ചെറിയ ചെറിയ സന്തോഷങ്ങളാണ് തങ്ങളുടെ ജീവിതം; 36 വർഷത്തെ ദാമ്പത്യ ജീവിതത്തെ കുറിച്ച് നദിയ മൊയ്തു

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് നദിയ മൊയ്തു. എൺപതുകളിൽ അഭിനയ രംഗത്തേയ്ക്ക് കടന്ന് വന്ന നദിയ തുടക്കക്കാലത്ത് തന്നെ ശ്രദ്ധേയ വേഷങ്ങളാണ് ലഭിച്ചത്. മലയാളത്തിലും തമിഴിലും തിരക്കുള്ള നായികയായിരിക്കെ 1988 ലായിരുന്നു നടിയുടെ വിവാഹം. സിനിമാ ലോകം വിട്ടു.

വെറും മൂന്ന് വർഷക്കാലയളവിനുള്ളിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ നദിയക്ക് ചെയ്യാനായി. പിന്നീട് വർഷങ്ങൾക്കിപ്പുറമാണ് നടി സിനിമാ ലോകത്തേക്ക് തിരിച്ചെത്തുന്നത്. ഷിരിഷ് ഗൊഡ്ബെലെയെന്നാണ് നദിയ മൊയ്തുവിന്റെ ഭർത്താവിന്റെ പേര്. രണ്ട് മക്കളും ദമ്പതികൾക്കുണ്ട്. മഞ്ജു വാര്യർ, നസ്രിയ നസീം തുടങ്ങിയ നടിമാരെ പോലെ വൻ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കെയാണ് നദിയ സിനിമാ ലോകം വിടുന്നത്.

ഇപ്പോൾ വളരെ അധികം സജീവമാണ് നടി. അടുത്തിടെ ക്രിസ്മസ് പ്രമാണിച്ചുള്ള ഒരു ടെലിവിഷൻ പരിപാടിയിൽ സംസാരിക്കവെ നടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. 36 വർഷത്തെ ദാമ്പത്യ ജീവിതത്തെ കുറിച്ചാണ് നദിയ സംസാരിക്കുന്നത്. ഡിസംബർ 24 ന് ആണ് ഞങ്ങളുടെ വിവാഹ വാർഷികം. ചെറിയ ചെറിയ സന്തോഷങ്ങളാണ് തങ്ങളുടെ ജീവിതം എന്നും നദിയ പറയുന്നു.

സ്‌കൂൾ കാലം മുതലേ അറിയാവുന്ന സുഹൃത്തുക്കളായിരുന്നു രണ്ട് പേരും. കോളേജ് കാലം ആയപ്പോഴേയ്ക്കും പ്രണയത്തിലായി. അതിനിടയിൽ നദിയ സിനിമയിലേയ്ക്കും വന്നു. പ്രണയം വീട്ടിലറിഞ്ഞപ്പോൾ മുന്നോട്ട് പോകുമോ എന്ന സംശയമായിരുന്നു. രണ്ട് പേരും രണ്ട് മതത്തിൽ പെട്ടവരാണ്.

എന്നാൽ അതുകൊണ്ട് കാര്യമായ എതിർപ്പുകളൊന്നും വീട്ടിൽ നിന്നും ഉണ്ടായിരുന്നില്ല. പക്ഷേ തമിഴിലും മലയാളത്തിലും തിരക്കുപിടിച്ച നടിയായി തിളങ്ങി നിൽക്കുന്ന നദിയ വിവാഹ ശേഷം അതൊക്കെ വിട്ട് സാധാരണമായൊരു ജീവിതത്തിലേയ്ക്ക് പോകാൻ പറ്റുമോ എന്നായിരുന്നു ഭർത്താവ് ഷിരീഷിന്റെ സംശയമെന്നും നടി പറയുന്നു.

നേരത്തെ, സിനിമയേക്കാൾ പ്രാധാന്യം തനിക്ക് കുടംബത്തോടായിരുന്നുവെന്ന് നടി പറഞ്ഞിരുന്നു. സിനിമ എന്റെ പാഷനാണ്. പക്ഷെ പ്രയോരിറ്റിയല്ല. ആറ് മണിക്കാണ് ഷൂട്ട് കഴിയുന്നതെങ്കിൽ പോലും ഞാൻ വീട്ടിലേക്ക് ഓടും. അതെന്റെ ചെറിയ കൂടാണ്. അവിടെയാണ് തനിക്കിഷ്ടമെന്നും നദിയ മൊയ്തു വ്യക്തമാക്കി. സിനിമ ചെയ്യാതിരുന്ന കാലവും ഞാൻ ആസ്വദിച്ചു.

എന്റെ സ്റ്റാർഡം ‍ഞാൻ ഒരിക്കലും ഗൗരവത്തിൽ എ‌ടുത്തിട്ടില്ല. ഇതെല്ലാം എന്റെ ജീവിതത്തിലെ ബോണസാണ്. എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കുന്ന സമയമാണ് പ്രധാനം. നടിയെന്ന ബാഗേജ് ഇല്ലാതെ എനിക്കിഷ്ടമുള്ള കാര്യങ്ങൾ പറയാം. ആ പേഴ്സണൽ സ്പേസ് എനിക്കിഷ്ടമാണ്. സിനിമ ഞാൻ കണ്ടത് 9-5 ജോലി പോലെയാണ്. സെറ്റിൽ എന്റെ ജോലിയാണ് ചെയ്യുന്നത്.

തിരിച്ചെത്തുമ്പോൾ ഞാൻ നദിയ അല്ല സറീനയാണ്. അതാണ് എന്റെ യഥാർത്ഥ പേര്. സിനിമാ രംഗത്തല്ലാത്ത സുഹൃത്തുക്കൾക്ക് ഞാൻ സറീനയാണ്. സിനിമാ രംഗത്തുള്ളവർക്ക് നദിയയും. വിവാഹ ശേഷം അമേരിക്കയിൽ പുതിയൊരു ജീവിതം തുടങ്ങിയതിനെക്കുറിച്ചും നദിയ മാെയ്തു സംസാരിച്ചു. വിവാഹ ശേഷമാണ് അമേരിക്കയിൽ പോയത്.

ആദ്യത്തെ മൂന്ന് മാസം അമേരിക്കയെക്കുറിച്ച് മനസിലാക്കി. ഞാൻ മുമ്പ് തിരക്ക് പിടിച്ച ജീവിതം നയിച്ചതിനാൽ ഇവിടെ എന്തെങ്കിലും ചെയ്യുന്നത് നന്നാകുമെന്ന് ഭർത്താവിന് തോന്നി. അസോസിയേറ്റ്സ് ഡിഗ്രി ചെയ്യാൻ നിർദ്ദേശിച്ചു. രണ്ട് വർഷം ആ കോഴ്സ് ചെയ്തു. ഉയർന്ന റാങ്ക് നേടി. അത് തനിക്ക് അഭിമാന നിമിഷമായിരുന്നെന്നും നദിയ പറഞ്ഞിരുന്നു.

എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന സിനിമയിലൂടെയാണ് നദിയ സിനിമാ ലോകത്തേക്ക് തിരിച്ച് വരുന്നത്. ഇതേക്കുറിച്ചും നടി സംസാരിച്ചു. ആ സിനിമ ചെയ്യണോ എന്ന് ചിന്തിച്ചു. കുട്ടികൾ വളരെ ചെറുതായിരുന്നു. എന്നാൽ ഭർത്താവ് പ്രോത്സാപിപ്പിച്ചു. ആളുകൾക്ക് നിന്നെ സ്ക്രീനിൽ കണ്ട് മതിയായിട്ടില്ലെന്ന് തോന്നുന്നു. ഇപ്പോഴും കാണാൻ അവർ ആഗ്രഹിക്കുന്നു. നീ ശ്രമിച്ച് നോക്കെന്ന് പറഞ്ഞു. ഞാൻ അദ്ദേഹത്തിന്റെ മാതാപിതാക്കളോടും ചോദിച്ചുവെന്നും നടി പറഞ്ഞിരുന്നു.

Vijayasree Vijayasree :