പൊതുവേദിയില്‍ അക്കിനേനി കുടുംബത്തെ അപമാനിച്ച് നന്ദമൂരി ബാലകൃഷ്ണ; മറുപടിയുമായി നാഗചൈതന്യ അക്കിനേനി

തെലുങ്ക് സിനിമ ലോകത്ത് നിരവധി ആരാധകരുള്ള രണ്ട് താരകുടുംബങ്ങളാണ് അക്കിനേനി കുടുംബവും നന്ദമൂരി കുടുംബവും. എന്‍ടിആറില്‍ തുടങ്ങുന്ന നന്ദമൂരി കുടുംബത്തിന്റെ ചരിത്രവും, അക്കിനേനി നാഗേശ്വര റാവുവില്‍ തുടങ്ങുന്ന അക്കിനേനി കുടുംബ ചരിത്രവും തെലുങ്ക് സിനിമയുടെ കൂടി ചരിത്രമാണ്.

എന്നാല്‍ പരസ്പരം ബഹുമാനം പുലര്‍ത്തുന്ന ഈ കുടുംബങ്ങള്‍ തമ്മിലുള്ള പുതിയ സംഘര്‍ഷത്തിന് വഴി വച്ചിരിക്കുകയാണ് നന്ദമൂരി ബാലകൃഷ്ണയുടെ പുതിയ പ്രസ്താവന. തന്റെ ചിത്രം വീര സിംഹ റെഡ്ഡിയുടെ വിജയാഘോഷ വേളയിലാണ് ബാലകൃഷ്ണ അക്കിനേനി നാഗേശ്വര റാവുവിനെ അപമാനിച്ച് സംസാരിച്ചത്.

‘എന്റെ അച്ഛന്‍ സീനിയര്‍ എന്‍ടിആറിന് ചില സമകാലികര്‍ ഉണ്ടായിരുന്നു. ആ രംഗ റാവു, ഈ രംഗ റാവു (എസ്.വി രംഗറാവുവിനെ ഉദ്ദേശിച്ച്) അക്കിനേനി, ഇക്കനേനി എന്നൊക്കെ പറഞ്ഞ്’ എന്നാണ് ബാലയ്യ പറഞ്ഞത്. ഇതാണ് വിവാദങ്ങള്‍ര്ര് വഴിതെളിച്ചത്. ബാലയ്യ ആരാധകരില്‍ ചിലര്‍ തന്നെ ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

എന്നാല്‍ പ്രശ്‌നം രൂക്ഷമായതോടെ ബാലയ്യയെ നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും ശക്തമായ ഒരു ട്വീറ്റുമായി അക്കിനേനി നാഗേശ്വര റാവുവിന്റെ കൊച്ചുമകന്‍ ആയ നാഗ ചൈതന്യയും രംഗത്ത് എത്തി. എഎന്‍ആര്‍ ഇപ്പോഴും ജീവിക്കുന്ന (#ANRLivesOn) എന്ന ഹാഷ്ടാഗോടെ എന്‍ടിആര്‍, എഎന്‍ആര്‍, എസ്.വി രാമറാവു എന്നിവര്‍ തെലുങ്ക് സിനിമയ്ക്ക് അഭിമാനം നല്‍കുന്ന സംഭാവന നല്‍കിയവരാണെന്നും. അവരെ അപമാനിക്കുന്നവര്‍ സ്വയം അപമാനിതരാകുമെന്നും പ്രതികരിച്ചു.

ബാലകൃഷ്ണയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായ വീര സിംഹ റെഡ്ഡിയുടെ വിജയാഘോഷത്തിലാണ് ബാലകൃഷ്ണയുടെ വിവാദ പാരമര്‍ശം. ബാലകൃഷ്ണയ്ക്ക് നാക്കുപിഴ പറ്റിയതാണെന്ന പരാമര്‍ശവുമായി അദ്ദേഹത്തിന്റെ ചില അടുത്ത വൃത്തങ്ങള്‍ പ്രശ്‌നം തണുപ്പിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്.

Vijayasree Vijayasree :