കൈതപ്രം വിശ്വനാഥന് വിട, ശവസംസ്കാരം ഔദ്യോഗിക ബഹുമതികളോടെ കോഴിക്കോട് തിരുവണ്ണൂർ പുതിയ കോവിലകം ശ്മശാനത്തിൽ നടന്നു

പ്രശസ്ത സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍റെ ശവസംസ്കാരം ഔദ്യോഗിക ബഹുമതികളോടെ രാവിലെ 10.30-ന് കോഴിക്കോട് തിരുവണ്ണൂർ പുതിയ കോവിലകം ശ്മശാനത്തിൽ നടന്നു. തിരുവണ്ണൂരിലെ സംഗീത വിദ്യാലയത്തിൽ പൊതു ദർശനത്തിന് വച്ച മൃതദേഹത്തിന് അന്തിമോപചാരം അ‍ർപ്പിക്കാൻ വിശ്വനാഥൻ്റെ ശിഷ്യരും സുഹൃത്തുക്കളുമായി നിരവധി പേർ എത്തിയിരുന്നു.



മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, പി.എ.മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർ കോവിൽ, മേയർ ബീന ഫിലിപ്പ്, എം കെ രാഘവൻ എം.പി തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. സിനിമ സംവിധായകൻ ജയരാജ്, നടൻ നിഷാന്ത് സാഗർ എന്നിവരും കൈതപ്രം വിശ്വനാഥന് വിട ചൊല്ലാനെത്തി. ജ്യേഷ്ഠ സഹോദരൻ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മകനും സംഗീതജ്ഞനുമായ ദീപാങ്കുരൻ കൈതപ്രം ചിതക്ക് തീ കൊളുത്തി.

കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സഹോദരനാണ് കൈതപ്രം വിശ്വനാഥൻ . അദ്ദേഹത്തിന്റെ സഹായിയായാണ് സിനിമ ലോകത്തേയ്ക് കടന്നു വന്നത്. ദേശാടനം, കളിയാട്ടം തുടങ്ങിയ ജയരാജ് ചിത്രങ്ങളില്‍ സംഗീത സഹായിയായി പ്രവര്‍ത്തിച്ചു. കണ്ണകി എന്ന ജയരാജ് ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. നെല്ലുപായ എന്ന ഗ്രാമത്തില്‍ വെച്ചായിരുന്നു ആ സിനിമയിലെ എല്ലാ പാട്ടുകളും ചെയ്തത്.

അര്‍ബുദത്തെ തുടര്‍ന്ന് കോഴിക്കോട് എം.വി ആര്‍ കാന്‍സര്‍ സെന്‍ററില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചക്ക് രണ്ടരയോടെയായിരുന്നു കൈതപ്രം വിശ്വനാഥൻ്റെ അന്ത്യം

Noora T Noora T :