‘പത്താന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടവര്‍ക്ക് 30 കോടിയ്ക്ക് പോലും മോദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കാനായില്ല. അവര്‍ കുരയ്ക്കുക മാത്രമേയുള്ളൂ, കടിക്കില്ല’; പ്രകാശ് രാജ്

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് പുറത്തെത്തിയ ഷാരൂഖ് ഖാന്‍ ചിത്രമാണ് പത്താന്‍. എന്നാല്‍ ആദ്യഗാനം റിലീസ് ചെയ്തതിന് ശേഷം നിരവധി ബഹിഷ്‌കരണാഹ്വാനങ്ങളും വിവാദങ്ങളും വന്നിരുന്നു. എന്നാല്‍ ഇതിലൊന്നും വീഴാതെ പത്താന്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്. ഈ അവസരത്തില്‍ പത്താനെതിരെ വന്ന ബഹിഷ്‌കരണാഹ്വാനങ്ങളെ കുറിച്ച് പറയുകയാണ് പ്രകാശ് രാജ്.

പത്താന്‍ ചിത്രത്തെ വിമര്‍ശിക്കുന്നവര്‍ കുരയ്ക്കുകയെ ഉള്ളൂവെന്നും കടിക്കില്ലെന്നാണ് പ്രകാശ് രാജ് പറഞ്ഞത്. ‘ക’ ഫെസ്റ്റില്‍ പങ്കെടുത്തപ്പോഴായിരുന്നു നടന്റെ പ്രതികരണം. ‘അവര്‍ക്ക് പത്താന്‍ ബിഹിഷ്‌കരിക്കണമായിരുന്നു. 700 കോടി കളക്ഷന്‍ നേടിയ ചിത്രമാണ് പത്താന്‍.

പത്താന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടവര്‍ക്ക് 30 കോടിയ്ക്ക് പോലും മോദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കാനായില്ല. അവര്‍ കുരയ്ക്കുക മാത്രമേയുള്ളൂ, കടിക്കില്ല’, എന്നാണ് പ്രകാശ് രാജ് പറഞ്ഞത്. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മോശമായ ചിത്രമാണ് കശ്മീരി ഫയല്‍സ് എന്നും പ്രകാശ് രാജ് പറഞ്ഞു.

പത്താന്‍ റിലീസ് ആയതിന് പിന്നാലെയും പ്രകാശ് രാജ് അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ബഹിഷ്‌കരണ ഭ്രാന്തന്മാരേ ശ്…എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. ചിത്രത്തിന്റെ വിജയത്തിന് ആശംസകളെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. 2022 ഡിസംബറില്‍ ആണ് പത്താനിലെ ബേഷാറം രംഗ് എന്ന ഗാനം റിലീസ് ചെയ്തത്.

ഗാനരംഗത്ത് ദീപിക പദുക്കോണ്‍ കാവി ബിക്കിനി ധരിച്ചിരുന്നു. ഇത് ഒരു വിഭാഗത്തെ ചൊടിപ്പിക്കുകയും പഠാന്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇവയൊന്നും തന്നെ ചിത്രത്തെ ബാധിച്ചില്ല എന്നാണ് റിലീസിന് പിന്നാലെ പുറത്തുവരുന്ന കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിനോടകം 800 കോടിയിലേറെ കളക്ഷന്‍ ചിത്രം നേടി കഴിഞ്ഞു.

Vijayasree Vijayasree :