലീപിനെ കൂടാതെ സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും കോടതിയെ സമീപിച്ചിരുന്നു.
അതേസമയം, ദിലീപുമായി ബന്ധപ്പെട്ട മൂന്നിടങ്ങളില്‍ ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നു. നാടകീയ രംഗങ്ങള്‍ക്കും ഏഴ് മണിക്കൂറോളം നീണ്ട ഉദ്യോഗങ്ങള്ക്കും വിരാമമിട്ടാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ ദിലീപിന്റെ വീട്ടില്‍ നിന്നും മടങ്ങിയത്. ഈ പരിശോധനയുടെ വിവരങ്ങളും കോടതിയിൽ അറിയിച്ചിരുന്നു. പരിശോധനയില്‍ ദിലീപിന്റെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്കൂകളും പിടിച്ചെടുത്തതായാണ് പുറത്ത് വന്ന വിവരം.
ഗുഢാലോചന കേസിന് ഇടയാക്കിയ ദിലീപിന്റെ ഭീഷണി സംഭാഷണം നടക്കുന്ന സമയത്ത് ഇദ്ദേഹത്തിന്റെ കൈവശം തോക്ക് ഉണ്ടായിരുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ പരിശോധന. ഈ തോക്ക് കണ്ടെടുക്കാന്‍ കൂടിയായിരുന്നു ഇപ്പോഴത്തെ പരിശോധന എന്നാണ് വിവരം. ദിലീപിന്റെ ആലുവയിലെ പത്മസരോവരം എന്ന വീടിന് പുറമെ അനുജന് അനൂപിന്റെ വീട്ടിലും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയിലും പരിശോധന നടന്നിരുന്നു.