നയന്‍താര-വിഘ്‌നേഷ് വാടക ഗര്‍ഭധാരണം, തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു വാടകഗർഭധാരണത്തിന് തയ്യാറായത് നടിയുടെ ബന്ധുവാണെന്ന് സൂചന

നയന്‍താര-വിഘ്‌നേഷ് ദമ്പതികളുടെ വാടക ഗര്‍ഭധാരണം സംബന്ധിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പ് ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് അന്വേഷണം നടത്തുന്നത്.

എല്ലാ രേഖകളും സ്ഥാപിത നിയമങ്ങളും നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഗര്‍ഭംധരിച്ച സ്ത്രീയെ പ്രവേശിപ്പിച്ച ആശുപത്രി സന്ദര്‍ശിച്ച് രേഖകള്‍ ശേഖരിക്കുമെന്ന് മന്ത്രി അറിയിച്ചു. പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കില്‍ ദമ്പതികളോട് വിശദീകരണം തേടുമെന്നും ഒരാഴ്ചയ്ക്ക് അകം റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വാടകഗർഭധാരണ നിയന്ത്രണ നിയമ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചല്ല വാടക ഗർഭധാരണത്തിലൂടെ നയൻതാര അമ്മയായതെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയും പ്രസവവും നടന്നതെന്നാണ് വിവരം. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. നയൻതാരയുടെ ഒരു ബന്ധുവാണ് ഇവർക്ക് വേണ്ടി വാടകഗർഭധാരണത്തിന് തയ്യാറായതെന്ന് സൂചനയുണ്ട്.

അടുത്തിടെയാണ് ഇരട്ടകുട്ടികളുടെ മാതാപിതാക്കളായെന്ന വിവരം വിഘ്‌നേഷും നയന്‍താരയും സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. പിന്നാലെ സൈബര്‍ ഇടം വലിയ ചര്‍ച്ചകള്‍ക്ക് വേദിയായി. വിവാഹം കഴിഞ്ഞ് നാല് മാസമായപ്പോഴാണ് ദമ്പതികള്‍ മാതാപിതാക്കള്‍ ആയ വിവരം അറിയിച്ചത്. വാടക ഗര്‍ഭധാരണത്തിലൂടെയാണ് കുഞ്ഞുങ്ങള്‍ ഉണ്ടായതെന്ന് താരങ്ങളുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു. പിന്നാലെ സംഭവത്തില്‍ നിയമ ലംഘനം നടന്നിട്ടുണ്ടെന്ന് ആരോപിച്ച് നിരവധി പേര്‍ രംഗത്തെത്തി. സംഭവത്തില്‍ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Noora T Noora T :