ലഹരിമരുന്ന് കേസിൽ ആര്യനെ കുടുക്കി…കേസിൽ വമ്പൻ ട്വിസ്റ്റോ? കൂടുതൽ വിവരങ്ങൾ വ്യക്തമായി പറയാൻ കഴിയില്ല.. അന്വേഷണത്തിനൊരുങ്ങി മുംബൈ പോലീസ്

ആഢംബര കപ്പലിൽ നടന്ന ലഹരിമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഷാരുഖ് ഖാൻ്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റ് മലയാളികളേയും ഞെട്ടിച്ചിരുന്നു. അറസ്റ്റിലായി നാല് ആഴ്ചയ്ക്കു ശേഷം ആര്യന്‍ ജയില്‍മോചിതനായെങ്കിലും അന്വേഷണം ഇപ്പോഴും നടന്ന് കൊണ്ടിരിക്കുകയാണ്

ആര്യൻ ഖാൻ ഉൾപ്പെട്ട കേസ് അന്വേഷണം തുടരുന്നതിനിടെ ആര്യനെ കേസിൽ കുടുക്കിയതാണോ എന്ന് അന്വേഷിക്കാനൊരുങ്ങി മുംബൈ പോലീസ്. കേസിൽ ആര്യനെ കുടുക്കിയതാണോ എന്ന് അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദിലീപ് വൽസെ പാട്ടീൽ അറിയിച്ചതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

ലഹരിമരുന്ന് കേസിൽ ആര്യൻ ഖാൻ അടക്കമുള്ളവർ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് മുംബൈ പോലീസ് അന്വേഷണത്തിന് ഒരുങ്ങുന്നത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ആര്യൻ ഖാനെതിരെ തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. അർസാബ് മർച്ചന്റ്, മുൺമുൺ ധമേച്ച എന്നിവർക്ക് ആര്യൻ ഖാനുമായി ബന്ധമുണ്ടെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. വാണിജ്യ അളവിൽ ലഹരിമരുന്ന് വാങ്ങിക്കാൻ പദ്ധതിയിട്ടെന്ന് അനുമാനിക്കാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു. ലഹരിമരുന്ന് ഉപയോഗിച്ചോയെന്നറിയാൻ വൈദ്യപരിശോധന നടത്തിയിട്ടില്ലെന്നും കോടതി പറഞ്ഞിരുന്നു.

ആര്യൻ ഖാനെതിരെ എൻസിബി ഫയൽ ചെയ്ത കേസ് വ്യാജമാണോ എന്നാണ് മുംബൈ പോലീസ് അന്വേഷിക്കുകയെന്ന് ദിലീപ് വൽസെ പാട്ടീൽ പറഞ്ഞു. “ലഹരിക്കേസിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കിയ സാഹചാര്യത്തിൽ കപ്പലിൽ ലഹരിപ്പാർട്ടി നടന്നോ എന്ന് അന്വേഷിക്കും. കേസ് വ്യാജമാണോ എന്നാകും പരിശോധിക്കുക” – എന്നും അദ്ദേഹം തിങ്കളാഴ്ച പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം വെളിച്ചത്തുവരുകയാണ്. എനിക്ക് ഇപ്പോൾ കൂടുതൽ വിവരങ്ങൾ വ്യക്തമായി പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്ടോബർ രണ്ടിന് മുംബൈയിലെ ആഡംബര കപ്പലിൽ റെയ്ഡ് നടത്തിയ എൻസിബി മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘം ആര്യൻ ഖാൻ അടക്കമുള്ളവരെ കസ്റ്റഡിയിലെടുക്കുകയും മയക്കുമരുന്ന് കേസിൽ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കേസിൽ കൈക്കൂലി ആരോപണം ശക്തമായതോടെ സമീർ വാങ്കഡെയെ അന്വേഷണ ചുമതലയിൽ നിന്ന് നീക്കിയിരുന്നു.

മയക്കുമരുന്ന് കേസ് ഒത്തുതീർപ്പാക്കാൻ ആര്യൻ്റെ പിതാവ് ഷരൂഖ് ഖാനിൽ നിന്ന് ഉന്നത ഉദ്യോഗസ്ഥനും ഇടനിലക്കാരനും 25 കോടി രൂപ ആവശ്യപ്പെട്ടതായി കേസിലെ സാക്ഷി വെളിപ്പെടുത്തിയിരുന്നു. 25 കോടി ചോദിച്ചെങ്കിലും 18 കോടിക്ക് തീർപ്പാക്കാമെന്നും ധാരണമായിരുന്നു. ഇതിൽ എട്ട് കോടി രൂപ സമീർ വാങ്കഡെയ്ക്ക് ഉള്ളതാണെന്ന് ഒത്തുതീർപ്പിന് മുൻ കൈയെടുത്ത പ്രധാന സാക്ഷിയായ കെപി ഗോസാവി ഫോണിൽ പറയുന്നത് കേട്ടെന്നാണ് മറ്റൊരു സാക്ഷിയായ പ്രഭാകർ സയിൽ നടത്തിയ നിർണായക വെളിപ്പെടുത്തൽ.

ഇതിന് പിന്നാലെയാണ് കൈക്കൂലി കേസിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചത്. കേസിലെ സാക്ഷിയായ പ്രഭാകർ സെയിലിൻ്റെ ആരോപണങ്ങൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് മുംബൈ എൻസിബി ഉദ്യോഗസ്ഥർ ഡയറക്ടർ ജനറലിന് കൈമാറിയതിന് ശേഷമാണ് വാങ്കഡെയ്ക്ക് എതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചത്. കസ്റ്റഡിയിൽ തുടരുന്നതിനിടെ ആര്യൻ ഖാനെ കൊണ്ട് പലരെയും ഫോണിൽ വിളിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കൈക്കൂലി കേസിൽ വാങ്കഡയെ വിജിലൻസ് സംഘം ചോദ്യം ചെയ്തിരുന്നു.

Noora T Noora T :