തിയേറ്ററില്‍ പരാജയം, ഒടിടി റിലീസിന് പിന്നാലെ മതവികാരം വൃണപ്പെടുത്തിയെന്ന പേരില്‍ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധവും ; നയന്‍താര ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ നിന്നും നീക്കി!

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ‘അന്നപൂരണി’. ഇപ്പോഴിതാ ചിത്രം നെറ്റ്ഫഌക്‌സില്‍ നിന്നും നീക്കം ചെയ്തിരിക്കുകയാണ്. ചിത്രത്തിനെതിരെ ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ചിത്രം ഒ.ടി.ടിയില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്. ചിത്രം പിന്‍വലിച്ചതായി സീ സ്റ്റുഡിയോ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

മതവികാരം വൃണപ്പെടുത്തിയതില്‍ മാപ്പ് ചോദിക്കുന്നുവെന്നും വിവാദ രംഗങ്ങള്‍ നീക്കുമെന്നും സീ സ്റ്റുഡിയോ അറിയിച്ചു. ഡിസംബര്‍ ഒന്നിന് ആയിരുന്നു അന്നപൂരണി തിയേറ്ററില്‍ എത്തിയത്. തിയേറ്ററില്‍ ശ്രദ്ധ നേടാത്ത ചിത്രം ഡിസംബര്‍ 29ന് ആയിരുന്നു ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചത്.

പിന്നാലെയാണ് ചിത്രം മതവികാരം വ്രണപ്പെടുത്തിയതായി സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. സിനിമ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന പരാതിയില്‍ മുംബൈ പൊലീസ് കേസ് എടുത്തു. നയന്‍താര, സിനിമയുടെ സംവിധായകന്‍ നിലേഷ് കൃഷ്ണ, നായകന്‍ ജയ് എന്നിവരുടെയും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും പേരിലായിരുന്നു കേസ്.

ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും ഹിന്ദുമതത്തെ അവഹേളിക്കുന്നതുമാണ് സിനിമ എന്നുകാണിച്ച് രമേഷ് സോളങ്കിയാണ് മുംബൈയിലെ എല്‍ടി മാര്‍ഗ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ക്ഷേത്ര പൂജാരിയുടെ മകളായ അന്നപൂരണി എന്ന കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിച്ചത്.

ബിരിയാണി ഉണ്ടാക്കേണ്ടി വരുന്ന സീനില്‍ ഹിജാബ് ധരിച്ച് നിസ്‌കരിക്കുന്നതായ ദൃശ്യങ്ങള്‍ സിനിമയിലുണ്ട്. ഇതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മ്മാണം സീ സ്റ്റുഡിയോസും നാഡ് സ്റ്റുഡിയോസും ട്രിഡെന്റ് ആര്‍ട്‌സും ചേര്‍ന്നാണ്.

Vijayasree Vijayasree :