ദിലീപിനെതിരെ അന്ന് കൂവിയവര്‍ക്കൊപ്പം നില്‍ക്കാന്‍ സാധിക്കില്ലല്ലോ. ആരോപണം ഉയരുക മാത്രമാണ് ചെയ്തത് ; മുരളി ഗോപി

ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച പ്രിയ നടനാണ് മുരളി ഗോപി. ഭരത് ഗോപി എന്ന അനശ്വര നടന്റെ മകനെന്ന മേല്‍വിലാസം മാത്രമായിരുന്നു അന്ന് മുരളി ഗോപിക്ക് ഉണ്ടായിരുന്നത്. പിന്നീട് മലയാള സിനിമയിൽ ഒഴിച്ചുകൂടാനാകാത്ത തിരക്കഥാകൃത്തായും നടനായും അദ്ദേഹം മാറി. ലൂസിഫർ ഉൾപ്പടെയുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് മുരളി ​ഗോപിയുടെ തുലികയിലൂടെ ജീവൻവച്ചു.

രസികനിലെ വില്ലനായി അഭിനയിച്ചതോടൊപ്പം ചാഞ്ഞ് നിൽക്കണ പൂത്ത മാവിൻ്റെ… എന്ന് തുടങ്ങുന്ന ഒരു ഗാനവും ആലപിച്ചു. സിനിമയിലെ താരത്തിന്റെ വില്ലൻ വേഷം ശ്രദ്ധിക്കപ്പെട്ടു. സിനിമ സമ്മിശ്ര പ്രതികരണമാണ് നേടിയത്. പിന്നീട് കുറച്ച് കാലം ദുബായിൽ ജോലി നോക്കി. 2009ൽ റിലീസായ ഭ്രമരം എന്ന മോഹൻലാൽ ചിത്രത്തിൽ ഡോ.അലക്സ് എന്ന കഥാപാത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം മലയാളത്തിൽ മുരളി ​ഗോപി തിരിച്ചെത്തി.

പിന്നീടങ്ങോട്ട് ഇടതടവില്ലാതെ ഒട്ടനവധി കഥാപാത്രങ്ങൾ ചെയ്യുകയും തിരക്കഥകൾ എഴുതുകയും സിനിമകൾ നിർമ്മിക്കുകയും ചെയ്തു. കഥയ്ക്കൊ കഥാപാത്രങ്ങള്‍ക്കൊ പിന്നാലെ മുരളി ​ഗോപി പോവാറില്ലെന്നും മറിച്ച് അവ അയാളെ തേടിയെത്തുകയാണെന്ന് പൊതുവെ തോന്നാറുണ്ടെന്നുമാണ്സിനിമാപ്രേമികൾ താരത്തെ കുറിച്ച് പറയാറുള്ളത്.

വ്യക്തമായ കാലബോധവും കലാബോധവുമുള്ള എഴുത്തുകാരന്‍ എന്ന നിലയില്‍ തന്റെ ആദര്‍ശവും ദിശാബോധവുമാണ് മുരളി ഗോപി ചിത്രങ്ങളില്‍ പ്രതിഭലിക്കാറ്. എമ്പുരാനാണ് ഇനി മുരളി ​ഗോപിയിൽ നിന്നും പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമ.ലൂസിഫറിന്റെ വൻ വിജയത്തിന് ശേഷമാണ് പൃഥ്വിരാജും മുരളി ​ഗോപിയും എമ്പുരാൻ തിയേറ്ററുകളിലെത്തിക്കാൻ ശ്രമിക്കുന്നത്. വൻ പ്രതീക്ഷയാണ് സിനിമയെ കുറിച്ച് പ്രേക്ഷകർക്കുള്ളത്. ഏത് വിഷയത്തിലും തന്റെതായ അഭിപ്രായ പ്രകടനങ്ങൾ നടത്താൻ മുരളി മടികാണിക്കാറില്ല. അത്തരത്തിൽ നടൻ ദിലീപിനെ കുറിച്ച് മുരളി ​ഗോപി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

ദിലീപിന്റെ പേരിൽ‌ വിവാ​ദങ്ങൾ ഉണ്ടായശേഷം സിനിമാ മേഖലയിൽ നിന്നും പലരും നടനൊപ്പം ഇനി സിനിമകൾ ചെയ്യുകയോ സഹകരിക്കുകയോ ഇല്ലെന്ന് പ്രഖ്യാപിച്ചിരുന്നു.എന്നാൽ ജയിൽവാസം കഴിഞ്ഞ് ദിലീപ് തിരികെ എത്തിയ ശേഷവും മുരളി ​ഗോപി ദിലീപുമായി സഹകരിച്ചു. അതിന് പിന്നിലെ കാരണമെന്താണെന്ന് മുരളി ​ഗോപി വെളിപ്പെടുത്തിയത്. കമ്മാരസംഭവം എന്ന ചിത്രത്തില്‍ ദിലീപിനൊപ്പം മുരളി ഗോപിയുമുണ്ടായിരുന്നു. സിനിമയുടെ ഷൂട്ടിങ് പകുതിയായ ശേഷമാണ് ദിലീപിനെതിരെ ആരോപണം ഉയര്‍ന്നതെന്ന് മുരളി ഗോപി പറയുന്നു.

‘ഇത്തരമൊരു സാഹചര്യത്തിൽ സിനിമ വിട്ട് പോകാന്‍ സാധിക്കില്ല. മാത്രമല്ല ആരോപണം ഉയര്‍ന്നുവെന്ന കാരണത്താല്‍ ആ വ്യക്തിയുമായി സഹകരിക്കരുത് എന്നില്ല. വ്യക്തിപരമായി ഞാന്‍ ഒരാളെയും ജഡ്ജ് ചെയ്യില്ല. ദിലീപാണ് സംഭവം ചെയ്തതെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. ഇതൊരു പൊളിറ്റിക്കല്‍ കറക്ട്‌നെസിന്റെ വിഷയമല്ല. ലോജിക് ആണ് ചോദിക്കുന്നത്.”നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി വിധി വരട്ടെ. ആ വേളയില്‍ വിഷയത്തില്‍ വ്യക്തമായി ഉത്തരം നല്‍കാന്‍ സാധിക്കും. ദിലീപിനെതിരെ മോബ് വെര്‍ഡിക്ടാണ് അന്ന് നടന്നത്. ദിലീപിനെതിരെ അന്ന് കൂവിയവര്‍ക്കൊപ്പം നില്‍ക്കാന്‍ സാധിക്കില്ലല്ലോ. ആരോപണം ഉയരുക മാത്രമാണ് ചെയ്തത്. ഇരയായ നടിക്കെതിരെ ഞാനൊന്നും പറഞ്ഞിട്ടില്ല. എന്റെ വാക്കുകളില്‍ എപ്പോഴെങ്കിലും അങ്ങനെ വന്നോ. ഞാന്‍ അവരെ ബഹുമാനിക്കുന്നു.’

‘അവരുടെ ആവശ്യത്തിനൊപ്പമാണ്. അതേസമയം ആരോപണ വിധേയനൊപ്പം ജോലി ചെയ്യുന്നത് മറ്റൊരു വിഷയമാണെന്നും’, മുരളി ഗോപി പറഞ്ഞു. താരത്തിന്റെ വാക്കുകൾ ശ്രദ്ധിക്കപ്പെട്ടതോടെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ പ്രതികരിക്കുന്നുണ്ട്. അതേസമയം ദിലീപിന്റെ ഏറ്റവും പുതിയ സിനിമ വോയ്സ് ഓഫ് സത്യനാഥൻ തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടി പ്രദർശനം തുടരുന്നു.

AJILI ANNAJOHN :