ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ ട്രാന്‍സ് കമ്യൂണിറ്റിയെ പ്രതിനിധികരിച്ച് ഒറിജിനലായി എത്തിയ നാദിറ വിടവാങ്ങി. ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയില്‍ ടിക്കറ്റ് ടു ഫിനാലെ ജയിച്ച് എത്തിയ നാദിറ പണപ്പെട്ടിയിലെ പണം സ്വീകരിച്ചാണ് ഷോയില്‍ നിന്ന് പടിയിറങ്ങിയിരിക്കുന്നത്. 7.75 ലക്ഷം രൂപയുടെ മണിബോക്സ് എടുത്താണ് ഷോയില്‍ നിന്ന് നാദിറ പുറത്തായത്. ടിക്കറ്റ് ടു ഫിനാലെ മത്സരം വിജയിച്ചാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ നേരിട്ട് ഇടം നേടിയ ആദ്യ മത്സരാര്‍ഥി കൂടിയായിരുന്നു നാദിറയുടെ പിന്‍മാറ്റം അപ്രതീക്ഷിതമായിരുന്നു.
ബിഗ് ബോസിലെ ഏറ്റവും വ്യത്യസ്തമായ ടാസ്‌ക് ആയിരുന്നു പണപ്പെട്ടി. ഹൗസില്‍ പ്രദര്‍ശിപ്പിച്ച പെട്ടികളില്‍ ഓരോ തുക രേഖപ്പെടുത്തിയിരിക്കും. ഷോയില്‍ തുടരാന്‍ താല്‍പര്യം ഇല്ലാത്തവര്‍ക്ക് ഇതു തുറന്ന് പെട്ടിയിലുള്ള പണമെടുത്ത് പുറത്തു പോകാം. ഇതുവരെയുള്ള ബിഗ് ബോസ് സീസണുകളില്‍ പണപ്പെട്ടി ആരും എടുത്തിട്ടില്ല. പണപ്പെട്ടി ടാസ്‌ക്ക് തുടങ്ങിയ ഇന്നലെ പണപ്പെട്ടിയില്‍ കാണിച്ച തുകയില്‍ ഏറ്റവും വലിയ തുക ആറു ലക്ഷത്തി അന്‍പതിനായിരം ആയിരുന്നു. താന്‍ ഫൈനല്‍ വരെ നിന്നാലും വിജയി ആകുമെന്ന് ഉറപ്പില്ലെന്നും ഈ കാണിക്കുന്ന തുക വലുതാണെന്നും പറഞ്ഞാണ് നാദിറ പണപ്പെട്ടി എടുത്ത് പുറത്തു പോകാന്‍ തയാറായിരുന്നു. എന്നാല്‍ ഇതു പണപ്പെട്ടി ടാസ്‌കിന്റെ ആദ്യ ദിനമാണെന്നും നാളെ പുതിയ പെട്ടികള്‍ തുറന്നു കാണിക്കുമെന്നും ബിഗ് ബോസ് പറഞ്ഞു. അതോടെ അടുത്ത പെട്ടികള്‍ വരെ കാത്തിരിക്കാന്‍ നാദിറ കാത്തിരുന്നു.
ഷോയുടെ ഭാഗമായി ഇന്ന് പണപ്പെട്ടി തുറന്നപ്പോള്‍ ആദ്യം കാണിച്ചത് മൂന്നര ലക്ഷവും അടുത്ത പെട്ടിയില്‍ അഞ്ചു ലക്ഷവുമാണ് ഉണ്ടായിരുന്നത്. ഇതോടെ ഇനിയുള്ള പെട്ടികളില്‍ തുക കുറവായിരിക്കുമോ എന്ന ആശങ്കയിലായി നാദിറ. അടുത്തതായി തുറന്ന പണപ്പെട്ടിയില്‍ 775000 ആയിരുന്നു ഉണ്ടായിരുന്നത്. അടുത്ത പെട്ടി തുറക്കുമ്പോള്‍ അതില്‍ തുക കുറവാണെങ്കില്‍ ചെയ്തത് മണ്ടത്തരമായിപ്പോകുമെന്നു പറഞ്ഞ നാദിറ 775000 എടുത്ത് പുറത്തുപോകാന്‍ തീരുമാനിക്കുകയായിരുന്നു. ഉടന്‍ തന്നെ പണപ്പെട്ടി എടുത്ത് പുറത്തു വരാന്‍ നാദിറയോട് ബിഗ് ബോസ് പറഞ്ഞു. തുടര്‍ന്ന് നാദിറ ഹൗസില്‍ നിന്നും നിന്നും പുറത്തിറങ്ങി ബിഗ് ബോസ് ഷോയോട് വിടപറയുകയുമായിരുന്നു.
ബിഗ് ബോസ് സീസണ്‍ ഫൈവില്‍ ഏറ്റവും നന്നായി കളിച്ച മത്സരാര്‍ഥിയാണ് നാദിറ എന്നാണ് അഖില്‍ മാരാര്‍ അഭിപ്രായപ്പെട്ടത്. പ്രേക്ഷരുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയാണ് നാദിറ മടങ്ങുന്നതെന്ന് അഖില്‍ പറയുന്നു. ടിക്കറ്റ് ടു ഫിനാലെ വളരെ കഷ്ടപ്പെട്ട് നേടിയെടുത്താണ് നാദിറ ഫൈനലില്‍ ഇടം പിടിച്ചത്. സ്വന്തം വീട്ടുകാരും അംഗീകരിച്ചതോടെ ബിഗ് ബോസിലെ വിജയിയായിട്ടാണ് നാദിറ മടങ്ങുന്നതെന്ന് ഷിജു പറയുന്നു.
എങ്കിലും ജീവിക്കാന്‍ പണം ആവശ്യമായതുകൊണ്ടു തന്നെ നാദിറയുടെ ഈ തീരുമാനം തന്നെയാണ് ഏറ്റവും മികച്ചതെന്നാണ് മറ്റു മത്സരാര്‍ഥികളുടെയും അഭിപ്രായം. ഗ്രാന്‍ഡ് ഫിനാലേക്ക് നാല് ദിവസം മാത്രം അവശേഷിക്കുന്ന ബിഗ് ബോസ് സീസണ്‍ ഫൈവില്‍ നാദിറ മടങ്ങിയതോടെ സെറീന, ശോഭ, അഖില്‍, ഷിജു, ജുനൈസ്, റെനീഷ എന്നീ ആറു മത്സരാര്‍ഥികളാണ് അവശേഷിക്കുന്നത്.