താൻ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടില്ല, നിങ്ങൾക്ക് എന്റെ മുഖത്ത് നുള്ളി നോക്കാം, കത്തിച്ച് നോക്കാം, പക്ഷെ നിങ്ങൾക്ക് പ്ലാസ്റ്റിക് കാണാൻ പറ്റില്ലെന്ന് നായൻസ്; പ്ലാസ്റ്റിക് സർജറിയെന്നാൽ പ്ലാസ്റ്റിക് മുഖത്ത് വെക്കൽ അല്ലെന്ന് കോസ്മെറ്റോളജിസ്റ്റ്

ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി തിളങ്ങി നിൽക്കുകയാണ് നടി. സോഷ്യൽ മീഡിയയിൽ നയൻതാര സജീവമല്ലെങ്കിലും അടുത്തിടെ താരം ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് എടുത്തിരുന്നു.

ഇടയ്ക്കിടെ ഇപ്പോൾ ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ നടിയുടെ ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് വളരെ സജീവമാണ്. അദ്ദേഹമാണ് വിവരങ്ങളെല്ലാം പങ്കുവെച്ച് എത്തുന്നത്. അതുപോലെ തന്നെ അഭിമുഖങ്ങളും താരം അങ്ങനെ നൽകാറില്ല. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ സ്കിൻ കെയർ ബ്രാന്റുമായി ബന്ധപ്പെട്ട് നയൻതാര സംസാരിച്ചത്.

വീഡിയോയിൽ താൻ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടില്ലെന്ന് നയൻതാര പറയുകയുണ്ടായി. ഐ ബ്രോ മേക്കപ്പിൽ വരുന്ന വ്യത്യാസവും ഇടയ്ക്കിടെ വണ്ണം കൂടുകയും കുറയുകയും ചെയ്യുന്നതുമായിരിക്കാം ആളുകൾക്ക് താൻ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ടാകാൻ കാരണമെന്നും നയൻതാര പറഞ്ഞു. മുഖത്ത് നുള്ളി നോക്കാം, കത്തിച്ച് നോക്കാം, പക്ഷെ നിങ്ങൾക്ക് പ്ലാസ്റ്റിക് കാണാൻ പറ്റില്ലെന്നും നയൻതാര പറഞ്ഞു.

എന്നാൽ നയൻസിന്റെ ഈ പരാമർശം പലർക്കും ആശ്ചര്യമായിരുന്നു. ഇക്കഴിഞ്ഞ വർഷങ്ങൾക്കുള്ളിൽ നയൻതാരയുടെ മുഖത്ത് വന്ന മാറ്റങ്ങൾ പ്രകടമാണ്. ഇതിന് പിന്നിൽ പ്ലാസ്റ്റിക് സർജറിയുണ്ടാകുമെന്നാണ് പലരും കരുതിയത്. ഇപ്പോഴിതാ നയൻതാരയുടെ വിശദീകരണത്തിനെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് താരങ്ങളുടെ കോസ്മെറ്റിക് സർജറികളെക്കുറിച്ച് സംസാരിച്ച് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ശിഖ എന്ന കോസ്മെറ്റോളജിസ്റ്റ്.

നയൻതാരയുടെ വാദത്തെ ശിഖ എതിർക്കുന്നു. പ്ലാസ്റ്റിക് സർജറിയെന്നാൽ പ്ലാസ്റ്റിക് മുഖത്ത് വെക്കൽ അല്ല. ഫില്ലറുകൾ ഉണ്ടാക്കുന്നത് ഹെെലറോണിക് ആസിഡ് ഉപയോ​ഗിച്ചാണ്. അത് ഷു​ഗർ ആണ്. ബോടോക്സും പ്ലാസ്റ്റിക് അല്ല. മുഖത്ത് മാറ്റം വരുത്താൻ ചെയ്യുന്ന പ്ലാസ്റ്റിക് സർജറിയിൽ പ്ലാസ്റ്റിക് ഉപയോ​ഗിക്കുന്നില്ലെന്നും ശിഖ വ്യക്തമാക്കി. ബോടോക്സും ഫില്ലേർസും നയൻതാര ഉപയോ​ഗിച്ചി‌ട്ടുണ്ടെന്നാണ് ശിഖ പരോക്ഷമായി പറയുന്നത്.

നേരത്തെ നയൻതാര ചെയ് കോസ്മെറ്റിക് സർജറികളെക്കുറിച്ച് ഇവർ ഒരു വീഡിയോ ചെയ്തിരുന്നു. എന്നാൽ ഇത് പിന്നീട് നീക്കം ചെയ്തു. ഇക്കാര്യം പുതിയ വീഡിയോയു‌ടെ കമന്റ് ബോക്സിൽ ചിലർ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. മുമ്പ് ചെയ്ത വീഡിയോ ഇവരുടെ ഭർത്താവ് നീക്കം ചെയ്യിച്ചതല്ലേ എന്നാണ് ഒരാൾ ചോദിച്ചത്. ഇത്തവണ എന്താകുമെന്ന് നോക്കാമെന്ന് ശിഖ മറുപടിയും നൽകി.

39 കാരിയായ നയൻതാര ഇന്നും വളരെ ചെറുപ്പമാണ് കാണാൻ. കൃത്യമായ ഡയറ്റിം​ഗും വർക്കൗട്ടും നടിക്കുണ്ട്. സിനിമ കഴിഞ്ഞാൽ ലെെം ലൈറ്റിൽ താരത്തെ അധികം കാണാറില്ലായിരുന്നു. എന്നാൽ പുതിയ സ്കിൻ കെയർ ബ്രാൻഡ് തുടങ്ങിയതോടെ ഇതുമായി ബന്ധപ്പെട്ട ഇവന്റുകൾക്കായി താരം എത്താറുണ്ട്. സിനിമാ കരിയറിനൊപ്പം ബിസിനസിലേക്കും താരം ഇന്ന് വലിയ ശ്രദ്ധ നൽകുന്നുണ്ട്.

മക്കൾ കൂടി വന്നതോടെ അവർക്കൊപ്പം സമയം ചിലവഴിക്കുന്നതിനാലാണ് നയൻതാര സന്തോഷം കണ്ടെത്തുന്നത്. അതിനാൽ സിനിമകളുടെ കാര്യത്തിൽ പോലും നയൻതാര സെലക്ടീവാണ്. മക്കളുടെ കാര്യങ്ങൾ മറ്റാരെയും ഏൽപ്പിക്കാതെ പറ്റുന്നതെല്ലാം ചെയ്യാൻ നയൻതാര ശ്രമിക്കാറുണ്ട്.

അതേസമയം, നടിയുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി നവംബർ 18 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. മലയാളത്തിൽ ​ഗോൾഡ് എന്ന സിനിമയിലാണ് നയൻതാരയെ ഒടുവിൽ കണ്ടത്. പൃഥിരാജ് നായകനായെത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഡിയർ സ്റ്റുഡന്റ്സ് ആണ് ഇനി വരാനിരിക്കുന്ന മലയാള സിനിമ. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ. നേരത്തെ ലൗ ആക്ഷൻ ഡ്രാമ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

Vijayasree Vijayasree :