അര്‍ധരാത്രി മുതല്‍ തിയറ്ററിനു മുന്നില്‍ നീണ്ട ക്യൂ; നൻപകലിന്റെ ഐഎഫ്എഫ്കെയിലെ അവസാന ഷോയ്ക്കും വൻതിരക്ക്

രാജ്യാന്തര ചലച്ചിത്രമേളയിൽ ഏറ്റവും ആഘോഷിക്കപ്പെട്ട ചിത്രമാണ് മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’.

ലിജോജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ സിനിമയുടെ ലോകത്തിലെ തന്നെ ആദ്യ പ്രദർശനം നടന്നത് ഐഎഫ്എഫ്കെ വേദിയിലായിരുന്നു.

12 ന് ടാഗോര്‍ തിയറ്ററില്‍ വച്ച് നടന്ന ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ ഡെലിഗേറ്റുകളുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. റിസര്‍വേഷന്‍ നടത്തി, മണിക്കൂറുകള്‍ ക്യൂവില്‍ നിന്നവര്‍ക്ക് ചിത്രം കാണാനായില്ലെന്നായിരുന്നു പരാതി. ഡെലിഗേറ്റുകള്‍ക്കു വേണ്ടിയുള്ള ചിത്രത്തിന്‍റെ മൂന്നാമത്തേതും അവസാനത്തേതുമായ പ്രദര്‍ശനം ഇന്ന് രാവിലെ ആരംഭിച്ചു. മുന്‍ അനുഭവങ്ങളുടെ സ്വാധീനത്തില്‍ അര്‍ധരാത്രി മുതല്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിനു മുന്നില്‍ ക്യൂ നിന്നവരുണ്ട്.

12ന് ടാഗോര്‍ തിയേറ്ററിൽ വെച്ച് നടന്ന ആദ്യ പ്രദർശനം വാർത്തകളിൽ ഇടം നേടിയിരുന്നു. ഷോയുടെ റിസർവേഷൻ തുടങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ സീറ്റുകൾ തീർന്നു. വൈകുന്നേരം 3.30യ്ക്ക് പ്രീമിയർ ചെയ്യുന്ന സിനിമ കാണുവാനായി ആളുകൾ രാവിലെ എട്ട് മണി മുതൽ തിയേറ്ററിന് മുന്നിൽ കാത്തുനിൽപ്പ് തുടങ്ങി. പിന്നീട് വേദിയിൽ ക്യൂവില്‍ നിന്നവര്‍ക്ക് ചിത്രം കാണാനായില്ലെന്ന ആരോപണവുമായി നിരവധി ഡെലിഗേറ്റുകൾ പ്രതിഷേധവും നടത്തി. ഇന്നലെ ഏരീസ് പ്ലെക്സ് ഓഡി 1 ല്‍ നടന്ന പ്രദർശനത്തിനും വലിയ ജനതിരക്ക് ഉണ്ടായിരുന്നു.

ഐഎഫ്എഫ്കെയിൽ വന്ന ആഗ്രഹിച്ചവർക്കൊക്കെ നൻപകൽ കാണാനുള്ള സജീകരണം ഉണ്ടാക്കണമെന്നും, ഷോകളുടെ എണ്ണം കൂട്ടണമെന്നും കഴിഞ്ഞ ദിവസം വേദിയിലെത്തിയ ലിജോ ജോസിനോട് ചിലർ അഭ്യർഥിച്ചിരുന്നു. സിനിമ ഐഎഫ്എഫ്കെയിൽ കാണാൻ കഴിയാത്തവർക്കായി തിയേറ്റർ റിലീസിനായി എത്തിരക്കണമെന്നും അഭ്യർഥിച്ചു. മമ്മൂട്ടിയുമായി ഇക്കാര്യങ്ങൾ സംസാരിക്കാമെന്നായിരുന്നു സംവിധായാകന്റെ മറുപടി.

Noora T Noora T :