പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ നരേൻ. സോഷ്യൽ മീഡിയയിൽ സജീവമായ നടൻ പങ്കുവെയ്ക്കാറുളള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ മഹാകുംഭമേളയിൽ പങ്കെടുത്തിരിക്കുകയാണ് നടൻ. ത്രിവേണീ സംഗമത്തിൽ നിന്നുള്ള ചിത്രങ്ങൾ നരേൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.
പ്രയാഗ് രാജിൽ മറ്റ് തീർത്ഥാടകർക്കൊപ്പം നിൽക്കുന്ന വീഡിയോയും നടൻ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് നരേൻ പ്രയാഗ് രാജിൽ എത്തിയത്. ഇതിനോടകം തന്നെ നിരവധി മലയാള താരങ്ങൾ കുംഭമേളയിൽ പങ്കെടുത്തിരുന്നു. സംയുക്ത മേനോൻ, കൃഷ്ണ കുമാർ, ജയസൂര്യ, സുപ്രിയ മേനോൻ തുടങ്ങിയവർ എത്തിയിരുന്നു.
ഉത്തർ പ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേള ജനുവരി 13 തിങ്കളാഴ്ച ആരംഭിച്ച് ശവരാത്രി ദിവസമായ ഫെബ്രുവരി 26ലാണ് അവസാനിക്കുന്നത്. കുംഭമേളകൾ പലതുണ്ടെങ്കിലും ഏറ്റവും പ്രധാന്യമുള്ളതാണ് മഹാകുംഭമേള. 12 പൂർണ്ണ കുംഭമേളകൾക്ക് ശേഷം വരുന്നതാണ് മഹാകുംഭമേള. ഇത് പ്രയാഗ്രാജിൽ മാത്രമാണ് നടക്കുക എന്ന പ്രത്യേകതയും ഉണ്ട്.
ഹരിദ്വാർ, പ്രയാഗ്രാജ്, നാസിക്, ഉജ്ജയ്നിൻ എന്നിവിടങ്ങളിലാണ് മൂന്നു വർഷം കൂടുമ്പോൾ കുംഭമേളകൾ നടക്കുന്നത്. അർധകുംഭമേളകൾ 6 വർഷത്തിനിടെ ഹരിദ്വാറിലും പ്രയാഗ്രാജിലും നടക്കും. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമം എന്നാണ് മഹാകുംഭമേളയെ വിശേഷിപ്പിക്കുന്നത്. മഹാകുംഭമേള നടക്കുന്ന പ്രയാഗ്രാജിൽ ഗംഗയും യമുനയും ഒപ്പം അദൃശ്യമായി സരസ്വതിയും സംഗമിക്കുന്നുവെന്നാണ് വിശ്വാസം.