ഉരുൾപെട്ടലിൽ സർവതും നഷ്ടപ്പെട്ട വയനാടിന് കൈത്താങ്ങുമായി നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ വയനാടിന് സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി നയൻതാരയും സംവിധായകനും ഭർത്താവുമായ വിഘ്നേഷ് ശിവനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയാണ് ഇവർ സംഭാവന ചെയ്തത്.
തുക കൈമാറിയ വിവരം ഇവർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുമുണ്ട്. അതേസമയം, ഇതിനോടകം തന്നെ നിരവധി പേരാണ് വയനാടിന് സഹായഹസ്തവുമായി എത്തിയിരുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുൽഖർ സൽമാനും 35 ലക്ഷം രൂപയും കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപയും കമൽഹാസൻ, വിക്രം എന്നിവർ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷം രൂപയും ഗായിക റിമി ടോമി അഞ്ച് ലക്ഷം രൂപയും, പേളിമാണി ശ്രീനീഷ് എന്നിവർ അഞ്ച് ലക്ഷം രൂപയും കൈമറി.
അതേസമയം, ചാലിയാറിൽ പനങ്കയത്ത് ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 341 ആയി. ഇതുവരെ പരിശോധിക്കാത്ത ചെളിയിലാണ് തിരച്ചിൽ. ചെളി മാന്തി വെള്ളത്തിൽ കലർത്തും. പുഞ്ചിരി മട്ടത്ത് നിന്ന് തുടങ്ങി ചൂരൽമല വരെയുള്ള, ഉരുൾപൊട്ടിയൊഴുകിയ വഴിയിലെ ഏറ്റവും വലിയ വളവിലാണ് പരിശോധന.
അഞ്ചാം ദിനവും തിരച്ചിൽ തുടരുകയാണ്. ഇനിയും 200ലധികം ആളുകളെ കണ്ടെത്താനുണ്ട്. ചാലിയാറിലും പരിശോധന തുടരും. 84പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 146 മൃതദേഹം തിരിച്ചറിഞ്ഞു. തിരിച്ചറിയാത്ത 74 മൃതദേഹം ഇന്ന് പൊതു ശ്മശാനങ്ങളിൽ സംസ്‌കരിക്കും. തിരച്ചിൽ ആറ് മേഖലകളിലായി തുടരും. ചാലിയാറിലെ തിരച്ചിലിന് ബോട്ടുകളും ഡ്രോണുകളും ഉപയോഗിക്കും. മൃതദേഹവും ശരീരഭാഗങ്ങളും ഉൾപ്പെടെ 341 പോസ്റ്റ്‌മോർട്ടം നടത്തി.