മകളുടെ മുടി തോര്‍ത്തിക്കൊടുത്ത് അച്ഛന്‍; ഈ ലുക്കില്‍ വീഡിയോ പുറത്ത് വിട്ടതിന് വഴക്കുറപ്പാണ്; അച്ഛന് ഫാദേഴ്‌സ് ഡേ ആശംസിച്ച് നവ്യ നായര്‍

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്.

ഇതിലൂടെ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. വിവാഹത്തോടെ സിനിമയില്‍ നിന്ന് നവ്യ ഇടവേളയെടുത്തിരുന്നു. 2010ല്‍ ആയിരുന്നു നവ്യയുടെ വിവാഹം. സന്തോഷ് മേനോന്‍ എന്ന ബിസിനസുകാരനെയാണ് താരം വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. ശേഷം സീന്‍ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്.

ഇപ്പോഴിതാ അച്ഛന് ഫാദേഴ്‌സ് ഡേ ആശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. നവ്യ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. നവ്യയുടെ മുടി തോര്‍ത്തിക്കൊടുക്കുന്ന അച്ഛനെയാണ് വിഡിയോയില്‍ കാണുന്നത്. തന്റെ ജീവനാണ് അച്ഛന്‍ എന്നാണ് നവ്യ പറയുന്നത്. ഈ വിഡിയോ പോസ്റ്റ് ചെയ്തതിന് അച്ഛന്‍ തന്നെ വഴക്കുപറയുമെന്നും താരം കുറിക്കുന്നുണ്ട്.

ഈ ലുക്കില്‍ വീഡിയോ പുറത്ത് വിട്ടതിന് എനിക്ക് വഴക്കുറപ്പാണ് പക്ഷേ ഐ ലവ് ദിസ് അച്ഛോയ്… ക്ഷെമിസ്ബിഡു… പദ്മനാഭസ്വാമിയില്‍ ഭരതനാട്യ കച്ചേരി നടത്തി കുളി കഴിഞ്ഞു വന്നപ്പോ ഉള്ള വീഡിയോ ആണ്… ഇങ്ങനെ വിഡിയോയില്‍ പകര്‍ത്താന്‍ സാധിക്കാതെ മനസ്സില്‍ പതിഞ്ഞുപോയ എത്രയോ നിമിഷങ്ങള്‍.. എന്റെ ജീവന്‍ എന്റെ അച്ഛന്‍ എന്റെ ജീവിതത്തിലെ സൂപ്പര്‍മാന് ഹാപ്പി ഫാദേഴ്‌സ് ഡേ.. എന്നും നവ്യ നായര്‍ കുറിച്ചു.

നവ്യയും അച്ഛനും തമ്മിലുള്ള രസകരമായ സംഭാഷണമാണ് വിഡിയോയിലുള്ളത്. ഈ വിഡിയോ പോസ്റ്റ് ചെയ്ത് നീ എന്നെ നാണം കെടുത്തരുതെന്നാണ് അച്ഛന്‍ പറയുന്നത്.

തന്റെ മുടി തോര്‍ത്തിത്തരുന്നതില്‍ എന്താണ് നാണം കെടാനുള്ളത് എന്ന് നവ്യ ചോദിച്ചപ്പോള്‍ താന്‍ മുടി തോര്‍ത്തുകയല്ലെന്നും തോര്‍ത്ത് പിഴിയുകയാണെന്നുമായിരുന്നു മറുപടി.

പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരുന്നത്. മക്കളെത്ര വളര്‍ന്നാലും അച്ഛന് കുഞ്ഞുങ്ങള്‍ തന്നെയായിരിക്കും, മകള്‍ കല്യാം കഴിഞ്ഞ് ഒരു വലിയ കുട്ടിയുടെ അമ്മയുമായി എന്നിട്ടും അച്ഛനിന്നും മകള്‍ കൊച്ചുകുട്ടി തന്നെയാണ്. ഇങ്ങനൊരു അച്ഛനെ കിട്ടിയ നവ്യ വളരെ ഭാഗ്യവതിയാണ് എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍.

Vijayasree Vijayasree :