കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടി ഷെഫാലി ജരിവാലയുടെ മരണ വാർത്ത പുറത്തെത്തുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആദ്യം പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ. എന്നാൽ നടിയുടെ മരണത്തിൽ വീണ്ടും ദുരൂഹതകയേറുകയാണ്. കഴിഞ്ഞ ആറ് വർഷമായി യുവത്വം നിലനിർത്താനുള്ള പ്രത്യേക ചികിത്സയിലായിരുന്നു ഷെഫാലിയെന്നാണ് വിവരം.
ചർമസൗന്ദര്യത്തിന് വിറ്റാമിൻ സിയും ഗ്ലൂട്ടാത്തിയോണും താരം വർഷങ്ങളമായി ഉപയോഗിച്ചിരുന്നു. ഷെഫാലി ജരിവാല പ്രായം തോന്നിക്കുന്നത് തടയാനുള്ള ആന്റി-എയ്ജിങ് ചികിത്സ നടത്തിയിരുന്നുവെന്നാണ് അവരുമായി അടുപ്പമുണ്ടായിരുന്ന വൃത്തങ്ങൾ പറയുന്നത്. ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തി യുവത്വം നിലനിർത്താനായി വർഷങ്ങൾക്ക് മുമ്പ് തന്നെ ഷെഫാലി ചികിത്സ തുടങ്ങിയതായാണ് വിവരം.
വിറ്റാമിൻ സി, ഗ്ലൂട്ടാത്തയോൺ എന്നിവയാണ് ആന്റി-എയ്ജിങ് ചികിത്സയ്ക്ക് പ്രധാനമായയി ഉപയോഗിക്കുന്ന മരുന്നുകൾ. ചർമ്മം ഭംഗിയായി നിലനിർത്താനും ഡീടോക്‌സിഫിക്കേഷനും വേണ്ടിയാണ് ഗ്ലൂട്ടാത്തയോൺ ഉപയോഗിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഗ്ലൂട്ടാത്തിയോൺ ഉൾപ്പെടെയുള്ള ഇത്തരം സൗന്ദര്യ വർദ്ധക ഉത്പന്നങ്ങൾക്കും ചികിത്സകൾക്കും ഹൃദയാരോഗ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
പോസ്റ്റുമോർട്ടം റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും ലഭിച്ചാൽ മാത്രമേ യഥാർത്ഥ മാരണകാരണം വ്യക്തമാവുകയുള്ളൂ. മരണസമയത്ത് ഭർത്താവും നടനുമായ പരാഗ് ത്യാഗി മാത്രമാണ് ഷെഫാലിയോടൊപ്പം ഉണ്ടായിരുന്നത്. ഷെഫാലിയെ സ്വവസതിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പുലർച്ചെ ഏതാണ്ട് ഒരുമണിയോടെയാണ് ഈ വിവരം പോലീസിന് ലഭിച്ചത്. മൃതദേഹം കൂപ്പർ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി അയച്ചു. മരണ കാരണം വ്യക്തമല്ല എന്നാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.
ഷെഫാലിയുടെ മരണം സ്ഥിരീകരിച്ചതിനുപിന്നാലെ ഫൊറൻസിക് വിദഗ്ധരും പോലീസിനൊപ്പം അവരുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. നടിയുടെ കുടുംബം അവരുടെ മരണത്തേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇക്കാര്യത്തിൽ കുടുംബം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുമെന്നാണ് കരുതുന്നത്.
അതേസമയം, സൽമാൻ ഖാൻ ചിത്രമായ ‘മുജ്‌സെ ഷാദി കരോഗി’യിലും ഷെഫാലി പ്രധാനവേഷത്തിലെത്തിയിരുന്നു. 2019-ൽ ബേബി കം ന എന്ന വെബ്സീരീസിലും വേഷമിട്ടു. ‘ബൂഗി വൂഗി’, ‘നാച്ച് ബലിയേ’ തുടങ്ങിയ പ്രശസ്തമായ ഡാൻസ് റിയാലിറ്റി ഷോകളിലും ഷെഫാലി തിളങ്ങിയിരുന്നു. 2002-ൽ കാണ്ടാ ലഗാ എന്ന മ്യൂസിക് വീഡിയോ ആണ് ഷെഫാലി ജരിവാലയുടെ കരിയറിൽ തന്നെ വലിയ വഴിത്തിരിവാകുന്നത്.