പുതു തലമുറയെ വഴി തെറ്റിക്കുന്ന സിനിമ… തെറി പോലും നാണിച്ച് പോകുന്ന അവസ്ഥ, ചുരുളിയുടെ അണിയറപ്രവര്‍ത്തകര്‍ ഓര്‍ത്ത് മലയാളി ലജ്ജിക്കണം; രൂക്ഷ വിമര്‍ശനവുമായി നിര്‍മാതാവ് സജി നന്ത്യാട്ട്

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളി സിനിമ പുറത്തിറങ്ങിയതിനു പിന്നാലെ അസഭ്യ വാക്കുകൾ പ്രയോഗിച്ചിരിക്കുന്നതിനെതിരെ രൂക്ഷമായ വിമർശനം വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു. എന്തടിസ്ഥാനത്തിലാണ് സെൻസർ ബോർഡ് ചിത്രത്തിന് അനുമതി കൊടുത്തതെന്നും സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നു.

ഇപ്പോഴിതാ ചുരുളിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍മാതാവ് സജി നന്ത്യാട്ട്. ഒരു ചാനൽ ചർച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചുരുളി എന്ന സിനിമ കേരളത്തിന് അപമാനമാണ് എന്ന് അദ്ദേഹം പറഞ്ഞു.

ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന പേരില്‍ നമ്മുടെ സംസകാരത്തെ വെല്ലുവിളിക്കുകയാണ് സിനിമ. ചുരുളിയെ പുതു തലമുറയെ വഴി തെറ്റിക്കുന്ന ഒരു സിനിമയായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളു. എന്ന് അദ്ദേഹം പറഞ്ഞു. ചുരുളിയുടെ അണിയറപ്രവര്‍ത്തകര്‍ ഓര്‍ത്ത് മലയാളി ലജ്ജിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചുരുളിയുടെ എ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത പതിപ്പാണ് ഇപ്പോള്‍ ഒടിടി യില്‍ പ്രദര്ശിപ്പിക്കുന്നത്. കാരണം ഒടിടിയ്ക്ക് സെന്‍സറിങ്ങ് വേണ്ട എന്ന നിയമം ഉള്ളതുകൊണ്ടാണ് അവര്‍ അങ്ങനെ ചെയ്തിരിക്കുന്നത്. സാംസ്‌കാരിക കേരളത്തിന് അപമാനമാണ് ചുരുളി എന്ന സിനിമ.ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് പറയുന്നതിനെ മുതലെടുത്ത് കൊണ്ട് നമ്മുടെ സംസ്‌കാരത്തെയും പൈതൃകത്തെയും സാക്ഷരതയെയും വെല്ലുവിളിച്ച സിനിമയാണ്. നമ്മുടെ പുതു തലമുറയെ വഴി തെറ്റിക്കുന്ന ഒരു സിനിമയായി മാത്രമേ ചുരുളിയെ കാണാന്‍ സാധിക്കൂ. തെറി പോലും നാണിച്ച് പോകുന്ന അവസ്ഥ. പൈസയ്ക്ക് വേണ്ടി ഇത്ര നികൃഷ്ടമായി എന്തും കാണിക്കുന്ന ഇത്ര സംസ്‌കാരം ഇല്ലാത്തവരെയോര്‍ത്ത് മലയാളി ലജ്ജിക്കണമെന്നും അദ്ദേഹം പറഞ്ഞു

അതേസമയം ചുരുളി വിഷയത്തില്‍ സത്യാവസ്ഥ വെളിപ്പെടുത്തി സെന്‍സര്‍ ബോര്‍ഡ് എത്തിയിരിക്കുകയാണ്. സെന്‍സര്‍ നിയമങ്ങള്‍ക്ക് അനുസൃതമായി ചുരുളി ഫിലിമിന് അനുയോജ്യമായ മാറ്റങ്ങളോടെ എ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ടെന്നും എന്നാല്‍ സോണി ലൈവ് ഓടിടി പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന ചിത്രം പ്രസ്തുത സിനിമയുടെ സര്‍ട്ടിഫൈഡ് പതിപ്പല്ലെന്നും സെന്‍സര്‍ ബോര്‍ഡ് ഔദ്ദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ നിന്നും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. സിനിമയ്ക്കും സംവിധായകനും അണിയറപ്രവര്‍ത്തകര്‍ക്കും നടന്‍ ജോജു ജോര്‍ജിനെതിരെയും ക്രിമിനല്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി നിര്‍വ്വഹാക സമിതിയംഗം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. പച്ചത്തെറികളും അസഭ്യവാക്കുകളും സിനിമകളിലൂടെ കടത്തി വിടുന്നത് അതിന് സംസാരഭാഷ എന്ന നിലയില്‍ സ്വീകാര്യത ഉണ്ടാക്കുന്നതിനും സാമൂഹിക സംഘര്‍ഷത്തിനും നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാന്‍ വഴി തെളിക്കുന്നതിനുമാണ്. സമൂഹത്തെ വഴി തെറ്റിക്കുക എന്ന ഉദ്ദേശത്തോടെയാണ് സിനിമ എടുത്തതെന്നും പരാതിയില്‍ പറയുന്നു.

Noora T Noora T :