‘മഹാവീര്യർ’ ഒടിടിയിലേക്ക്!

‘മഹാവീര്യർ’ ഒടിടിയിലേക്ക്. ഫെബ്രുവരി 10 മുതൽ ചിത്രം സൺ നെക്‌സ്റ്റിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും.

ആസിഫ് അലി, നിവിൻ പോളി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം 2022 ജൂലൈയിലാണ് റിലീസിനെത്തിയത്. എബ്രിഡ് ഷൈൻ ആണ് ചിത്രം സംവിധാനം ചെയ്തത്

ദേശമോ കാലമോ കാലഘട്ടമോ ഒന്നും ചിത്രത്തിൽ പ്രസക്തമല്ല. ഒരു സുപ്രഭാതത്തിൽ, ഒരു നാട്ടിൽ, ആൽത്തറയുടെ കീഴിൽ ഒരു ദിവ്യൻ പ്രത്യക്ഷപ്പെടുന്നു. അപൂർണാനന്ദ സ്വാമിയെന്ന് സ്വയം പരിചയപ്പെടുത്തുന്ന അയാൾ നാട്ടുകാരെയെല്ലാം ആദ്യകാഴ്ചയിൽ അത്ഭുതപ്പെടുത്തുന്നു. എന്നാൽ, അധികം വൈകാതെ ഒരു കളവുമായി ബന്ധപ്പെട്ട് ദിവ്യനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഒടുവിൽ ആ കേസ് കോടതി മുറിയിൽ വിചാരണയ്ക്ക് എത്തുകയും ചെയ്യുന്നു.

ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളുമെല്ലാം മുഖ്യ പ്രമേയമായി വരുന്ന ചിത്രം വളരെ വ്യത്യസ്തമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. സ്വാഭാവികമായ നർമ്മ മുഹൂർത്തങ്ങളും ആക്ഷേപഹാസ്യവുമൊക്കെ ഇടകലർത്തിയാണ് ‘മഹാവീര്യരു’ടെ കഥ പുരോഗമിക്കുന്നത്. പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദന്റെ ഒരു ചെറുകഥയിൽ നിന്നും ഭാവനയുടെ വലിയൊരു ലോകം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തു കൂടിയായ എബ്രിഡ് ഷൈൻ. രാജഭരണം നാടുനീങ്ങിയിട്ടും പലപ്പോഴും അധികാരവർഗ്ഗത്തെ പ്രീതിപ്പെടുത്താൻ രാജഭക്തി കാണിക്കുന്ന നിയമ വ്യവസ്ഥയെ പരോക്ഷമായി വിമർശിക്കുന്നുണ്ട് ചിത്രം. അത്തരം ചില നിരീക്ഷണങ്ങളും സമീപനങ്ങളുമാണ് ചിത്രത്തെ ഒരു സറ്റയറാക്കി മാറ്റുന്നത്.

Noora T Noora T :