ഞാൻ അറിയാതെ പത്മരാജനെപ്പോലെ നടക്കാനും സംസാരിക്കാനും തുടങ്ങിയിരുന്നു;മോഹൻലാൽ!!!

മലയാളത്തിന്റെ എക്കാലത്തെയും മികച്ച സംവിധായകനും എഴുത്തുകാരനുമാണ് പത്മരാജൻ. തിരക്കഥാകൃത്ത്‌, നോവലിസ്റ്റ്‌, സംവിധായൻ തുടങ്ങി നിരവധി മേഖലകളിൽ കയ്യൊപ്പ്‌ പതിപ്പിച്ച പത്മരാജൻ ചലച്ചിത്ര പ്രേമികളുടെ മനസ്സിൽ മായാത്ത ഒരോർമ്മയാണ്‌. താഴ്‌വാരം, നക്ഷത്രങ്ങളേ കാവൽ, വാടകയ്ക്കൊരു ഹൃദയം, ഉദകപ്പോള, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജകുമാരിയും തുടങ്ങി ഒരു പിടി നല്ല നോവലുകൾ പത്മരാജൻ മലയാളികൾക്ക്‌ സമ്മാനിച്ചിട്ടുണ്ട്‌. പത്മരാജൻ ഒരു വൈറസ് ആയിരുന്നെന്നെന്നാണ് മോഹൻലാൽ അഭിപ്രായപ്പെട്ടത്. അദ്ദേഹത്തിന്റെ പത്മരാജൻ ഒരു വൈറസ് എന്ന ലേഖനത്തിൽ മോഹൻലാലും പത്മരാജനും തമ്മിലുള്ള ഊഷ്മള ബന്ധത്തെക്കുറിച്ച് പറയുന്നു.

“എന്നെ ഹൃദയത്തിൽ ചേർത്ത് നിർത്തിയ ഒരാളായിരുന്നു പപ്പേട്ടൻ. പ്രണയിച്ചു പ്രണയിച്ചാണ് ഞങ്ങൾ ജീവിച്ചത്. പരസ്പരം അലിയുകയായിരുന്നു. എനിക്ക് താടി നീട്ടുന്നത് വലിയ ഇഷ്ടമായിരുന്നു. പപ്പേട്ടനെപ്പോലെ താടിയുണ്ടാകുന്നത് ഭംഗിയായി ഞാൻ കരുതി. എനിക്ക് ആയുർവേദ ചികിത്സ നടക്കുന്ന കാലത്ത് പപ്പേട്ടൻ കാണാൻ വന്നു. എന്റെ താടി കണ്ടതും പപ്പേട്ടന് സന്തോഷമായി. ‘എടാ ഇതിങ്ങനെ വച്ചാൽ പോരാ. നന്നാക്കണം.’ പപ്പേട്ടൻ തന്നെയൊരു കത്രികയെടുത്ത് എന്റെ താടി വെട്ടി ശരിപ്പെടുത്തി. കണ്ണാടി നോക്കിയപ്പോൾ എന്നെക്കാണാൻ ഭംഗിയുണ്ടെന്നു തോന്നി. ‘സിനിമ മടുത്തു തുടങ്ങി പപ്പേട്ടാ. ഞാൻ ഇന്ത്യ കാണാനുള്ളൊരു യാത്ര തുടങ്ങുകയാണ്.’ ഇത് കേട്ടതും പപ്പേട്ടൻ ചാടി എഴുന്നേറ്റു. ‘എടാ ഞാനുമുണ്ട്. നമ്മൾ ഇരുവരുമായി യാത്ര ചെയ്യണം. ഇന്ത്യ മുഴുവൻ കാണണം. ഹിമാലയത്തിൽ അലയണം.’ പക്ഷെ ഞങ്ങളുടെ യാത്ര നടന്നില്ല.”

“ശരിക്കും ഞങ്ങൾ പരസ്പരം അലിയുകയായിരുന്നു. ഓരോ സെറ്റിലും കുറച്ചു ദിവസം കഴിയുമ്പോഴേക്കും ഞാൻ അറിയാതെ പത്മരാജനെപ്പോലെ നടക്കാനും സംസാരിക്കാനും തുടങ്ങിയിരുന്നുവത്രെ. അത്രയേറെ എന്റെ രക്തത്തിൽ പപ്പേട്ടനുണ്ടായിരുന്നു.”

– മോഹൻലാൽ എഴുതിയ ‘പത്മരാജൻ ഒരു വൈറസ് ആണ്’ എന്ന ലേഖനത്തിൽ നിന്ന്.

mohanlal’s article padmarajan virous

HariPriya PB :