ഗ്ലിസറിനിട്ടിട്ടും എനിക്ക് കരച്ചിലും വരുന്നില്ല, ഫീലിങ്ങ്‌സും വരുന്നില്ല, ഒടുക്കം മമ്മൂക്ക അതേ ഡയലോഗ് പറയുന്നത് കേട്ടപ്പോൾ എനിക്ക് ശരിക്കും കരച്ചിൽ വന്നു; അതിപ്പോൾ ആലോചിക്കുമ്പോൾ പോലും എനിക്ക് കരച്ചിൽ വരും; നന്ദു

മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത മലയാളികളുടെ സ്വന്തം പ്രിയങ്കരനായ നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഥാപാത്രങ്ങളിലൂടെ തന്റെ ആരാധകരെ അമ്പരപ്പിക്കുവാൻ മമ്മൂട്ടിയെന്ന നടന് കഴിഞ്ഞിട്ടുണ്ട്. അതിന് ഏറ്റവും ഒടുവിലായി നമ്മൾ കണ്ട പ്രകടനമായിരുന്നു ഭ്രമയുഗം, കാതൽ തുടങ്ങിയ സിനിമകളിലേത്.

എന്നാൽ ഇപ്പോഴിതാ മെഗാസ്റ്റാറിന്റെ അഭിനയം കണ്ട് അത്ഭുതപ്പെട്ട് പോയ ഒരു അനുഭവത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ മനസ് തുറക്കുകയാണ് നന്ദു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു;

മമ്മൂട്ടിയുടെ കൂടെ കുറച്ച് സിനിമകളിലെ ഞാൻ വർക്ക് ചെയ്തിട്ടുള്ളു. അദ്ദേഹത്തെ ഞാനിപ്പോഴും സാർ എന്നാണ് വിളിക്കുന്നത്. വിഷ്ണു എന്ന സിനിമയിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുകയാണ്. അതിലെനിക്ക് കരയുന്നൊരു സീനുണ്ട്. പക്ഷേ കരയാൻ അറിയത്തില്ല. കാരണം ഞാനത് വരെ തമാശയും വളിപ്പുമൊക്കെയാണ് ചെയ്തിട്ടുള്ളത്. നല്ലതൊന്നും കാണിക്കുന്നില്ലല്ലോ. നല്ലൊരു വേഷം കിട്ടിയാലല്ലേ സീരിയസായി അഭിനയിക്കാൻ സാധിക്കുകയുള്ളു.

അതുവരെ എനിക്ക് ഗ്ലിസറിൻ ഇടുകയോ കണ്ണീർ വരുത്തി അഭിനയിക്കുകയോ ചെയ്തിട്ടില്ല. വിഷ്ണു എന്ന സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തെ തൂക്കിക്കൊല്ലാൻ വിധിക്കുന്നുണ്ട്. തൂക്കുന്നതിന് തലേദിവസം കൊടുക്കുന്ന ഭക്ഷണത്തിനാണ് കൊലച്ചോർ എന്ന് പറയുന്നത്. തടവിൽ കഴിയുന്ന ആളുകൾ തന്നെയാണ് പോലീസിന്റെ നിർദ്ദേശപ്രകാരം ഈ ഭക്ഷണം കൊണ്ട് കൊടുക്കുന്നത്.

വിഷ്ണുവിനെ അത്രയും സ്‌നേഹിക്കുന്ന ഞാനാണ് അതിലൊരു കഥാപാത്രം. ഞങ്ങൾ രണ്ടാളും ജയിലിലെ സഹമുറിയനാണ്. വിഷ്ണുവേട്ടനെ തൂക്കികൊല്ലില്ല, സർക്കാർ വെറുതേ വിടും എന്നൊക്കെ ഞാൻ പറഞ്ഞോണ്ട് കരയണം. ബാക്കി ഷോട്ട് ഒക്കെ എടുത്തു. ശേഷം ഞാൻ കരയുന്നത് ക്ലോസ് എടുക്കുകയാണ്. ഗ്ലിസറിനിട്ടിട്ടും എനിക്ക് കരച്ചിൽ വരുന്നില്ല. കരച്ചിൽ മാത്രമല്ല ഫീലിങ്ങ്‌സും വരുന്നില്ല.

മമ്മൂക്ക അവിടെ തന്നെ കസേര ഇട്ട് ഇരുപ്പുണ്ട്. എന്റെ റിഹേഴ്‌സൽ രണ്ട് മൂന്ന് തവണ എടുത്തത് മമ്മൂക്ക ആൾക്കൂട്ടത്തിലിരുന്ന് കാണുന്നുണ്ടായിരുന്നു. എന്നിട്ട് എന്നോട് നീയൊന്ന് ചെയ്‌തേ, കാണട്ടേ എന്ന് പറഞ്ഞു. ആക്ഷൻ പറഞ്ഞപ്പോൾ ഞാൻ ചെയ്ത് കാണിച്ചു. പക്ഷേ കരച്ചിൽ വരുന്നില്ല. ഗ്ലിസറിൻ ഇട്ടിരുന്നോന്ന് പുള്ളി ചോദിച്ചു. എന്നിട്ടും വരുന്നില്ലെന്നായി ഞാൻ.

ഇതോടെ പുള്ളി ഞാൻ ചെയ്യുന്നത് എങ്ങനെയാണെന്ന് നോക്കിക്കോളാൻ പറഞ്ഞു. എന്നിട്ട് എന്റെ ഡയലോഗ് നോക്കിയിട്ട് പറയാൻ തുടങ്ങി. അദ്ദേഹം ഡയലോഗ് പറയുന്നത് കേട്ടപ്പോൾ എനിക്ക് ശരിക്കും കരച്ചിൽ വന്നു. അതുപോലെ തന്നെ ഞാനും പറയാൻ ശ്രമിച്ചു. പക്ഷേ പുള്ളി ചെയ്തതിന്റെ ആയിരത്തിലൊരു ശതമാനം പോലും എനിക്ക് നന്നായി വന്നില്ല. പക്ഷേ മുൻപ് ചെയ്തതിനെക്കാളും മനോഹരമായി.

ഞാൻ അത്ഭുതപ്പെട്ടത് അദ്ദേഹം അവിടെ വന്ന് നിന്നിട്ട് ഗ്ലിസറിൻ പോലുമിടാതെ എനിക്ക് കാണിച്ച് തരാൻ വേണ്ടി കരഞ്ഞു. അഭിനയിച്ച് കാണിച്ച് തന്നപ്പോൾ പോലും ശരിക്കും വെള്ളം വന്നു. അതിപ്പോൾ ആലോചിക്കുമ്പോൾ എനിക്ക് കരച്ചിൽ വരും. അസാധ്യ അഭിനയമാണ്. ജീവിതത്തിലെനിക്കത് മറക്കാൻ സാധിക്കില്ല. ഭയങ്കര അനുഭവമായിരുന്നുവെന്നും നന്ദു പറയുന്നു.

അതേസമയം, പതിനാറുവർഷത്തെ ഇടവേളയ്ക്കുശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നുവെന്ന തരത്തിലും റിപ്പോർട്ടുകളുണ്ടായിരുന്നു. പതിനൊന്നുവർഷംമുൻപ് മമ്മൂട്ടി നായകനായ കടൽ കടന്നൊരു മാത്തുക്കുട്ടിയിൽ മോഹൻലാൽ അതിഥിവേഷത്തിൽ എത്തിയിരുന്നു. എന്നാൽ ഇരുവരും തുല്യപ്രധാന്യമുള്ള നായകരായി അവസാനമായി ഒന്നിച്ചത് 2008-ൽ ട്വന്റി-20 യിലാണ്. ജോഷി സംവിധാനം ചെയ്ത ട്വന്റി-20 അന്ന് ബോക്‌സോഫീസിൽ റെക്കോഡ് വിജയമാണ് നേടിയത്.

Vijayasree Vijayasree :