ഫാറ്റി ലിവർ ആയിരുന്നു ആദ്യം, പിന്നീട് അത് ഹൃദയാഘാതത്തിന് കാരണമായി, ഏകദേശം മൂന്ന് മാസത്തോളം ആശുപത്രിയിൽ; 31ാം വയസിൽ തനിക്ക് സംഭവിച്ചതിനെ കുറിച്ച് നടൻ മൊഹ്സിൻ ഖാൻ

ബോളിവുഡ് ടെലിവിഷൻ പ്രേക്ഷകർക്കേറെ സുപരിചിതനായ താരമാണ് മൊഹ്സിൻ ഖാൻ. അടുത്തിടെ ഒരു മാദ്യമത്തിന് നൽകിയൊരു അഭിമുഖത്തിൽ തന്റെ ആരോ​ഗ്യ കാര്യങ്ങളെ കുറിച്ച് മൊഹ്സിൻ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. ഉറക്കമില്ലായ്മയും ഭക്ഷണക്കുറവും ആണ് തന്റെ ആരോഗ്യത്തെ മോശമാക്കിയതെന്നാണ് നടൻ പറയുന്നത്.

ഫാറ്റി ലിവർ ആയിരുന്നു തുടക്കം. പിന്നീട് അത് ഹൃദയാഘാതത്തിന് കാരണമായി. അങ്ങനെ അഭിനയത്തിൽ പത്ത് വർഷം പൂർത്തിയാക്കുന്ന വേളയിൽ രണ്ടര വർഷത്തോളം ഇടവേളയെടുക്കേണ്ടി വന്നുവെന്നുമാണ് താരം പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു;

അഭിനയത്തിൽ പത്ത് വർഷം പൂർത്തിയാക്കുകയാണ് ഞാൻ. ഒരു ഏഴര വർഷം തുടർച്ചയായി ജോലി ചെയ്തു. 1800 എപ്പിസോഡുകളുള്ള ഒരു ടെലിവിഷൻ ഷോ ചെയ്തു. ഇതിനു ശേഷം ഒരു ചെറിയ ഇടവേള എടുക്കണമെന്ന് എനിക്ക് തോന്നി. ഒന്നര വർഷത്തെ ഇടവേള, ഞാൻ അത്രമാത്രമാണ് മനസിൽ വിചാരിച്ചത്.

എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ ആ അസുഖം എന്റെ കണക്കുകൂട്ടലുകളെ അപ്പാടെ തെറ്റിച്ചു. ആദ്യം ഫാറ്റി ലിവർ ആയിരുന്നു വന്നത്. അത് ഹൃദയാഘാതത്തിന് കാരണമായി. തുടർന്ന് നീണ്ട നാൾ ചികിത്സയിലായിരുന്നു ഞാൻ. ഏകദേശം മൂന്ന് മാസത്തോളം ആശുപത്രിയും ചികിത്സിയുമായി പോയി.

മാത്രമല്ല, കുറച്ചധികം നാൾ ആശുപത്രിയിൽ തന്നെ കിടക്കേണ്ടി വന്നിരുന്നു. ഇത് എന്റെ പ്രതിരോധശേഷിയെ സാരമായി ബാധിച്ചു. പക്ഷേ ഇപ്പോൾ ഞാൻ ആരോ​ഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവറായിരുന്നു എനിക്ക്. സ്ഥിരമായി ഉറക്കമൊഴിയുക, ശരിയായി ഭക്ഷണം കഴിക്കാതിരിക്കുമ്പോഴൊക്കെയാണ് ഇതു ഉണ്ടാകുന്നത്.

ഇത്തരം കാര്യങ്ങളിൽ നമ്മൾ എപ്പോഴും ബോധവാന്മാരായിരിക്കണം. എല്ലാവരും ആരോ​ഗ്യം ശ്രദ്ധിക്കണം. നന്നായി ഉറങ്ങുകയും സമയത്തിന് നല്ല ഭക്ഷണങ്ങൾ കഴിക്കുകയും വേണം എന്നാണ് മൊഹ്സിൻ കാൻ പറയുന്നത്. നടന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഈ കാരണത്താലും ഫാറ്റി ലിവർ ഉണ്ടാകുമെന്ന് ഇപ്പോഴാണ് അറിഞ്ഞതെന്നും ചിലർ പറഞ്ഞു.

Vijayasree Vijayasree :