സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും

സംവിധായകന്‍ രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാനാകും. ​ഗായകൻ എം.ജി ശ്രീകുമാർ സം​ഗീത നാടക അക്കാദമി ചെയർമാനുമാകും. നിലവിൽ സംവിധായകൻ കമൽ ആണ് ചലച്ചിത്ര അക്കാദമി ചെയർമാൻ. 2016ലായിരുന്നു അദ്ദേഹത്തെ ചെയർമാനായി തിരഞ്ഞെടുത്തത്.

സിപിഎം സെക്രട്ടറിയേറ്റ് യോ​ഗത്തിലാണ് ഈ സ്ഥാനങ്ങളിലേക്ക് ഇവരെ പരി​ഗണിക്കാൻ തീരുമാനം എടുത്തത്. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും.

1987ൽ ‘ഒരു മെയ് മാസ പുലരി’ എന്ന സിനിമയിലൂടെയാണ് രഞ്ജിത്ത് സിനിമ രചനയിലേക്ക് എത്തുന്നത്. തുടർന്ന് വിറ്റ്നസ്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ തുടങ്ങിയ സിനിമകളുടെ ഭാഗമായി. 1993ൽ ‘ദേവാസുരം’ എന്ന സിനിമ അദ്ദേഹത്തിന്റെ കരിയറിലെ ഒരു വഴിത്തിരിവായി മാറി.

2001ൽ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായ രാവണപ്രഭു എന്ന സിനിമയിലൂടെ രഞ്ജിത്ത് സംവിധായകന്റെ തൊപ്പിയും അണിഞ്ഞു. പിന്നീട് ബ്ലാക്ക്, പാലേരിമാണിക്യം, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്, ഇന്ത്യൻ റുപ്പീ തുടങ്ങി നിരവധി സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. നിരവധി തവണ സംസ്ഥാന- ദേശീയ പുരസ്കാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. നടൻ എന്ന നിലയിലും തന്റേതായ പ്രതിഭ തെളിയിക്കാൻ രഞ്ജിത്തിന് കഴിഞ്ഞിട്ടുണ്ട്.

Noora T Noora T :