ടേസ്റ്റ് ചെയ്യാൻ പോകുവാണെന്ന് പറഞ്ഞപ്പോൾ എല്ലാവരും ചാടി വീണു, കറി എന്റെ മുഖത്തായി’; ഷൂട്ടിങ്ങിനിടയിലുണ്ടായ അനുഭവം പങ്കു വെച്ച് നടൻ കിഷോർ !

വിവിധ പരിപാടികളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് കിഷോര്‍. അഭിനയം മാത്രമല്ല അവതാരകനായും ഗായകനായും തിളങ്ങുന്നുണ്ട് അദ്ദേഹം. ഷാപ്പിലെ കറിയും നാവിലെ രുചിയും എന്ന പരിപാടിയുടെ പേര് മാത്രം പറ‍ഞ്ഞാൽ മതി കിഷോർ എന്ന പ്രതിഭയെ മലയാളികൾക്ക് ഓർമിക്കാൻ. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ഷാപ്പുകളിലെല്ലാം കയറി ചെന്ന് അവിടുത്തെ വൈവിധ്യങ്ങളായ രുചികൾ പ്രേക്ഷകരിലേക്ക് എത്തിച്ചത് കിഷോർ ആയിരുന്നു. മിമിക്രിയിലൂടെയാണ് കിഷോർ ടെലിവിഷൻ രംഗത്തെത്തിയത്. കൂടാതെ ഹാസ്യനടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും കിഷോർ നേടിയിട്ടുണ്ട്.

ഇതുവരെ 22ൽ അധികം സിനിമകളുടെ ഭാ​ഗമായിട്ടുണ്ട് കിഷോർ. ആദ്യ സിനിമ ജയസൂര്യ ചിത്രം ഇവർ വിവാഹിതരായാൽ ആയിരുന്നു. നെടുമങ്ങാടിന് സമീപം ഉഴമലയ്ക്കൽ പഞ്ചായത്തിലെ പരുത്തിക്കുഴിയിൽ കേശവൻ ആശാരിയുടെയും നളിനിയുടെയും നാല് മക്കളിൽ ഇളയവനാണ് കിഷോർ. ഉഴമലയ്ക്കൽ ജിപിഎം ട്യൂട്ടോറിയൽ കോളേജിൽ 18 വർഷത്തോളം അധ്യാപകനായിരുന്നു. സുരാജ് വെഞ്ഞാറമൂട്, റിയാസ് നർമകല എന്നിവരോടൊപ്പമാണ് കിഷോർ മിമിക്രി വേദികളിൽ എത്തിയത്. പിന്നീട് സ്വതസിദ്ധമായ ശൈലിയിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ ഇദ്ദേഹം ടെലിവിഷൻ സീരിയലുകളിലും സിനിമകളിലും നിറസാന്നിധ്യമായി.

കൈരളി ടിവിയിലെ കാര്യം നിസാരം, ഏഷ്യാനെറ്റ് പ്ലസിലെ ഷാപ്പിലെ കറിയും നാവിലെ രുചിയും, ഗ്രാമോത്സവം, ഇതാണ് ഞങ്ങ പറഞ്ഞ നടൻ എന്നീ പ്രോഗ്രാമുകളുടെ അവതരണത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി. മികച്ച അവതാരകനുള്ള ഏഷ്യാനെറ്റ് അവാർഡും ലഭിച്ചിട്ടുണ്ട്. സിനിമ-സീരിയൽ രംഗത്ത് സഹനടനായും ഹാസ്യനടനായും തിളങ്ങുന്ന കിഷോർ സാംസ്കാരിക സംഘടനകളുടെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും വേദികളിലെ നിറസാന്നിധ്യമാണ്. മികച്ച കർഷകൻ കൂടിയാണ്. ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് പരിപാടിയിലേയും നിറ സാന്നിധ്യമായിരുന്നു കിഷോർ.

ഇപ്പോൾ മലയാളത്തിലെ പ്രമുഖ ചാനലായ അമൃത ടിവിയിലെ പറയാം നേടാം പരിപാടിയിൽ പങ്കെടുത്ത് വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കിഷോർ. എം.ജി ശ്രീകുമാർ അവതാരകനായ പരിപാടിയിൽ ആദ്യമായാണ് വിശേഷങ്ങൾ‌ പങ്കുവെക്കാനെത്തിയത്. അഭിനയ ജീവിതത്തെ കുറിച്ചും ഭക്ഷണ പ്രിയനായതിനെ കുറിച്ചും പാചകത്തിലുള്ള താൽപര്യം വന്നതിനെ കുറിച്ചുമെല്ലാം മനസ് തുറന്നു. ​മനോഹരമായ ​ഗാനം ആലപിച്ചുകൊണ്ടാണ് കിഷോർ പരിപാടിയിലേക്ക് പ്രവേശിച്ചത്. ‘ഷാപ്പിലെ കറിയും നാവിലെ രുചിയും വളരെ ഇഷ്ടത്തോടെ ചെയ്ത പരിപാടിയായിരുന്നു. കേളത്തിലെ നിരവധി ഷാപ്പുകളിൽ പോകാൻ സാധിച്ചു. പതിനാല് ജില്ലകൾക്കും പതിനാല് രുചികളാണ് എന്നത് എന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. വിവിധ വിഭവങ്ങൾ പരീക്ഷിക്കാനും സാധിച്ചു. നിരവധി രസകരമായ അനുഭവങ്ങളും ഷൂട്ടിങിനിടെ സംഭവിച്ചിട്ടുണ്ട്. ഒരു പ്രാവശ്യം പോകുമ്പോൾ രണ്ട് എപ്പിസോഡുകളാണ് എടുക്കുക. അന്ന് ഷൂട്ടിങിന് പോകുമ്പോൾ ജനങ്ങളിൽ നിന്നും വലിയ പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. ആളുകൾ ഷൂട്ടിങ് കാണാൻ കൂടിയതിന്റെ പേരിൽ‌ പൊലീസ് വന്ന് ക്രൗ‍ഡ് നിയന്ത്രിക്കേണ്ട അവസ്ഥ വരെ വന്നിട്ടുണ്ട്.’

‘ഒരിക്കൽ ഷൂട്ടിങ് നടക്കുകയാണ്. ഉണ്ടാക്കിയ വിഭവം ടേസ്റ്റ് ചെയ്യാൻ പോവുകയാണ്. ഒരു പ്രത്യേക തരം കോഴിയുടെ കറിയായിരുന്നു. പന്ത്രണ്ട് കിലോയോളം ഉണ്ടാക്കിയിരുന്നു. അപ്പോൾ എല്ലാവരും ചുറ്റും കൂടി നിൽക്കുന്നുണ്ട്. എപ്പിസോഡിന്റെ ഭം​ഗിക്ക് വേണ്ടി നമ്മൾ ടേസ്റ്റ് ചെയ്യാൻ പോവുകയാണ് എന്ന് പറയുമല്ലോ…. അപ്പോൾ ഞാനും കുറച്ച് ആളുകളും മാത്രം രുചിക്കും. ശേഷം കൂടി നിൽക്കുന്ന എല്ലാവർക്കും കൊടുക്കും. ഞാൻ ടേസ്റ്റ് ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞതും എന്നെ തള്ളിയിട്ട് എല്ലാവരും കറിയുടെ മുകളിൽ ചാടി വീണു. കറി വെച്ചിരുന്ന പാത്രത്തിൽ മുഖം മുങ്ങി. പിന്നെ പോയി കഴുകി വന്നിട്ടാണ് രണ്ടാമത്തെ എപ്പിസോഡ് ചിത്രീകരിച്ചത്’ കിഷോർ പറയുന്നു.

about kishore

AJILI ANNAJOHN :